ആളൊന്നുക്ക് അഞ്ചു കോടി; നോട്ടു മരവിപ്പിക്കലിനെ കൂസാതെ ചിന്നമ്മ; പിടിച്ചു നിൽക്കാനാവില്ല പനീർശെൽവത്തിന്

ഇനി നാലരക്കൊല്ലം ബാക്കിയുണ്ട്. ആരും ഒരു ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല. അതു സംഭവിച്ചാൽ പാർടിയുടെയും എംഎൽഎമാരുടെയും ആപ്പീസു പൂട്ടുമെന്ന് എല്ലാവർക്കുമറിയാം. സ്വപ്നവും സങ്കൽപവും നിക്ഷേപവുമെല്ലാം തകിടം മറിയും. അതാണ് ചിന്നമ്മയുടെയും സംഘത്തിന്റെയും തുറുപ്പു ചീട്ട്.

ആളൊന്നുക്ക് അഞ്ചു കോടി; നോട്ടു മരവിപ്പിക്കലിനെ കൂസാതെ ചിന്നമ്മ; പിടിച്ചു നിൽക്കാനാവില്ല പനീർശെൽവത്തിന്

ഒറ്റ രാത്രികൊണ്ടാണ് ഒ പനീർ ശെൽവം ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായത്. പക്ഷേ ഒന്നും ഒരു രാത്രികൊണ്ടല്ല തീരുമാനിക്കപ്പെടുന്നത്. ശശികലയെയും എഐഎഡിഎംകെയെയും അതിജീവിക്കാൻ ഈ ഒറ്റരാത്രി പ്രകടനം മതിയാവില്ല. ആകെയുളള പ്രതീക്ഷ, ശശികലയെ ഏതു നിമിഷവും അറസ്റ്റു ചെയ്യുമെന്ന കിംവദന്തിയിലാണ്. അതുണ്ടായില്ലെങ്കിൽ....

പണം വാരിയെറിയുകയാണത്രേ ചിന്നമ്മ. ആളൊന്നുക്ക് അഞ്ചു കോടിയാണത്രേ ടോക്കൺ അഡ്വാൻസ്. വിശ്വാസപ്രമേയത്തിന് കൈ പൊക്കിയാൽ ബാക്കി. ശേഷിക്കുന്ന നാലരക്കൊല്ലക്കാലം പുഷ്കരകാലം. ആ വാഗ്ദാനത്തിനു മുന്നിൽ എംഎൽഎമാരും പാർടി സംഘടനയും ചിന്നമ്മയ്ക്കു ജയ് വിളിക്കും.

മറുവശത്ത് ഒപിഎസോ. ഡിഎംകെയുടെ പിന്തുണ സ്വീകരിക്കാനാവില്ല. ബിജെപിയുടെയും. ചിന്നമ്മയുടെ വാഗ്ദാനം മറികടന്ന് എംഎൽഎമാരെയും പാർടിയെയും ഒപ്പം നിർത്താനുളള സാമർത്ഥ്യമോ സാമ്പത്തികപിൻബലമോ സംഘാടക ശേഷിയോ അദ്ദേഹത്തിനില്ല.

അതറിഞ്ഞു തന്നെയാണ് ജയലളിത അദ്ദേഹത്തെ വാഴിച്ചത്. എത്രകാലം കസേരയിലിരുന്നാലും ഒപിഎസ് ഒരു ഭീഷണിയായി മാറില്ലെന്ന ഉറച്ച വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നു. വിശ്വസ്തൻ എന്നതിനെക്കാൾ വിനീത ദാസൻ എന്ന വിശേഷണമാണ് ഒപിഎസിനു യോജിക്കുക.

രാജി വെയ്ക്കാൻ ചിന്നമ്മ ആവശ്യപ്പെട്ടപ്പോൾ മറുത്തു പറയാത്തതും ആ ദാസ്യഭാവമുളളതുകൊണ്ടാണ്. ദാസനിൽ നിന്ന് നായകനിലേയ്ക്കു വളരാൻ കൊതിച്ചത് സ്വാഭാവികം. പക്ഷേ, അതിനുളള ഉൾക്കനം?

ഇനി നാലരക്കൊല്ലം ബാക്കിയുണ്ട്. ആരും ഒരു ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല. അതു സംഭവിച്ചാൽ പാർടിയുടെയും എംഎൽഎമാരുടെയും ആപ്പീസു പൂട്ടുമെന്ന് എല്ലാവർക്കുമറിയാം. സ്വപ്നവും സങ്കൽപവും നിക്ഷേപവുമെല്ലാം തകിടം മറിയും. അതാണ് ചിന്നമ്മയുടെയും സംഘത്തിന്റെയും തുറുപ്പു ചീട്ട്.

അതുകൊണ്ട് പാർടി സംഘടനയും എംഎൽഎമാരും ചിന്നമ്മയ്ക്കൊപ്പം.  അമ്മയുടെ പാർടിയിൽ  പനീർശെൽവം ഇപ്പോൾ ഒറ്റയ്ക്കാണ്. ജയലളിതയുടെ മരണം അന്വേഷിക്കുമെന്ന പ്രഖ്യാപനം പോലും മറു ക്യാമ്പിൽ ഒരു ചലനവും സൃഷ്ടിക്കുന്നില്ല.

മരിച്ചവർ മരിച്ചു. ശേഷിക്കുന്ന നാലരക്കൊല്ലം. അതൊരു നീണ്ടകാലയളവാണ്.  രാഷ്ട്രീയത്തിന്റെ രുചി പറ്റിയവർ ആരെങ്കിലും അറിഞ്ഞുകൊണ്ട് സ്വന്തം ഭാവിയിൽ മണ്ണുവാരിയിടുമോ?  നിലവിലെ സൂചനകൾ പനീർ ശെൽവത്തിന് അനുകൂലമല്ല.