പാക്കിസ്താനു വേണ്ടി ചാരപ്രവൃത്തി നടത്തിവന്ന 11 പേര്‍ മധ്യപ്രദേശില്‍ പിടിയില്‍; പിടിയിലായവരില്‍ ബിജെപി നേതാവിന്റെ ബന്ധുവും

പാക്കിസ്താന്‍ ചാരസംഘടനയെ സഹായിക്കാനായി ഈ സംഘം ചൈനീസ് സാങ്കേതിക വിദ്യയും ഉപകരണങ്ങളും സിം ബോക്‌സുകളും ഉപയോഗിച്ച് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നടത്തിവരികയായിരുന്നെന്ന് എ.ടി.എസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

പാക്കിസ്താനു വേണ്ടി ചാരപ്രവൃത്തി നടത്തിവന്ന 11 പേര്‍ മധ്യപ്രദേശില്‍ പിടിയില്‍; പിടിയിലായവരില്‍ ബിജെപി നേതാവിന്റെ ബന്ധുവും

ബി.ജെ.പി കൗണ്‍സിലറിന്റെ ബന്ധുവടക്കം പാക്കിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ 11 പേര്‍ മധ്യപ്രദേശില്‍ പിടിയിലായി. പാക്കിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോള്‍ റാക്കറ്റിലൂടെ രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തുകയായിരുന്ന സംഘത്തെ മധ്യപ്രദേശ് എ.ടി.എസ് മേധാവി സഞ്ജീവ് ഷാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പാക്കിസ്താന്‍ ചാരസംഘടനയെ സഹായിക്കാനായി ഈ സംഘം ചൈനീസ് സാങ്കേതിക വിദ്യയും ഉപകരണങ്ങളും സിം ബോക്‌സുകളും ഉപയോഗിച്ച് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നടത്തിവരികയായിരുന്നെന്ന് എടിഎസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.


ഇന്ത്യന്‍ പീനല്‍ കോഡിലെ 122, 123 വകുപ്പ്, ദി ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം എന്നീ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു. രാജ്യത്തിനെതിരായി യുദ്ധം സംഘടിപ്പിക്കുന്നതിന് ആയുധങ്ങള്‍, വിവരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് 122, 123 എന്നിവ. അഞ്ച് പേരെ ഗ്വാളിയോറില്‍ നിന്നും മൂന്ന് പേരെ ഭോപ്പാലില്‍ നിന്നും രണ്ട് പേരെ ജബല്‍പ്പൂരില്‍ നിന്നും ഒരാളെ സത്‌നയില്‍ നിന്നുമാണ് അറസ്റ്റുചെയ്തതെന്ന് സഞ്ജീവ് ഷാമി പറഞ്ഞു. സത്‌നയില്‍ നിന്ന് അറസ്റ്റിലായ ബല്‍റാം എന്നയാളാണ് സംഭവത്തിന്റെ സൂത്രധാരനെന്ന് ഷാമി വ്യക്തമാക്കി. പാക്കിസ്താന്‍ ചാരസംഘടനയുമായി നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ബല്‍റാം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കാനായി നിരവധി ബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചുവന്നതെന്ന് അദ്ദേഹം പറഞ്ഞു.മധ്യപ്രദേശിലെ ഭോപ്പാല്‍ അടക്കമുള്ള നഗരങ്ങളില്‍ സംഘം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചുവരികയായിരുന്നുവെന്ന് എ.ടി.എസ് പറഞ്ഞു. ഐഎസ്ഐ ബല്‍റാമിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറുന്ന തുക ഇയാള്‍ കശ്മീരില്‍ വിഘടനവാദം നടത്തുന്നവരിലെത്തിക്കുകയായിരുന്നു. വ്യാജ ഐ.ഡിയിലെടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നടത്തുകയും അന്താരാഷ്ട്ര കോളുകളെ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ലോക്കല്‍ കോളുകളായി മാറ്റുകയുമായിരുന്നു. ഈ കോളുകള്‍ ഇന്റര്‍നെറ്റ് മുഖേന സിം ബോക്‌സുകളിലേയ്ക്ക് അയയ്ക്കുകയും അത് ക്രമേണ വിഒഐപി ട്രാഫിക് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് എത്തിക്കുകയും ചെയ്യും.

ഇത് ക്രമേണ ഐ.എസ്.ഐ ചാരന്‍മാര്‍ക്ക് സൈനികോദ്യോഗസ്ഥരായി ചമഞ്ഞ് ജമ്മു കശ്മീരിലെ സൈന്യത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഭാവി പദ്ധതിയെക്കുറിച്ചും അറിയാനുള്ള സൗകര്യമൊരുക്കുകയാണ് ചെയ്തത്. 11 പേരില്‍ നിന്നായി നൂറുകണക്കിന് സിം കാര്‍ഡുകളും ഫോണ്‍ എക്‌സ്‌ചേഞ്ചിലെ ഉപകരണങ്ങളും പിടികൂടി. ചില ടെലികോം കമ്പനി ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി എ.ടി.എസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
കസ്റ്റഡിയിലുള്ള ജിതേന്ദ്ര ഒരു ബിജെപി മുന്‍സിപ്പല്‍ കൗണ്‍ലിലറുടെ അടുത്ത ബന്ധുവാണ്. ഐഎസ്ഐയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിവന്നിരുന്ന സത്വീന്ദര്‍, ഡാഡു എന്നിവരെ കഴിഞ്ഞ നവംബറില്‍ ജമ്മു കശ്മീരിലെ ആര്‍.എസ് പുരയില്‍ നിന്ന് അറസ്റ്റുചെയ്തിരുന്നു.