ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് അമേരിക്കയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ; ഇടക്കാല മുഖ്യമന്ത്രിയെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

ശസ്ത്രക്രിയയ്ക്കായി അമേരിക്കയില്‍ പട്‌നായിക് ചെലവഴിക്കുന്ന നാല് മാസക്കാലം ആര് ഇടക്കാല മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലിയാണ് ബിജു ജനതാദളില്‍ തര്‍ക്കം

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് അമേരിക്കയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ; ഇടക്കാല മുഖ്യമന്ത്രിയെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പട്‌നായിക് അമേരിക്കയില്‍ ചികിത്സയ്ക്കായി ചെലവഴിക്കുന്ന നാല് മാസക്കാലം പകരം ആരെന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗ്രേഡ് നാല് ലിവര്‍ സിറോസിസ് ബാധിതനായ പട്‌നായിക് അമേരിക്കയിലെ മിഷിഗണിലാണ് ചികിത്സ തേടുന്നതെന്ന് വാര്‍ത്താ ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു. അമിത മദ്യപാന ശീലമുള്ള പട്‌നായിക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രമുഖ കരള്‍രോഗ വിദഗ്ധരുടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് അദ്ദേഹം മിഷിഗണിലെ ബ്യൂമോണ്ട് ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നത്.


കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് പേരുകേട്ട ബ്യൂമോണ്ട് ആശുപത്രിയിലെ വാര്‍ത്താ ഉറവിടങ്ങള്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന കരള്‍രോഗ വിദഗ്ധരുടേയും ഇന്ത്യന്‍ വംശജനായ മറ്റൊരു മുതിര്‍ന്ന ഡോക്ടറുടേയും നേതൃത്വത്തിലാകും പട്‌നായിക്കിനെ ചികിത്സിക്കുക. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രണ്ട് കരള്‍രോഗ വിദഗ്ധരും ഡല്‍ഹിയില്‍ നിന്നുള്ള കരള്‍രോഗ വിദഗ്ധനും മുഖ്യമന്ത്രിയെ അനുഗമിക്കുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 5ന് അമേരിക്കയിലേയ്ക്ക് തിരിക്കുന്ന പട്‌നായിക് ശസ്ത്രക്രിയയ്ക്ക് ശേഷം 3-4 മാസം അവിടെത്തന്നെ വിശ്രമത്തിലായിരിക്കും. ഏപ്രിലോടെ ഇന്ത്യയിലേക്ക് തിരികെ വരുമെന്നാണ് കരുതുന്നത്. പട്‌നായിക്കിന്റെ അസാന്നിധ്യത്തില്‍ പകരക്കാരന്‍ ആരെന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഇപ്പോള്‍ത്തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താ ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു.