വാലന്റൈന്‍സ് ദിനത്തില്‍ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് ജിയോയുടെ ആശംസാ സന്ദേശ ട്രോള്‍

എയര്‍ടെല്ലും ഐഡിയയും തിരിച്ചും ട്രോളിയിട്ടുണ്ട്

വാലന്റൈന്‍സ് ദിനത്തില്‍ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് ജിയോയുടെ ആശംസാ സന്ദേശ ട്രോള്‍

മൊബൈല്‍ സേവനദാതാക്കള്‍ തമ്മിലുള്ള കടുത്ത മത്സരം നിലനില്‍ക്കെ റിലയന്‍സ് ജിയോയുടെ വക മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് വാലന്‍ന്റൈന്‍സ് ദിന സന്ദേശത്തിലൂടെ ട്രോള്‍. ജിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് മറ്റ് കമ്പനികള്‍ക്ക് സന്ദേശം അയച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട എയര്‍ടെല്‍ഇന്ത്യ, വൊഡാഫാണ്‍ഇന്ത്യ, ഐഡിയ സെല്ലുലാര്‍- വാലന്‍ന്റൈന്‍സ് ദിനം ആശംസിക്കുന്നു-സ്‌നേഹത്തോടെ ജിയോ'എന്നാണ് സന്ദേശം.
സന്ദേശത്തിന് എയര്‍ടെല്ലും ഐഡിയയും വൊഡാഫോണും മറുപടി അയച്ചിട്ടുണ്ട്. 'സമാനമായ വികാരം റിലയന്‍സ് ജിയോ; എല്ലാത്തിനുമുപരി എല്ലാ സുഹൃത്തുക്കളും പ്രധാനപ്പെട്ടതാണ്' എന്നാണ് എയര്‍ടെല്ലിന്റെ തിരികെയുള്ള സന്ദേശം. 'തിരിച്ചും ആശംസകള്‍. ആകാശത്ത് ഇന്ന് സ്‌നേഹം പാറിപ്പറക്കുന്നതായി അറിയുന്നതില്‍ സന്തോഷം' എന്നാണ് ഐഡിയ നല്‍കിയ മറുപടി സന്ദേശം. ജിയോയുടെ ട്വീറ്റിന് താഴെ സജീവമായിത്തന്നെ വൊഡാഫോണ്‍ മറുപടികള്‍ നല്‍കുന്നുണ്ട്.
റിലയന്‍സ് ജിയോയെ ടാഗ് ചെയ്ത് വൊഡാഫോണ്‍ ആശംസാ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. തങ്ങളുടെ സേവനം മികച്ചതാണെന്ന് വ്യക്തമാക്കുന്ന കമന്റുകളും ഇവിടെ വൊഡാഫോണ്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഈ ട്വീറ്റിന് താഴെ റിലയന്‍സ് ജിയോയും വൊഡാഫോണും ഉപയോക്താക്കളെ പിടിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം വൊഡാഫോണ്‍ സേവനങ്ങളില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ച് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരുന്നു. മൊബൈലിലേക്ക് സന്ദേശങ്ങള്‍ വരുന്നുണ്ടെങ്കിലും പുറത്തേക്കയയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതിന് മറുപടിയായി ജിയോ ബച്ചനോട് തങ്ങളുടെ സേവനം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. കമ്പനികള്‍ തമ്മിലുള്ള കിടമത്സരം സോഷ്യല്‍ മീഡിയയിലേയ്ക്കും വ്യാപിച്ചതിന്റെ അവസാന ഉദാഹരണമായി ഇന്നത്തെ വാലന്റൈന്‍സ് ദിന ട്രോള്‍ സന്ദേശങ്ങള്‍.