പളനിസ്വാമിയോ പനീർ സെൽവമോ? തീരുമാനിക്കുന്നത് ബിജെപി; മാജിക് നമ്പർ എട്ട്...

ഒരു ദിവസം മാത്രം യുപി മുഖ്യമന്ത്രിയായിരുന്ന ജഗദാംബികാ പാലും മുൻ കേന്ദ്രമന്ത്രിയും എൻടി രാമറാവുവിന്റെ മകളുമായ ഡി പുരന്ദേശ്വരിയുമടക്കം പലരും എംഎൽഎ, എംപി സ്ഥാനങ്ങൾ രാജിവെച്ച് ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഈ സമകാലിക രാഷ്ട്രീയ സാഹചര്യമാണ് ബിജെപിയുടെ തന്ത്രങ്ങളെ പ്രവചനാതീതമാക്കുന്നത്. കേന്ദ്രഭരണവും കോർപറേറ്റുകളുടെ പിന്തുണയും ഉപയോഗിച്ച് കൂറുമാറുന്നവരുടെ രാഷ്ട്രീയഭാവി ഭദ്രമാക്കാൻ ബിജെപിയ്ക്കു കഴിയും.

പളനിസ്വാമിയോ പനീർ സെൽവമോ? തീരുമാനിക്കുന്നത് ബിജെപി; മാജിക് നമ്പർ എട്ട്...

കൂറുമാറ്റ നിയമവും സുപ്രിംകോടതിവിധികളും നൽകുന്ന ആത്മവിശ്വാസം കെ പളനിസ്വാമിയ്ക്ക്.  അത്ഭുതങ്ങൾ പ്രതീക്ഷിച്ച് പനീർസെൽവം വിഭാഗം. എട്ടുപേർ വിപ്പ് ലംഘിച്ചാൽ എഐഎഡിഎംകെ സർക്കാർ വീഴും.  അയോഗ്യതയുടെ കുരുക്കഴിച്ച് അവർക്കൊരു രാഷ്ട്രീയ ഭാവി വാഗ്ദാനം ചെയ്യാൻ ബിജെപിയുടെ ഉപശാലകൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ വിശ്വാസപ്രമേയം പരാജയപ്പെടും. ഇല്ലെങ്കിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കിടന്ന് ശശികല തമിഴ്നാട്  ഭരിക്കും.

കൂറുമാറ്റ നിരോധന നിയമവും സുപ്രിംകോടതി വിധികളും ശശികല വിഭാഗത്തിനൊപ്പമാണ്. പാർടിയിൽ നിന്നു പുറത്താക്കപ്പെട്ട പനീർസെൽവത്തിനടക്കം വിപ്പ് അനുസരിക്കേണ്ടി വരും. ലംഘിച്ചാലും വിട്ടുനിന്നാലും അയോഗ്യതയാക്കാം. പനീർ സെൽവം വിപ്പ് അനുസരിച്ച് വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യുകയും വേറെ എട്ടുപേർ അയോഗ്യതയെ ഭയക്കാതെ കൂറുമാറുകയും വേണം. സർക്കാർ അട്ടിമറിക്കപ്പെടണമെങ്കിൽ വിചിത്രമായതു പലതും സംഭവിക്കണം.


ബിജെപിയുടെ തുറുപ്പു ചീട്ട് വോട്ടെടുപ്പു വേളയിലേ കളത്തിലിറങ്ങൂ. പനീർ സെൽവം സ്പീക്കറെ കണ്ട് രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്പീക്കർ മനസു തുറന്നിട്ടില്ല. വോട്ടെടുപ്പിന്റെ രീതി സ്പീക്കർക്കു തീരുമാനിക്കാം. എഐഎഡിഎംകെയിലെ പുതിയ സംഭവവികാസത്തിൽ  അദ്ദേഹം ആർക്കൊപ്പമെന്ന് ഇതുവരെ സൂചനകളില്ല.

കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുന്നതിൽ സ്പീക്കറുടെ നിലപാടും നിർണായകമാണ്. കൂറുമാറ്റത്തെക്കുറിച്ചുളള ആക്ഷേപം സ്വീകരിക്കേണ്ടതും സ്പീക്കറാണ്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിൽ നിന്ന് ബിജെപിയിലേയ്ക്കൊഴുകിയ എംഎൽഎമാരും എംപിമാരുമുണ്ട്. ഒരു ദിവസം മാത്രം യുപി മുഖ്യമന്ത്രിയായിരുന്ന ജഗദാംബികാ പാലും മുൻ കേന്ദ്രമന്ത്രിയും എൻടി രാമറാവുവിന്റെ മകളുമായ ഡി പുരന്ദേശ്വരിയുമടക്കം പലരും എംഎൽഎ, എംപി സ്ഥാനങ്ങൾ രാജിവെച്ച് ബിജെപിയിൽ ചേർന്നിട്ടുണ്ട്.

ഈ സമകാലിക രാഷ്ട്രീയ സാഹചര്യമാണ് ബിജെപിയുടെ തന്ത്രങ്ങളെ പ്രവചനാതീതമാക്കുന്നത്. കേന്ദ്രഭരണവും കോർപറേറ്റുകളുടെ പിന്തുണയും ഉപയോഗിച്ച് കൂറുമാറുന്നവരുടെ  രാഷ്ട്രീയഭാവി ഭദ്രമാക്കാൻ ബിജെപിയ്ക്കു കഴിയും. അത്തരമൊരു വാഗ്ദാനം മുന്നോട്ടു വെയ്ക്കാനും മന്നാർഗുഡി മാഫിയയെ അതിജീവിക്കാനുളള ആത്മവിശ്വാസം എംഎൽഎമാർക്കു നൽകാനും ബിജെപിയ്ക്കു മാത്രമേ കഴിയൂ.അതിനിടെ ആശയക്കുഴപ്പത്തിന് അറുതി വരുത്തി വിശ്വാസ പ്രമേയത്തിന് എതിരെ വോട്ടു ചെയ്യാൻ കോൺഗ്രസ് എംഎൽഎമാർക്ക് എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. പ്രമേയത്തെ അനുകൂലിക്കണമെന്ന തമിഴ്നാട് പിസിസി പ്രസിഡന്റ് തിരുനാവുക്കരശിന്റെ നിലപാട് പാർടി എംഎൽഎമാരുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഈ ആശയക്കുഴപ്പത്തിനാണ് രാഹുൽ ഗാന്ധി അറുതി വരുത്തിയത്.