എന്‍ആര്‍ഐ ദമ്പതികള്‍ ഇന്‍ഷുറന്‍സ് തുകയ്ക്കായി ദത്തുപുത്രനെ കൊലപ്പെടുത്തി

കുട്ടിയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്ത ശേഷം 2015 മുതല്‍ കൊലപാതകത്തിനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

എന്‍ആര്‍ഐ ദമ്പതികള്‍ ഇന്‍ഷുറന്‍സ് തുകയ്ക്കായി ദത്തുപുത്രനെ കൊലപ്പെടുത്തി

ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ എന്‍ആര്‍ഐ ദമ്പതികള്‍ ദത്തുപുത്രനെ കൊലപ്പെടുത്തി. ലണ്ടനില്‍ ജീവിക്കുന്ന ആര്‍തി ലോകനാഥ് (53) ഭര്‍ത്താവ് കന്‍വാല്‍ജിത് സിംഗ് രെയ്ജിദ (28) എന്നിവരാണ് ദത്തുപുത്രനായ ഗോപാല്‍ (13)നെ കൊലപ്പെടുത്തിയത്. 1.20 കോടി രൂപ സ്വന്തമാക്കാനാണ് ദമ്പതികള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് കേശോദ് സബ് ഇന്‍സ്‌പെക്ടര്‍ അശോക് തിലാവ പറഞ്ഞു. ലണ്ടനില്‍ തന്നെ ജോലി ചെയ്യുന്ന നിധീഷ് മുണ്ട് എന്നയാളോടൊപ്പം ഗൂഡാലോചന നടത്തിയ ശേഷമാണ് ദമ്പതികള്‍ ഗോപാലിനെ ദത്തെടുത്തത്.


കുട്ടിയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്ത ശേഷം 2015 മുതല്‍ കൊലപാതകത്തിനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. രാജ്‌ക്കോട്ടിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് ഗോപാല്‍ മരിച്ചത്. കത്തിക്കുത്തേറ്റ നിലയിലാണ് ബാലനെ ആശുപത്രിയിലെത്തിച്ചത്. ഇതേത്തുടര്‍ന്ന് ബാലനെ കൊലപ്പെടുത്താനായി ലണ്ടനില്‍ നിന്ന്് ഇന്ത്യയിലെത്തിയ നിധീഷിനെ സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്.

നിധീഷിനോടും അയാളുടെ രണ്ട് സുഹൃത്തുക്കളോടുമൊപ്പം രാജ്‌ക്കോട്ടില്‍ നിന്ന് സ്വന്തം നാടായ മാലിയയിലേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ വാടകക്കൊലയാളി ഗോപാലിനെ കത്തിക്ക് കുത്തുകയായിരുന്നു. രണ്ട് വാടകക്കൊലയാളികളെ 10 ലക്ഷം രൂപ നല്‍കിയാണ് നിധീഷ് ബാലനെ കൊലപ്പെടുത്താന്‍ നിയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ലണ്ടനിലുള്ള ദമ്പതികളെ അറസ്റ്റുചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.