ജേക്കബ് തോമസിനെ കൈവിടാതെ മുഖ്യമന്ത്രി; വിജിലന്‍സ് ഡയറക്ടറില്‍ പൂര്‍ണ്ണവിശ്വാസം; ലോ അക്കാദമി ഭൂമിയില്‍ അന്വേഷണമില്ല

വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയ വിഷയത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടിയെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോ അക്കാദമി സമരം സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും ഏതോ കാലത്ത് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ജേക്കബ് തോമസിനെ കൈവിടാതെ മുഖ്യമന്ത്രി; വിജിലന്‍സ് ഡയറക്ടറില്‍ പൂര്‍ണ്ണവിശ്വാസം; ലോ അക്കാദമി ഭൂമിയില്‍ അന്വേഷണമില്ല

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ഡയറക്ടറില്‍ സര്‍ക്കാരിന് പൂര്‍ണ്ണ വിശ്വാസമാണെന്നും വിശ്വാസമില്ലാത്ത ഒരാളെ ആ സ്ഥാനത്ത് ഇരുത്തില്ലെന്നും പിണറായി പറഞ്ഞു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജേക്കബ് തോമസിനെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറയെ തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.


വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയ വിഷയത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് നിയമോപദേശം തേടിയതെന്നും അദ്ദേഹം പറഞ്ഞു.

ഐഎഎസുകാര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നത് ശരിയാണ്. അവരുടെ പ്രതിനിധികളോട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫയലുകള്‍ കെട്ടിക്കിടക്കുന്നെന്ന പ്രതീതി പരന്നിട്ടുണ്ടെന്നും ഇക്കാര്യം ഗൗരവമായി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി വസ്തുതാപരമാണെങ്കില്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ലോ അക്കാദമി ഭൂമിയെപ്പറ്റി അന്വേഷണമില്ല

തിരുവനന്തപുരം ലോ അക്കാദമിയ്ക്ക് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി പി രാമസ്വാമിയുടെ കാലത്ത് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണം നടത്താന്‍ കഴിയില്ല. ഈ സര്‍ക്കാരിന്റെ കാലത്തോ മുന്‍ സര്‍ക്കാരിന്റെ കാലത്തോ അല്ല ഭൂമി കൈമാറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോ അക്കാദമിയിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന ഭൂമി തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ലോ അക്കാദമി വിഷയത്തിലെ സിപിഐ നിലപാടിനെതിരെയും മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനമുന്നയിച്ചു. ഓരോ പാര്‍ട്ടിയ്ക്കും ഓരോ നിലപാടുണ്ടാകും. ബിജെപി നേതാവ് വി മുരളീധരന്‍ നടത്തിയ സമരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് പലര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണ്. സംസ്ഥാനത്തെ യുഎപിഎ കേസുകള്‍ പരിശോധിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.

Read More >>