പ്രണബ് മുഖര്‍ജി രണ്ടാമൂഴത്തിനില്ല; സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ പിന്തുണയില്ലാതെ ബിജെപി; റെയ്‌സിനാ കുന്നിലേക്കുള്ള യാത്ര കടുപ്പമാകുമോ?

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പുതിയ രാഷ്ട്രപതിയെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കും. പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ട് മൂല്യം കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സഖ്യത്തിനില്ല. അതിനാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് ഏറെ നിര്‍ണായകമാണ്.

പ്രണബ് മുഖര്‍ജി രണ്ടാമൂഴത്തിനില്ല; സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ പിന്തുണയില്ലാതെ ബിജെപി; റെയ്‌സിനാ കുന്നിലേക്കുള്ള യാത്ര കടുപ്പമാകുമോ?

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലയളവ് ഈ വര്‍ഷം ജൂലൈയില്‍ അവസാനിക്കാനിരിക്കെ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കമിട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി ജനുവരി 30ന് രണ്ട് മുറികള്‍ അനുവദിച്ചെന്ന് ഇന്ത്യന്‍ എക്‌സപ്രസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 2012 ജൂലൈ 25നാണ് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി ചുമതലയേറ്റത്.

രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷം പ്രണബ് മുഖര്‍ജിയ്ക്ക് താമസിക്കുന്നതിനുള്ള വസതി കണ്ടെത്താന്‍ രാഷ്ട്രപതിഭവന്‍ സെക്രട്ടറിയേറ്റ് നഗരവികസന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എപിജെ അബ്ദുല്‍കലാം റോഡിലെ ബംഗ്ലാവ് രാഷ്ട്രപതി ഭവന്‍ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി പരിശോധിക്കുകയും ചെയ്തു. ഇവിടേയ്ക്ക് തന്നെയാകും സ്ഥാനമൊഴിഞ്ഞ ശേഷം പ്രണബ് മുഖര്‍ജി മാറുകയെന്നാണ് ലഭിക്കുന്ന വിവരം.


മുന്‍ രാഷ്ട്രപതിമാര്‍ക്ക് പെന്‍ഷനു പുറമെ ഇന്ത്യയിലെവിടേയും താമസം, വൈദ്യുതി, വെള്ളം, ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ സൗജന്യമായി നല്‍കണമെന്നാണ് ചട്ടം. ഓഫീസ് സ്റ്റാഫിനേയും ഡ്രൈവറേയും മുന്‍ രാഷ്ട്രപതിമാര്‍ക്ക് നിയമിക്കാം.

സ്ഥാനാര്‍ത്ഥിയെ ബിജെപി തനിയെ നിശ്ചയിക്കുമോ?


രണ്ടാം തവണയും രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പ്രണബ് മുഖര്‍ജി മത്സരിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പേര് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ബിജെപി ഉയര്‍ത്താനും സാധ്യതയില്ല. യുപി തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുക.

ലോക്‌സഭയിലെ ഭൂരിപക്ഷവും 12 സംസ്ഥാനങ്ങളിലെ ഭരണവും രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ട് മൂല്യം എന്‍ഡിഎ സഖ്യത്തിന് നല്‍കുന്നില്ല. എംപിമാരും എംഎല്‍എമാരും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ജനസംഖ്യയ്ക്കനുസരിച്ചാണ് വോട്ടിന്റെ മൂല്യം കണക്കാക്കുന്നത്. പാര്‍ലമെന്റംഗത്തിന്റെ വോട്ടിന്റെ ഉയര്‍ന്ന മൂല്യം 708 ആണ്. കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ എംഎല്‍എമാരുടെ വോട്ടിനാണ് ഏറ്റവും കൂടിയ മൂല്യം(208). കുറവ് സിക്കിമിലും. സിക്കിമില്‍ എംഎല്‍എയുടെ വോട്ടിന്റെ മൂല്യം എട്ടാണ്.

കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ എംപിമാരുടേയും എംഎല്‍എമാരുടേയും ആകെ വോട്ടിന്റെ മൂല്യം 1098882 ആയിരുന്നു. ഇതില്‍ പ്രണബ് മുഖര്‍ജിയ്ക്ക് 7.3 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇത്തവണയും ആകെ വോട്ട് മൂല്യത്തില്‍ കാര്യമായ വ്യത്യാസം വരാനിടയില്ല. അഞ്ചരലക്ഷത്തിലേറെ വോട്ട് ലഭിച്ചാലേ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് സ്വന്തമായി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനാകൂ.

എന്നാല്‍ നിലവിലെ കണക്കനുസരിച്ച് 4.5 ലക്ഷം വോട്ടാണ് എന്‍ഡിഎയ്ക്കുള്ളത്. യുപിഎയ്ക്ക് 2.3 ലക്ഷം വോട്ടാണുള്ളത്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എവിടെയും ബിജെപി വിജയം ഉറപ്പിക്കുന്നുമില്ല. ശിരോമണി അകാലിദളുമായി സഖ്യമുള്ള പഞ്ചാബില്‍ ഇക്കുറി ഭരണം കിട്ടില്ലെന്നാണ് സര്‍വ്വേ പ്രവചനങ്ങള്‍. എംഎല്‍എമാരുടെ ആകെ വോട്ടുമൂല്യം 83824 ഉള്ള ഉത്തര്‍പ്രദേശില്‍ കടുത്ത പരീക്ഷണമാണ് ബിജെപി നേരിടുന്നത്. നിര്‍ണായക വേട്ടുള്ള മഹാരാഷ്ട്രയില്‍ ശിവസേന, ബിജെപി സഖ്യം ഉപേക്ഷിച്ചിരിക്കുകയാണ്.

മന്‍മോഹന്‍ സിംഗ് മുതല്‍ നജീബ് ജംഗ് വരെ...ഊഹാപോഹങ്ങള്‍ പല വിധം


ഇതു മുന്‍കൂട്ടി കണ്ട് ദേശീയ പാര്‍ട്ടിയായ എന്‍സിപിയുമായി ബിജെപി അടുക്കുന്നുവെന്ന് സംസാരമുണ്ട്. എന്‍സിപി തലവന്‍ ശരത് പവാറിന് ഇത്തവണ രണ്ടാമത്തെ വലിയ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ശരത് പവാറിനുള്ള അടുത്ത ബന്ധം പരിഗണിച്ച് അദ്ദേഹത്തെ സമവായ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ട്. അങ്ങനെയെങ്കില്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യമുപേക്ഷിച്ച ശിവസേനയ്ക്ക് പകരം എന്‍സിപിയെ കൂട്ടുപിടിച്ച് ബിജെപിയ്ക്ക് ഭരണമുറപ്പിക്കുകയും ചെയ്യാം.

യുപി തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനായാല്‍ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ പേരായിരിക്കും ബിജെപി മുന്നോട്ട് വെയ്ക്കുക. യുപിഎ പിന്തുണയോടെ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലാണ് ഈ സ്ഥാനത്തെത്തിയ ഏക വനിത.

മുലായം സിംഗ് യാദവിന് രാഷ്ട്രപതി സ്ഥാനം വാഗ്ദാനം നല്‍കി യുപിയില്‍ ഭരണം നേടുകയെന്ന ഫോര്‍മുലയാണ് അമര്‍ സിംഗിനെ ഉപയോഗിച്ച് ബിജെപി കളിച്ചതെന്ന് ഊഹാപോഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അഖിലേഷ് യാദവ് പാര്‍ട്ടിയില്‍ അപ്രമാദിത്വം നേടിയതോടെ ആ ചര്‍ച്ചകളും അടഞ്ഞിരിക്കുകയാണ്.

മുമ്പ് മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അഡ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും പേരുകള്‍ പറഞ്ഞു കേട്ടിരുന്നെങ്കിലും ഇപ്പോള്‍ സാധ്യത കുറവാണ്. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് അഡ്വാനി കരുക്കൾ നീക്കുന്നെന്നും സൂചനകളുണ്ട്. ഡല്‍ഹി മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ പേര് വരെ ബിജെപി ക്യാപുകളില്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ഊഹാപോഹങ്ങളുടെ പട്ടികയില്‍ ഏറെ പിന്നിലാണ്.

കോണ്‍ഗ്രസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രതിരോധ മന്ത്രി ഏ കെ ആന്റണി എന്നിവരുടെ പേരുകള്‍ അനൗദ്യോഗിക ചര്‍ച്ചകളില്‍ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ദേശീയ രാഷ്ട്രീയത്തില്‍ പൊതു സ്വീകാര്യരാണെന്നുള്ളതാണ് അനുകൂല ഘടകം. യുപിഎ, എന്‍ഡിഎ സഖ്യത്തിലില്ലാത്ത ജെഡിയു, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ പാര്‍ട്ടികള്‍, ടിആര്‍എസ്, ബിജു ജനതാദള്‍, ബിഎസ്‌പി, എസ്‌പി, ജെഡിഎസ് എന്നിവരില്‍ ഭൂരിഭാഗത്തിന്റേയും പിന്തുണ നേടിയെടുക്കാമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.

Read More >>