ഉണ്ണിയാല്‍ കടപ്പുറത്ത് വീണ്ടും ആക്രമണം; ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ 9 പേര്‍ക്ക് വെട്ടേറ്റു

കഴിഞ്ഞ കുറേ കാലമായി സിപിഎം – ലീഗ് സംഘര്‍ഷം നിലവിലുള്ള പ്രദേശമാണ് ഉണ്ണിയാല്‍. മൂന്ന് മാസം മുന്‍പ് ഇവിടെ ഇരുപതോളം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. ലീഗ് പ്രവര്‍ത്തകനായ റാഷിഖ് കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടതോടെയാണ് ഈ തീരപ്രദേശത്ത് വീണ്ടും അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

ഉണ്ണിയാല്‍ കടപ്പുറത്ത് വീണ്ടും ആക്രമണം; ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ 9 പേര്‍ക്ക് വെട്ടേറ്റു

താനൂര്‍ നിയോജക മണ്ഡലത്തിലെ ഉണ്ണിയാല്‍ കടപ്പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ട് പേര്‍ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇവര്‍ക്ക് വെട്ടേറ്റത്. ഫുട്‌ബോള്‍ മത്സരം നടക്കുന്ന നാട്ടിലെ സ്റ്റേഡിയം ഗ്രൗണ്ടിലെ ഉപകരണങ്ങള്‍ക്ക് കാവല്‍ കിടക്കുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നാല്‍പതോളം വരുന്ന സംഘം ഇവരെ അക്രമിച്ചത് എന്നാണ് മൊഴി.

ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

കഴിഞ്ഞ കുറേ കാലമായി സിപിഎം – ലീഗ് സംഘര്‍ഷം നിലവിലുള്ള പ്രദേശമാണ് ഉണ്ണിയാല്‍. മൂന്ന് മാസം മുന്‍പ് ഇവിടെ ഇരുപതോളം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. ലീഗ് പ്രവര്‍ത്തകനായ റാഷിഖ് കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടതോടെയാണ് ഈ തീരപ്രദേശത്ത് വീണ്ടും അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

സംഭവസ്ഥലത്ത് തിരൂര്‍ ഡിവൈഎസ്പി എജെ ബാബു, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡിവൈഎസ്പി എജെ ബാബു അറിയിച്ചു

Reported by: Shafeeq Babu

Read More >>