ഇന്ത്യയിൽ ഇപ്പോൾ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാലാവസ്ഥ: അമർത്യ സെൻ

“നന്നായി വാദിക്കുന്ന ആളുകൾക്ക് പോലും ഈ കടന്നുകയറ്റത്തിനെ ഭയക്കാനുള്ള കാരണങ്ങളുണ്ട്. പക്ഷേ, സംസാരിക്കുന്നത് നിർത്തരുത് എന്നാണ് എന്റെ ഉപദേശം. ഒന്നിച്ച് നിൽക്കുമ്പോൾ നമുക്ക് ദ്രോഹിക്കാൻ വരുന്നവരേക്കാൾ ശക്തിയുണ്ട്,” സെൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഇപ്പോൾ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാലാവസ്ഥ: അമർത്യ സെൻ

ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയിൽ സ്വതന്ത്രമായി അഭിപ്രായം പറയണമെങ്കിൽ ഭയക്കണമെന്നു അമർത്യ സെൻ. ദ ഇക്കണോമിക് ടൈസിനു നൽകിയ അഭിമുഖത്തിലാണു സാമ്പത്തികശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ വ്യക്തികൂടിയായ  സെൻ വിവിധ വിഷയങ്ങളെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകൾ പങ്കുവച്ചത്. ദേശവിരുദ്ധൻ എന്ന പേരു കിട്ടുമോയെന്ന ഭയം കാരണം സ്വതന്ത്രമായ വാദപ്രതിവാദത്തിനുള്ള അവസരം ഇല്ലാതായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

വടികളുമായി ആക്രമിക്കാൻ വരുന്നവരെയോ, രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുകയോ അല്ലെങ്കിൽ ഇല്ലാത്ത കാര്യത്തിന്റെ വ്യാജവീഡിയോ നിർമ്മിച്ച് ഭീഷണിപ്പെടുത്തുകയോ എല്ലാം ചെയ്യാനുള്ള സാധ്യത ഇപ്പോഴത്തെ അവസ്ഥയിൽ ഉണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


“നന്നായി വാദിക്കുന്ന ആളുകൾക്ക് പോലും ഈ കടന്നുകയറ്റത്തിനെ ഭയക്കാനുള്ള കാരണങ്ങളുണ്ട്. പക്ഷേ, സംസാരിക്കുന്നത് നിർത്തരുത് എന്നാണ് എന്റെ ഉപദേശം. ഒന്നിച്ച് നിൽക്കുമ്പോൾ നമുക്ക് ദ്രോഹിക്കാൻ വരുന്നവരേക്കാൾ ശക്തിയുണ്ട്,” സെൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ സർവ്വകലാശാലകളിൽ അദ്ധ്യാപകർക്കും വിദ്യാർഥികളും എതിരേ നിരോധനങ്ങൾ അടിച്ചേൽപ്പിക്കുണ്ട്. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാലാവസ്ഥയാണ് ഇന്ത്യയിൽ പുതിയതായി ഉണ്ടായിരിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും പറയാനുള്ള ധൈര്യം കാണിച്ചാൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയുമുണ്ടെന്ന് സെൻ തുടർന്നു.

നളന്ദ സർവ്വകലാശാലയിലെ തന്റെ അനുഭവം പങ്കുവച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യയിലെ സർവ്വകലാശാലകളിലെ നിരോധനങ്ങളെപ്പറ്റി പറഞ്ഞത്. പണം മുടക്കുന്നത് ഞങ്ങളാണ്, അതുകൊണ്ട് ഞങ്ങൾ ഭരിക്കും എന്ന നയമാണ് സർക്കാരിന്റേത്. നളന്ദയെ അന്താരാഷ്ട്രതലത്തിലേയ്ക്ക് വളർത്താനുള്ള ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നയമായിരുന്നു അത്. സെന്നിനു ശേഷം ചാൻസലർ ആയി വന്ന ജോർജ്ജ് യിയോയ്ക്കും നേരിടേണ്ടി വന്നത് ഇതേ പ്രശ്നം തന്നെയായിരുന്നു. ഹിന്ദുത്വ സ്കൂളുമായി ബന്ധമുള്ള ആരെയെങ്കിലും ചാൻസലർ ആയി നിയമിക്കാനാണ് സർക്കാരിന് താല്പര്യം എന്നും സെൻ കൂട്ടിച്ചേർത്തു.