നാടിന് 'നല്ലത് വരാന്‍' ആന്ധ്രയില്‍ കൗമാരക്കാരെ വിവാഹം കഴിപ്പിച്ചു

പതിമൂന്നുകാരിയായ ശ്രുതിയേയും 15കാരനായ ആദിത്യയേയുമാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചത്.

നാടിന്

നാടിന് സമൃദ്ധി വരാനെന്ന പേരില്‍ ആന്ധ്രപ്രദേശില്‍ 13കാരിയേയും 15കാരനേയും വിവാഹം കഴിപ്പിച്ചു. ശ്രുതി (ശരിയായ പേരല്ല), ആദിത്യ (ശരിയായ പേരല്ല) എന്നീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ഹൈദരാബാദിനടുത്ത് ഒരു ഗ്രാമത്തില്‍ വിവാഹം കഴിപ്പിച്ചത്. തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നെന്നും പഠനം തുടരാന്‍ ആഗ്രഹിക്കുന്നതായും ശ്രുതി സംഭവമറിഞ്ഞെത്തിയ മാധ്യമങ്ങളോട് പറഞ്ഞു. പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ തന്നോട് വിവാഹം കഴിക്കാന്‍ പിതാവ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ആദിത്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.


സംഭവം പുറം ലോകമറിഞ്ഞതോടെ ഇരുവരേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. തങ്ങള്‍ സമുദായത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് ഇരുവരുടേയും മാതാപിതാക്കള്‍ പറഞ്ഞു. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഹിന്ദുക്കളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചതിന് തങ്ങളെ നാട്ടുകാര്‍ കള്ളക്കേസില്‍ കുടുക്കിയതായി പെണ്‍കുട്ടിയുടെ പിതാവ് രമേഷ് ശര്‍മ പറഞ്ഞു. വേദങ്ങളില്‍ പറയുന്നതുകൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിവാഹം കഴിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു. ദാരിദ്ര്യം കൊണ്ടല്ല മറിച്ച് അന്ധവിശ്വാസം കൊണ്ടാണ് കൗമാര പ്രായത്തിലുള്ളവരുടെ വിവാഹം നടത്തിയതെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം അച്യുത റാവു പറഞ്ഞു.