കാരുണ്യ- സുകൃതം ചികിത്സാ പദ്ധതികളുടെ നടത്തിപ്പ് ആശങ്കയില്‍; വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്നു ധനമന്ത്രി

കാരുണ്യ ലോട്ടറിയില്‍ നിന്നും ആദായമായി ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയോഗിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് 'കാരുണ്യ ബനവലന്റ് ഫണ്ട്‌'

കാരുണ്യ- സുകൃതം ചികിത്സാ പദ്ധതികളുടെ നടത്തിപ്പ് ആശങ്കയില്‍; വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്നു ധനമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ- സുകൃതം ചികിത്സാ പദ്ധതികളിലായി കോടികളുടെ കുടിശ്ശികയുള്ളതിനാല്‍ ഈ പദ്ധതികളുടെ തുടര്‍നടത്തിപ്പ് ആശങ്കയിലായി. കാരുണ്യ, സുകൃതം ചികിത്സ പദ്ധതികളില്‍ 900 കോടി രൂപയുടെ കുടുശ്ശികയാണുള്ളത്. കാരുണ്യ പദ്ധതിയിലെ മാത്രം കുടിശ്ശിക 854 കോടി രൂപയാണ്. പദ്ധതികള്‍ ഉടനെ നിര്‍ത്തലാക്കുന്നു എന്ന സൂചന ശക്തമായപ്പോള്‍ സംസ്ഥാന ധനകാര്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി.

ഒരു ജീവകാരുണ്യ പദ്ധതികളും ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല. യുഡിഎഫ് സർക്കാർ ഭരണമൊഴിയുമ്പോള്‍ 391 കോടിരൂപ കുടിശിക ഉണ്ടായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ച തുകയേ വിതരണം ചെയ്തിരുന്നുള്ളൂ. അധിക ക്ലെയിമുകളെല്ലാം കുടിശികയാണ്. കാരുണ്യ ഉള്‍പ്പെടെയുളള മുഴുവന്‍ ആരോഗ്യ പദ്ധതികളും ഏകീകരിച്ച്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ സംവിധാനം ഏര്‍പ്പെടുത്താനുളള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും ധനമന്ത്രി അറിയിച്ചു.


ഇത്തരത്തിലുള്ള പദ്ധതികളെല്ലാം കൂട്ടി യോജിപ്പിച്ച് പുതിയ ഇൻഷുറൻസ് കൊണ്ടുവരാനാണു ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും പറഞ്ഞു.

കാരുണ്യ ലോട്ടറിയിൽനിന്നുള്ള വരുമാനം പൊതുഫണ്ടിൽ ലയിപ്പിച്ച സർക്കാർ നടപടിയാണു പണലഭ്യത ഇല്ലാതാക്കിയെതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം