എഐഎസ്എഫ് പ്രിന്‍സിപ്പലിനെ ബന്ദിയാക്കി: പുറത്താക്കിയ എസ്എഫ്‌ഐ സെക്രട്ടറിയേയും അംഗങ്ങളേയും ജിഷ്ണുവിന്റെ കോളേജില്‍ തിരിച്ചെടുത്തു

ജിഷ്ണുവിന്റെ മരണത്തിനു ശേഷം പാമ്പാടി നെഹ്രു കോളേജില്‍ യൂണിറ്റ് രൂപീകരിച്ചതിന് പുറത്താക്കിയ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ എഐഎസ്എഫ് സമരം ചെയ്ത് തിരിച്ചെടുപ്പിച്ചു. റോഡ് ഉപരോധിച്ച് സമരം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ശേഷമായിരുന്നു എഐഎസ്എഫ് സമരം.

എഐഎസ്എഫ്  പ്രിന്‍സിപ്പലിനെ ബന്ദിയാക്കി: പുറത്താക്കിയ എസ്എഫ്‌ഐ സെക്രട്ടറിയേയും അംഗങ്ങളേയും ജിഷ്ണുവിന്റെ കോളേജില്‍ തിരിച്ചെടുത്തു

ജിഷ്ണുവിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് യൂണിറ്റ് കമ്മറ്റി രൂപികരിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തനം നടത്തിയതിന് കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ എഐഎസ്എഫ് സമരം ചെയ്ത് തിരിച്ചെടുപ്പിച്ചു. പാമ്പാടി നെഹ്രു കോളേജിലാണ് സംഭവം. ലോ അക്കാദമി സമരത്തിലേയ്ക്ക് വാര്‍ത്താ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് കോളേജ് മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ ആരംഭിച്ചത്.

എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അതുല്‍ ജോസ്, ജോയിന്റ് സെക്രട്ടറി നിഖില്‍ ആന്റണി, സുജേഷ് കെ.എസ്, മുഹമ്മദ് ആഷിഖ് എന്നിവരെയാണ് അനിശ്ചിത കാലത്തേക്കു മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കു നേതൃത്വം കൊടുത്തതിനും മാദ്ധ്യമങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കിയതിനുമാണ് സസ്പെൻഷൻ എന്നാണു വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്.


[caption id="attachment_79871" align="alignnone" width="720"] എഐവൈഎഫ്- എഐഎസ്എഫ് സമരക്കാര്‍ക്ക് ലഭിച്ച രേഖ[/caption]

കഴിഞ്ഞ നാലു ദിവസങ്ങളിലായി കോളേജില്‍ പിടിഎ മീറ്റിങ് നടന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ വിളിച്ചു രക്ഷിതാക്കളോടു കോളേജില്‍ എത്താന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമാണ് പിടിഎ മീറ്റിങ്ങിനായി രക്ഷിതാക്കളെ കോളേജില്‍ പ്രവേശിപ്പിച്ചത്.

[caption id="attachment_79886" align="aligncenter" width="725"] സമരം ചെയ്ത എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യുന്ന പൊലീസ്[/caption]

പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയ നാലു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ മാനേജ്മെന്റ് പിടിഎ മീറ്റിങ്ങിന് ക്ഷണിച്ചില്ല. ക്ഷണിച്ചില്ലെങ്കിലും പിടിഎ മീറ്റിങ്ങില്‍ സംസാരിക്കണമെന്ന് ആഗ്രഹിച്ചു കോളേജിലെത്തിയ നിഖിലിനെയും പിതാവിനെയും കാവാടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. ലിസ്റ്റില്‍ നിന്നു നാലു വിദ്യാര്‍ത്ഥികളുടെ പേര് വെട്ടിയിട്ടുണ്ടെന്നും അകത്തു കയറാന്‍ പറ്റില്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. അതുല്‍ നാരദാ ന്യൂസിനു വാര്‍ത്ത നല്‍കിയെന്നും ഇനിയും കോളേജിനെതിരെ നിന്നാല്‍ കേസ് കൊടുക്കുമെന്നും കൃഷ്ണദാസ് രക്ഷിതാക്കളോടു പറഞ്ഞു.

യൂണിറ്റ് സെക്രട്ടറിയെ അടക്കം പുറത്താക്കിയതിലുള്ള പ്രതിഷേധം ഇന്ന് കോളേജ് വിട്ട് റോഡ് ഉപരോധമായി മാറി. ഒറ്റപ്പാലം- തിരുവില്വാമല റോഡ് എസ്എഫ്‌ഐ ഉപരോധിച്ചു. പ്രവര്‍ത്തകരെ തിരിച്ചെടുക്കാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നായിരുന്നു നിലപാട്.

ഗതാഗത തടസത്തെ തുടര്‍ന്ന് ഡിവൈഎസ്‌പി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. സമരക്കാര്‍ പിരിഞ്ഞു പോകാത്ത സാഹചര്യത്തില്‍ ഉച്ചയോടെ അറസ്റ്റ് ചെയ്തു നീക്കി.

[caption id="attachment_79874" align="alignnone" width="1280"] പ്രിന്‍സിപ്പലിനെ ബന്ദിയാക്കി എഐഎസ്എഫ്[/caption]

എസ്എഫ്ഐയുടെ സമരത്തിനു തൃശൂര്‍ ജില്ലാ സെക്രട്ടറി റോഹന്‍ രാജ്, ചേലക്കര ഏരിയ സെക്രട്ടറി ശരത്, പ്രസിഡന്റ് ആഷിക്, വൈസ് പ്രസിഡന്റ് സജിദേവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്എഫ്ഐ സമരം പൊലീസ് അറസ്റ്റില്‍ അവസാനിച്ച സമയത്ത് തികച്ചും അപ്രതീക്ഷിതമായാണ് എഐവൈഎഫ്, എഐഎസ്എഫ് എന്നിവയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പള്‍ ഡോ. ബി ശ്രീധരന്റെ ചേംബറിലേയ്ക്ക് ഇരച്ചു കയറി ബന്ദിയാക്കിയത്. എസ്എഫ്ഐ പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെത്തുമെന്ന പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ തടയാനും സാധിച്ചില്ല.

എഐവൈഎഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി ടി. പ്രദീപിന്റെ നേതൃത്വത്തില്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്യാം ലാല്‍ പുതുക്കോട്, ജില്ലാ സെക്രട്ടറി ബി.ജി വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

സമരം ശക്തമായതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നായി പ്രിന്‍സിപ്പള്‍. രോഖാമൂലം എഴുതി നല്‍കണം എന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. രാഷ്ട്രീയം നോക്കിയല്ല സമരം നടത്തിയതെന്നും വിദ്യാര്‍ത്ഥികളുടെ വിഷയം എന്ന നിലയിലാണ് ഇടപെട്ടതെന്നും പ്രദീപ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിഷയം എല്ലാവരുടേയും വിഷയമാണ്. സംഘടനാ സ്വാതന്ത്ര്യത്തിനായുള്ള സമരമാണിത് - ശ്യാംലാല്‍ പറഞ്ഞു. മറ്റൊരു സംഘടനയ്ക്ക് കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തണോ എന്ന കാര്യത്തില്‍ എസ്എഫ്ഐ തീരുമാനം എടുത്തിട്ടില്ല.

Read More >>