പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്; അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറി

എ എന്‍ ഷംസീര്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും എം സ്വരാജ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ഇവരുൾപ്പെടെ കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് എട്ടു പേര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്; അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറി

ഡിവൈഎഫ്‌ഐയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള പി എ മുഹമ്മദ് റിയാസാണ് പുതിയ ദേശീയ അധ്യക്ഷന്‍. നിലവിലെ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി തദ്സ്ഥാനത്ത് തുടരും. കൊച്ചിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ പത്താമത് അഖിലേന്ത്യാ സമ്മേളനത്തില്‍ നിലവിലെ ദേശീയ പ്രസിഡന്റ് എം ബി രാജേഷാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 25 അംഗ കേന്ദ്ര സെക്രട്ടറിയേറ്റില്‍ അഞ്ച് വനിതകളെ  ഉള്‍പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ പി എ മുഹമ്മദ് റിയാസ് എസ്എഫ്ഐ പ്രവർത്തകനായാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ് നിലവിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. 2009 ൽ കോഴിക്കോട് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിരുന്നു.


ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്‌സി ബിരുദ ധാരിയായ അബോയ് മുഖർജി സിപിഐഎം ജില്ലാകമ്മിറ്റി അംഗമാണ്.  ട്രഷററായി ­ തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട ­ബൽബീർ പരാശർ ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്

[caption id="attachment_78987" align="alignleft" width="280"] അഭോയ് മുഖർജി[/caption]

കോട്ടയം സ്വദേശിയായ പ്രീതി ശേഖര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധിയാണ്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രീതിയുടെ പേര് ഉയര്‍ന്നു വന്നെങ്കിലും രണ്ട് മലയാളികള്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീനെ ദേശീയ വൈസ്പ്രസിഡന്റായും സെക്രട്ടറി എം സ്വരാജിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ തമിഴ്നാട് ഘടകം ട്രഷറര്‍ ആയ ദീപയെ ഉള്‍പ്പെടുത്തി. നിലവില്‍ വൈസ് പ്രസിഡന്റായ പ്രീതി ശേഖറിനെ ജോയിന്റ് സെക്രട്ടറിയാക്കി.

എണ്‍പത്തി രണ്ടംഗ കേന്ദ്ര കമ്മിറ്റിയിൽ എട്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. എം സ്വരാജിനെയും എ എന്‍ ഷംസീറിനേയും കൂടാതെ നിതിന്‍ കണിച്ചേരി, ബിജു കണ്ടക്കൈ, എ സതീഷ്, എ എ റഹീം, പി പി ദിവ്യ, വി പി റജീന എന്നിവര്‍ നിര്‍വ്വാഹക സമിതിയില്‍ ഇടം നേടി.

എല്ലാ കമ്മിറ്റിയിലും 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുകയും ഭാരവാഹികളിൽ രണ്ട് പേരെങ്കിലും വനിതകളായിരിക്കണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ ദിവസം സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു.

വൈകിട്ട്  മറൈൻ ഡ്രൈവിലെ ഫിദൽ കാസ്ട്രോ നഗറിലാണ് റാലിയും പൊതുസമ്മേളനവും നടക്കും.  ഒരു ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ  അറിയിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം പി ബി അംഗം എം എ ബേബി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

Read More >>