ഓസ്‌കാര്‍ പുരസ്കാരച്ചടങ്ങിനു തിരശ്ശീല ഉയര്‍ന്നു; ആഹ്‌ളാദത്തിനിടയിലും നിരാശ പടര്‍ത്തി ട്രംപിന്റെ തീരുമാനം

ട്രംപിന്റെ യാത്രാ വിലക്കുള്ളതിനാല്‍ വിദേശ ഭാഷാ ചിത്ര വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുരസ്‌കാര ച്ചടങ്ങിനെത്തില്ല എന്നുള്ളത് ചടങ്ങിന്റെ നിറം കെടുത്തിയിട്ടുണ്ട്. പകരം നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ചിത്രത്തെ പ്രതിനീധികരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌കാര്‍ പുരസ്കാരച്ചടങ്ങിനു തിരശ്ശീല ഉയര്‍ന്നു; ആഹ്‌ളാദത്തിനിടയിലും നിരാശ പടര്‍ത്തി ട്രംപിന്റെ തീരുമാനം

89ാമത് ഓസ്‌കര്‍ പുരസ്‌കാരദാനച്ചടങ്ങിന് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ തുടക്കമായി. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്‌കാര്‍ കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അന്തമവിധി അനുകൂലമായത് മഹെര്‍ഷലാ അലിക്കാണ്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെര്‍ഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കിക്കൊണ്ടാണ് ചടങ്ങുകള്‍ക്ക് ആരംഭമായത്.
മികച്ച മേക്കപ്പിന് അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സിയും (സൂയിസൈഡ് സക്വാഡ്), ജിയോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ എന്നിവരും ഓസ്‌കാര്‍ സ്വന്തമാക്കി. ഫന്റാസ്റ്റിക്ക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദം എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് കൊളീന്‍ അറ്റ്വുഡ് ഓസ്‌കാറിന് അര്‍ഹനായി.

ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് (2011), മെമ്മോയ്സ് ഓഫ് എ ഗെയ്ഷ (2006), ഷിക്കാഗോ (2003) എന്നീ ചിത്രങ്ങള്‍ക്കാണ് കോളീന്‍ അറ്റ്വുഡിന് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചത്.

മറ്റ് അവാര്‍ഡുകള്‍:
ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)
സൗണ്ട് എഡിറ്റിങ്: സിവിയന്‍ ബെല്ലെമേര്‍ (അറൈവല്‍)
സൗണ്ട് മിക്സിങ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്സോ റിഡ്ജ്)
പ്രൊഡക്ഷൻ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്നോള്‍ഡ്സ് (ലാ ലാ ലാന്‍ഡ്)
വിഷ്വല്‍ ഇഫക്റ്റ്സ്: ദി ജംഗിള്‍ ബുക്ക്
എഡിറ്റിങ്: ജോണ്‍ ഗില്‍ബര്‍ട്ട് (ഹാക്സോ ബ്രിഡ്ജ്)

ട്രംപിന്റെ യാത്രാ വിലക്കുള്ളതിനാല്‍ വിദേശ ഭാഷാ ചിത്ര വിഭാഗത്തില്‍ നോമിനേഷന്‍ നേടിയ ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനോ അണിയറ പ്രവര്‍ത്തകരോ പുരസ്‌കാര ച്ചടങ്ങിനെത്തില്ല എന്നുള്ളത് ചടങ്ങിന്റെ നിറം കെടുത്തിയിട്ടുണ്ട്. പകരം നാസയില്‍ ജോലി ചെയ്യുന്ന ഇറാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ചിത്രത്തെ പ്രതിനീധികരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. നവമാധ്യമങ്ങളിലൂടെ തത്സമയം ഓസ്‌കര്‍ കാണാനും അക്കാദമി അവസരമൊരുക്കിയിട്ടുണ്ട്. മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തുടര്‍ച്ചയായി രണ്ടാം തവണയും ഓസ്‌കാറിന് എത്തിയിരുന്നു.