സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ട് മാസം; തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം 22% മാത്രം; അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഫണ്ട് വിനിയോഗത്തിന് മാനദണ്ഡം നിര്‍ദേശിച്ച് മുഖ്യമന്ത്രി

കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 5653.55 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കണക്കനുസരിച്ച് 1246.42 കോടി രൂപ മാത്രമാണ് ഇതില്‍ ചെലവിട്ടത്, അതായത് 22.17% മാത്രം. അടുത്ത സാമ്പത്തിക വർഷം മുതൽ ഓരോ പാദത്തിലും 25% തുകയെങ്കിലും വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ട് മാസം; തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം 22% മാത്രം; അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഫണ്ട് വിനിയോഗത്തിന് മാനദണ്ഡം നിര്‍ദേശിച്ച് മുഖ്യമന്ത്രി

സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും പദ്ധതിവിഹിതത്തിന്റെ 30 ശതമാനം പോലും ചെലവാക്കാനാവാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതമായ  5653.55 കോടി രൂപയിൽ ഇതുവരെ  22.7% മാത്രമാണ് ചെലവ്.  38105 പദ്ധതികള്‍ക്കാണ് ഈ തുക ചെലവിട്ടത്.

ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും കഷ്ടിച്ച് ഇരുപത്തഞ്ചു ശതമാനം ചെലവിട്ടപ്പോൾ ജില്ലാ പഞ്ചായത്തുകളും നഗരസഭകളും കോർപറേഷനുകളും ഇരുപതു ശതമാനം പോലും ചെലവിട്ടിട്ടില്ല.ഗ്രാമപഞ്ചായത്തുകള്‍ 2924.21 കോടി രൂപയില്‍ 714.56 കോടിയും (24.44%)   ബ്ലോക്കു പഞ്ചായത്തുകൾ 658.59 കോടി രൂപയില്‍ 163.15 കോടി രൂപയും (24.77%) പദ്ധതികള്‍ക്കായി വിനിയോഗിച്ചു. ജില്ലാ പഞ്ചായത്തുകള്‍ 19.58%, നഗരസഭകള്‍ 17.97%, കോര്‍പ്പറേഷനുകള്‍ 15.59% ഫണ്ടും വിനിയോഗിച്ചെന്നാണ് തദ്ദേശസ്വയം ഭരണ വകുപ്പിന്റെ കണക്കുകളിലുള്ളത്.


ഇടുക്കി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് കൂടുതല്‍ ഫണ്ട് ചെലവിട്ടത്, 26.32%. കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ ഫണ്ട് ചെലവിടുന്നതില്‍ രണ്ടും മൂന്നും സ്ഥാനത്താണുള്ളത്. കോട്ടയം, വയനാട്, തൃശ്ശൂര്‍ ജില്ലകളാണ് ഫണ്ട് വിനയോഗിക്കുന്നതില്‍ ഏറ്റവും പിന്നിലുള്ളത്. ഇരുപത് ശതമാനം ഫണ്ട് പോലും ഈ മൂന്ന് ജില്ലകള്‍ ചെലവഴിച്ചിട്ടില്ല.

2015-16 സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ 37.78 ശതമാനവും, 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 39.89 ശതമാനവും ആയിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള ഫണ്ട് വിനിയോഗം 22.17% മാത്രമാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും മാര്‍ച്ച് മാസം എത്തിയപ്പോള്‍ 70 ശതമാനമായി ഫണ്ട് വിനിയോഗം ഉയര്‍ന്നു.

കാലതാമസം- കാരണങ്ങൾ


1200 തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനമാണ് തദ്ദേശ സ്വയംഭരണ വകുപ്പിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പും, സർക്കാർ മാറിയതുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ചെലവഴിക്കുന്നതിന് തടസ്സമായതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും ഇത് കാലതാമസമുണ്ടാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫണ്ട് വിനിയോഗം ഇത്തവണ കുറഞ്ഞെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
മറ്റു വകുപ്പുകളിലെ ഫണ്ട് വിനിയോഗവും തദ്ദേശസ്വയംഭരണ വകുപ്പിലെ വിനിയോഗവും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. ആ വകുപ്പുകളിൽ ഭരണ-സാങ്കേതിക അനുമതി ലഭിച്ചാൽ ഫണ്ടുകൾ ചെലവിടാം. ഇതതല്ല, 1200 തദ്ദേശ സ്ഥാപനങ്ങളുടെ കാര്യമാണ്. ഫണ്ട് വിനിയോഗിക്കുന്നതിൽ കുറവ് വന്നിട്ടുണ്ട്. ഇരുന്നൂറോളം പഞ്ചായത്ത് സെക്രട്ടറിമാരുടെ കുറവാണുണ്ടായിരുന്നത്. എഞ്ചിനീയർമാരുടേയും ഓവർസീയർമാരുടേയും കുറവും പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.


ഡിസംബറിലാണ് ആ പ്രശ്നങ്ങൾ പരിഹരിച്ചത്. പദ്ധതി രൂപരേഖയടക്കം തയ്യാറാക്കുന്നത് തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ളവ വന്നതിനാൽ വൈകി. കഴിഞ്ഞ മാസം 25 മുതൽ ട്രഷറിയിൽ നിന്ന് ബില്ലുകൾ മാറുന്നതിലും  കാലതമാസംമുണ്ടായി. ഇന്നലെ മുതലാണ് ബില്ലുകൾ മാറി തുടങ്ങിയത്. അടുത്ത 45 ദിവസത്തിനുള്ളിൽ കുറേയേറെ പദ്ധതികൾ നടപ്പാക്കും. വെളിയിട വിസർജ്ജന വിമുക്ത (ഒഡിഎഫ്)  പദ്ധതിയ്ക്കാണ് നവംബർ വരെ പ്രാധാന്യം നൽകിയത്. അതിൽ നേട്ടം കൈവരിച്ചതും കാണാതെ പോകരുത്.

-ടി കെ ജോസ് ഐഎഎസ്, പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്ഫണ്ട് വിനിയോഗത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം


2017-2018 സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ ഫണ്ട് അനുവദിച്ചു നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ഫണ്ട് ചെലവഴിച്ചു തുടങ്ങും. ഓരോ പാദത്തിലും 25 ശതമാനമെങ്കിലും ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികൾക്ക് നൽകിയ നിർദ്ദേശം.

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 30 ശതമാനത്തിൽ കൂടുതൽ ചെലവിടാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകില്ല. അവസാന പാദത്തിൽ, അതുവരെ ഒന്നും ചെലവിട്ടില്ലെങ്കിലും പരമാവധി 30% മാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കുക. സാമ്പത്തിക വർഷത്തെ അവസാന മാസമായ മാർച്ചിൽ 15 ശതമാനത്തിൽ കൂടുതൽ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.ഫണ്ട് ചെലവഴിക്കല്‍

കോര്‍പ്പറേഷന്‍

കൂടുതല്‍                                                കുറവ്     
കൊല്ലം- 23 %                                       തൃശ്ശൂര്‍- 11.51 %
കണ്ണൂര്‍ - 20.05 %                                  തിരുവനന്തപുരം- 13.67 %
കൊച്ചി- 15.86 %                                  കോഴിക്കോട്- 14.75 %

നഗരസഭ

കൂടുതല്‍                                               കുറവ്

കട്ടപ്പന- 44.58%                                  വടക്കന്‍ഞ്ചേരി(തൃശ്ശൂര്‍)- 1.56%
ഹരിപ്പാട്- 42.92%                              ചേര്‍ത്തല- 3.75%
തൃക്കാക്കര- 37.79%                         ചെര്‍പ്പുളശ്ശേരി- 7.79 ശതമാനം

ജില്ലാ പഞ്ചായത്ത്

കൂടുതല്‍                                                 കുറവ്
എറണാകുളം- 28.40%                       തൃശ്ശൂര്‍-3.42 %
കോട്ടയം- 25.94%                                  കണ്ണൂര്‍-16.02%
പത്തനംതിട്ട- 25.52%                          പാലക്കാട്-17.27%
ബ്ലോക്ക് പഞ്ചായത്ത്                                              

കൂടുതല്‍                                                                             കുറവ്
പെരുമ്പടപ്പ്( മലപ്പുറം) - 51%                                    കല്‍പ്പറ്റ( വയനാട്)- 2.35%                          വൈപ്പിന്‍(എറണാകുളം)- 50.48%                       മാനന്തവാടി( വയനാട്)- 3.26%
കിളിമാനൂര്‍( തിരുവനന്തപുരം)- 48.02%          സുല്‍ത്താന്‍ ബത്തേരി(വയനാട്)- 4.29%

ഗ്രാമ പഞ്ചായത്ത്

കൂടുതൽ                                                                     കുറവ്
എലപ്പുള്ളി(പാലക്കാട്)- 65.40%                        തലനാട്(കോട്ടയം)- 3.99%
നല്ലേപ്പിള്ളി(പാലക്കാട്)- 56.88%                      പനഞ്ചേരി(തൃശ്ശൂര്‍)- 4.32%
ചെമ്പിലോട് (കണ്ണൂര്‍)- 53.64%                            അവിനിശ്ശേരി(തൃശ്ശൂര്‍)- 6.44%

*ഫെബ്രുവരി 14 വരെയുള്ള കണക്കുകളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്.

Read More >>