ശശികലയോട് ഉടൻ കീഴടങ്ങാൻ സുപ്രീം കോടതി; പാർട്ടി തലപ്പത്തേക്ക് ബന്ധുക്കളെ നിയമിച്ച് ശശികല

കീഴടങ്ങാൻ നാലാഴ്ച സാവകാസം ചോദിച്ച് ശശികല നൽകിയ അപേക്ഷ സുപ്രീം കോടതി തള്ളി.

ശശികലയോട് ഉടൻ കീഴടങ്ങാൻ സുപ്രീം കോടതി; പാർട്ടി തലപ്പത്തേക്ക് ബന്ധുക്കളെ നിയമിച്ച് ശശികല

വി കെ ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയ്ക്കും മറ്റ് രണ്ട് പേർക്കും  നാല് വർഷത്തെ തടവ് ശിക്ഷ സുപ്രീം കോടതി വിധിച്ചിരുന്നു. ഉടൻ തന്നെ ശശികലയോട് കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിധി വന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും ശശികല കീഴടങ്ങിയിട്ടില്ല.

കീഴടങ്ങാൻ നാലാഴ്ചത്തെ സമയം ചോദിച്ച് ശശികല നൽകിയ അപേക്ഷ സുപ്രീം കോടതി തള്ളി. ഉടൻ കീഴടങ്ങിയേ മതിയാകൂ എന്നും വിധിന്യായത്തിലെ ഒരു വാക്കു പോലും മാറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


അതേ സമയം ഇന്ന് തന്നെ കീഴടങ്ങാൻ തയ്യാറാണെന്ന് ശശികല അറിയിച്ചു. ഈ സാഹചര്യത്തിൽ പോയസ് ഗാർഡനിലെ സുരക്ഷ ശക്തമാക്കി. നിരവധി എഐഎഡിഎംകെ പ്രവർത്തകരും നേതാക്കളും ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഉച്ചയ്ക്ക് ശേഷം ബംഗ്ളൂരു കോടതിയിലെത്തി ശശികല കീഴടങ്ങുമെന്നാണ് സൂചന. വിമാനമാർഗ്ഗമായിരിക്കും ശശികല ബെംഗ്ളൂരുവിലെത്തുക. ബെംഗ്ളൂരു പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സുരക്, ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ ഉറ്റബന്ധുക്കളെ പാർട്ടിയുടെ തലപ്പത്തെത്തിച്ച് കടിഞ്ഞാൺ കയ്യിൽ വെക്കാനുള്ള ശ്രമങ്ങളാണ് ശശികല ഇപ്പോൾ നടത്തുന്നത്. മുമ്പ് എഐഎഡിഎംകെ യിൽ നിന്ന് ജയലളിത പുറത്താക്കിയ സഹോദരി പുത്രൻ ടിടിവി ദിനകരനെ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി ശശികല നിയമിച്ചു. പാർട്ടിയുടെ മുൻ ഖജാൻജി കൂടിയാണ് ദിനകരൻ.