സീറ്റ് ഒഴിവില്ല; 7 പേരെ 'നിര്‍ത്തി' യാത്ര അനുവദിച്ച പാകിസ്ഥാന്‍ എയര്‍ലൈന്‍സ്‌ നടപടിയില്‍ അന്വേഷണം

2017 ജനുവരി 20ന് കറാച്ചിയില്‍ നിന്നും സൗദിയിലെ മദീനയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ അനുവദിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്.

സീറ്റ് ഒഴിവില്ല; 7 പേരെ

കറാച്ചിയില്‍ നിന്നും സൗദിയിലേക്ക് പറന്ന വിമാനത്തില്‍ 7 യാത്രക്കാര്‍ നിന്നുക്കൊണ്ടു സഞ്ചരിക്കാന്‍ ഇടയായ സംഭവത്തെക്കുറിച്ചു അധികൃതര്‍ അന്വേഷിക്കുമെന്ന് പാകിസ്ഥാന്‍.

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ വിമാനത്തിലാണ് വിവാദമായ സംഭവം ഉണ്ടായത്. ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ 409 സീറ്റുകളാണ് ഈ ബോയിംഗ് 777 വിമാനത്തില്‍ ഉള്ളത്. പക്ഷെ ജനുവരി 20 താം തീയതി കറാച്ചിയില്‍ നിന്നും സൗദിയിലെ മദീനയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 416 പേര്‍ യാത്ര ചെയ്തതാണ് എയര്‍ലൈന്‍സ് അധികൃതരെ പോലും അമ്പരിപ്പിക്കുന്നത്.


സീറ്റ് ഒന്നും ഒഴിവില്ലാതെയിരുന്നപ്പോള്‍ പോലും വീണ്ടും പുതിയ യാത്രക്കാരെ ബോര്‍ഡ് ചെയ്യാന്‍ അനുവദിച്ചു. പ്രിന്‍റ് ചെയ്ത ബോര്‍ഡിംഗ് പാസ്സിന് പകരം എഴുതി നല്‍കിയ പാസുമായിട്ടാണ് ഇവര്‍ യാത്ര ചെയ്തത് എന്നുള്ളതിനെ നിസാരമായി കാണാന്‍ കഴിയില്ല എന്നും അധികൃതര്‍ അറിയിക്കുന്നു.

യാത്രക്കാരുടെ വിവരങ്ങള്‍ സംബന്ധിച്ചു വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് നല്‍കുന്ന കമ്പ്യൂട്ടര്‍ പ്രിന്റിലും ഈ 7 യാത്രക്കാരുടെ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതെല്ലാം ദുരൂഹത ഉയര്‍ത്തുന്ന കാര്യങ്ങളാണ് എന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

7 യാത്രക്കാരെ ഇത്തരത്തില്‍ അധികമായി ഉള്‍ക്കൊള്ളിക്കുക വഴി മറ്റു യാത്രക്കാരുടെ സുരക്ഷിതത്വം കൂടിയാണ് ചോദ്യം ചെയ്യപെട്ടത്‌. ഒരു അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആവശ്യത്തിനുള്ള ജീവന്‍സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ക്ക് പോലും ഭീഷണിയുണ്ടാകുമായിരുന്നു.
അനുവദനീയമായതിലും അധികം ആളുകളെ വഹിച്ചു യാത്ര ചെയ്യേണ്ട സാഹചര്യം എന്താണ് എന്ന് എയര്‍ലൈന്‍സ് അന്വേഷിച്ചില്ല എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവരങ്ങള്‍ പുറത്തറിഞ്ഞതോടെ പരസ്പരം പഴി ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് പൈലറ്റ് ഉള്‍പ്പടെയുള്ള ജീവനക്കാരും എയര്‍ലൈന്‍സ്‌ ഓഫീസും നടത്തിയത്.

ജീവനക്കാരികളിൽ ഒരാൾ ആളുകളുടെ എണ്ണം കൂടുതലാണെന്ന കാര്യം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാത്രക്കാര്‍ സഹകരിക്കണം എന്നായിരുന്നത്രേ പൈലറ്റിന്റെ നിലപാട്. എന്നാല്‍ ടേക്ക് ഓഫിനായി തയ്യാറെടുക്കുമ്പോള്‍ മാത്രമാണ് അവര്‍ കാര്യം അറിയിച്ചതെന്നും അതിനാല്‍ അവരെ ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ യാത്രാ സമയത്തെ അത് ബാധിക്കും എന്നുള്ളത് കൊണ്ടാണ് താന്‍ അങ്ങനെ ഒരു നിലപാട് എടുത്തതെന്ന് പൈലറ്റ് പറയുന്നു. മാത്രമല്ല ബോര്‍ഡിംഗ് പാസ്സ് നല്‍കുന്നത് തന്റെ ജോലിയല്ലെന്നും പൈലറ്റ് ആരോപിക്കുന്നു.

Read More >>