പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ; സെക്രട്ടറിയായി അഭോയ് മുഖർജി തുടരും; പ്രഖ്യാപനം ഉടൻ

ഡിവൈഎഫ്ഐ ദേശീയ ഭാരവാഹികളെ ഇന്നു പ്രഖ്യാപിക്കും. എം ബി രാജേഷിന് പകരം പി എ മുഹമ്മദ് റിയാസ് ദേശീയ അധ്യക്ഷനാകും. സെക്രട്ടറി സ്ഥാനത്ത് ബംഗാളിൽ നിന്നുള്ള അഭോയ് മുഖർജി തുടരും.

പി എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ; സെക്രട്ടറിയായി അഭോയ് മുഖർജി തുടരും; പ്രഖ്യാപനം ഉടൻ

പുതിയ ദേശീയ ഭാരവാഹികളെ തീരുമാനിച്ച് ഡിവൈഎഫ്ഐ പത്താമത് അഖിലേന്ത്യ സമ്മേളനം ഇന്ന് സമാപിക്കും.  എം ബി രാജേഷിനു പകരം കേരളത്തിൽ നിന്ന് തന്നെയുള്ള പി എ മുഹമ്മദ് റിയാസ് ദേശീയ അധ്യക്ഷനാകും. നിലവിൽ ദേശീയ ജോയിന്റ് സെക്രട്ടറിയാണ് മുഹമ്മദ് റിയാസ്.

സെക്രട്ടറിയായി ബംഗാളിൽ നിന്നുള്ള അഭോയ് മുഖർജി തുടരും. സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിലവിലെ വൈസ് പ്രസിഡന്റായ പ്രീതി ശേഖറിന്റെ പേരും നേരത്തെ ഉയർന്നു കേട്ടിരുന്നു. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഭിന്നാഭിപ്രായം ഉയർന്നു വന്നെങ്കിലും ഒരു തവണ കൂടി അഭോയ് മുഖർജിയ്ക്ക് അവസരം നൽകാനാണ് തീരുമാനമെന്നറിയുന്നു.


കോഴിക്കോട് സ്വദേശിയായ പി എ മുഹമ്മദ് റിയാസ് എസ്എഫ്ഐ പ്രവർത്തകനായാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസ് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു.

എല്ലാ കമ്മിറ്റിയിലും 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുകയും ഭാരവാഹികളിൽ രണ്ട് പേരെങ്കിലും വനിതകളായിരിക്കണമെന്ന ഭരണഘടനാഭേദഗതിയും കഴിഞ്ഞ ദിവസം സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് കൂടുതൽ വനിതകൾ എത്തും.

ഇന്ന് വൈകിട്ട് അഖിലേന്ത്യാ സമ്മേളനം അവസാനിക്കും. മറൈൻ ഡ്രൈവിലെ ഫിദൽ കാസ്ട്രോ നഗറിലാണ് റാലിയും പൊതുസമ്മേളനവും.  ഒരു ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ  അറിയിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം പി ബി അംഗം എം എ ബേബി തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

Read More >>