നെഹ്രുവിയന്‍ സെക്കുലറിസമോ, ഗാന്ധിയന്‍ സെക്കുലറിസമോ- ഏതാണ് ഇന്ത്യക്ക് നല്ലത്?

രാഷ്ട്രപിതാവായ ഗാന്ധിജി പോലും ശാസ്ത്രീയ ചിന്തകള്‍ക്കും, യുക്തിഭദ്രതയ്ക്കുമപ്പുറം മതങ്ങളെയും, ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയുമാണ് കൂട്ടുപിടിച്ചത്. ഒരുപക്ഷെ, ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും നടക്കുന്ന മണ്ണിലും എല്ലാം മതവും ജാതിയും, വിശ്വാസങ്ങളും രൂഢമൂലമായ ഭാരതസമൂഹത്തെ മുന്നില്‍നിന്ന് നയിക്കുവാനും സ്വാധീനിക്കാനും മതം തന്നെയായിരിക്കും ഉത്തമം എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഈ രാജ്യത്തെ ജനങ്ങളെ നവീകരിക്കുവാന്‍ ഏറ്റവും എളുപ്പം ഇവിടുത്തെ മതങ്ങളെ നവീകരിക്കുകയാണ് എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും.

നെഹ്രുവിയന്‍ സെക്കുലറിസമോ, ഗാന്ധിയന്‍ സെക്കുലറിസമോ- ഏതാണ് ഇന്ത്യക്ക് നല്ലത്?

റോബിന്‍ ആചാര്യ

തലക്കു മുകളില്‍ തൂങ്ങുന്ന ഡെമോക്ലിസിന്റെ വാള്‍

ലെനിന്‍ രാജേന്ദ്രന്റെ 2003 ല്‍ ഇറങ്ങിയ ചിത്രമാണ് 'അന്യര്‍'. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളെ ഇത്രയധികം സമ്യക്കായി അവതരിപ്പിക്കുന്ന ഒരു ചിത്രം അതിനു മുന്‍പോ, അതിനു ശേഷമോ ഉണ്ടായിട്ടില്ല. 2003 ല്‍ ഈ ചിത്രം കാണുമ്പോള്‍ കേരളം ഭയന്നുതുടങ്ങിയിരുന്നതേ ഉണ്ടായിരുന്നുള്ളു... അതിര്‍ത്തികള്‍ കടന്ന് വിഭാഗീയത കേരളത്തില്‍ എത്തുന്നത് ദൂരെനിന്ന് നോക്കിക്കാണുന്നതു പോലെയാണ് അന്നെനിക്കു തോന്നിയത്... എന്നാല്‍ ഇന്നത് നമ്മുടെ വീടിന്റെ മുറ്റത്തെത്തി. വംശീയ ധ്രുവീകരണം മണിക്കൂറുകള്‍ വച്ച് ഏറിവരുന്നു..


മതവും, മതഭ്രാന്തും ഒരു വശത്തുനിന്ന് ജനങ്ങളെ നാലാം നൂറ്റാണ്ടിലെ മരുഭൂമിയിലേ സംസ്‌കാരം അനുവര്‍ത്തിക്കുവാന്‍ വേണ്ടി പിടിച്ചുവലിക്കുന്നു, മറുവശത്താകട്ടെ വിധ്വേഷവും വെറുപ്പും സഹസ്രാബ്ദങ്ങള്‍ക്ക് പുറകിലേയ്ക്കുള്ള ശിലായുഗത്തിലേക്ക് മനുഷ്യനെ കൂട്ടികൊണ്ടുപോകുന്നു. ഇനിയും ഒരു കൂട്ടര്‍, ഇരുണ്ട നൂറ്റാണ്ടിലെ വിഭ്രാന്തി സിദ്ധാന്തത്തിലേയ്ക്കും, ഒരിക്കല്‍ പഴയകിയ നിയമം എന്ന് അവര്‍ തന്നെ എഴുതി തള്ളിയതുമായ പ്രാകൃത ഗോത്രവര്‍ഗ ദുരാചാരങ്ങളിലേയ്ക്ക് ആടുകളെ തെളിയിക്കുന്നു. ഇതിനടിയില്‍, ധന സമ്പാദനത്തില്‍ മുഴുകിയിരിക്കുന്ന ഇടയന്മാര്‍ , വല്ല്യ ഇടയന്റെ മഹത്തരമായ ആഹ്വാനങ്ങളെ തൃണവല്‍ക്കരിക്കുന്നു...

രാഘവന്‍ പേരുമാറ്റി അന്‍വര്‍ എന്നോ ജോസഫ് എന്നോ ആക്കിയതുകൊണ്ട് അടിസ്ഥാനപരമായ വാസന മാറുന്നില്ല. നമ്മള്‍ ഇരുണ്ട യുഗത്തിലേക്ക് ഒരേ പോലെ മുന്നേറുകയാണ്. ഫാസിസം അതിന്റെ ലക്ഷണങ്ങള്‍ ഓരോന്നായി കാണിച്ചുതരുമ്പോഴും, സംഘടിത ശക്തികള്‍ രാജ്യസ്നേഹത്തിന്റെ പുകമറയില്‍ ബഹുജനത്തെ ഒരു വിഭ്രാന്തിയില്‍ നിര്‍ത്തുന്നു. നമ്മുടെ കൂടെ അല്ലാത്തവര്‍ എല്ലാം നമ്മുടെ ശത്രുക്കള്‍ ആണെന്ന വംശ വെറിയുടെ, വിഭ്രാന്തിയുടെ സിദ്ധാന്തം... അജ്ഞത ഒരു അനുഗ്രഹമാണ് മൂഢന്മാര്‍ക്ക്...

വംശവെറിയുടെ മരണമണി നാദം അടുത്തുവരുന്നതു പോലെ... അര്‍മേനിയയോ, റുവാണ്ടയോ, നാസി ജര്‍മനിയോ ഒക്കെ സ്‌ക്രീനില്‍ നിന്നു നമ്മുടെ മണ്ണിലേക്ക് എത്തുമ്പോള്‍ ഓര്‍ക്കുക മനുഷ്യത്വത്തിന് എതിരായുള്ള ഏതു സിദ്ധാന്തവും മനുസ്യരാശിയെ മുച്ചൂടം മുടിക്കുക തന്നെ ചെയ്യും.

നെഹ്രു പരാജയപ്പെട്ടപ്പോള്‍...

നെഹ്രു വിഭാവനം ചെയ്ത സെക്കുലറിസം എന്നത് തികച്ചും മതനിരപേക്ഷത അഥവാ മതത്തെ സ്റ്റേറ്റില്‍ നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തുക എന്നതാണ്. ഭരണത്തിലോ, ഔദ്യോഗികമായ മറ്റൊരു മേഖലകളിലോ മതത്തെയോ, മതസ്വാധീനങ്ങളെയോ, പൂര്‍ണമായും അകറ്റിനിര്‍ത്തി മുമ്പോട്ടുപോവുക എന്നതായിരുന്നു നെഹ്രുവിയന്‍ സെക്കുലര്‍ വിവക്ഷ. പാശ്ചാത്യരാജ്യങ്ങളിലെ സെക്കുലറിസത്തിന്റെ കാഴ്ചപ്പാടും, അനുവര്‍ത്തനവും സമാനമാണ്. ശാസ്ത്രീയ പുരോഗതിക്കും, ശാസ്ത്രീയമായ, യുക്തിഭദ്രമായ ചിന്താധാരയ്ക്കും ഈ സെക്കുലറിസം അത്യാന്താപേക്ഷിതമാണ്. എന്നാല്‍ നെഹ്രുവിനു ശേഷം വന്ന ഭരണമാറ്റത്തില്‍ ഈ സെക്കുലര്‍ കാഴ്ചപ്പാടും മാറിത്തുടങ്ങി. എല്ലാ മതങ്ങള്‍ക്കും, തുല്യപ്രാധാന്യം എന്ന് സെക്കുലറിസം പുനര്‍വായിക്കപ്പെട്ടപ്പോള്‍ മത, ഫാസിസ്റ്റ് ശക്തികള്‍ വളരെ വേഗം പിടിമുറുക്കുകയും, ശാസ്ത്രീയ കാഴ്ചപ്പാടുകളെ പുറകോട്ടുവലിക്കുകയും ചെയ്തു.

ക്രമേണ, സമസ്തമേഖലകളെയും കൈയടക്കി മതങ്ങളും, വിശ്വാസങ്ങളും മുന്നേറി. ഓരോ മതവിഭാഗത്തിനും പ്രത്യേകം നിയമങ്ങളായി കിരാതവംശഹത്യകള്‍ ഈ നാട്ടില്‍ പലതവണ അരങ്ങേറി. യുക്തിഭദ്രനായ നെഹ്രുവിന്റെ പിന്തുടര്‍ച്ചക്കാര്‍ അദ്ദേഹത്തിന്റെ ശാസ്ത്രബോധത്തെ ഉള്‍ക്കൊണ്ടില്ല. ഇന്ദിരാഗാന്ധി പോലും പിതാവിന്റെ പാത പിന്തുടര്‍ന്നില്ല. യുക്തിക്കും, ശാസ്ത്രത്തിനുമുപരി മനുഷ്യദൈവങ്ങളെയും, നിഗൂഢശാസ്ത്രങ്ങളെയും ആശ്രയിച്ചുപോന്നു അവര്‍.

മതത്തെ മാറ്റി നിര്‍ത്തിയിട്ട് ഇവിടെ ഒന്നും വേണ്ട, ഭക്ഷണം പോലും...

മതത്തെ സ്റ്റേറ്റില്‍ നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തുക എന്ന നെഹ്രുവിയന്‍ സെക്കുലര്‍ വിഭാവന, അദ്ദേഹത്തിനു ശേഷം പൂര്‍ണമായും പരാജയപെടുകയായിരുന്നു. വീടും, ഭക്ഷണവും, വസ്ത്രങ്ങളും ഒന്നുമില്ലെങ്കിലും ദൈവങ്ങളും, ആരാധനാലയങ്ങളും വീണ്ടും വീണ്ടും ഉയരണമെന്ന് വിശ്വസിക്കുന്ന ഒരു ജനതക്കു ചേരുന്ന നയം ആയിരുന്നില്ല മതരഹിത സെക്കുലറിസം. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ഗ്രന്ഥത്തില്‍ ലാറി കോളിന്‍സും ഡൊമിനിക്ക് ലാപിയറും പറഞ്ഞിരിക്കുന്നതു പോലെ, കുടിക്കുന്ന വെള്ളത്തിലും, ശ്വസിക്കുന്ന വായുവിലും മതവും ജാതിയും വേര്‍തിരിച്ചെടുക്കുന്ന ഒരു ജനത, ദൈവം എന്ന സങ്കല്‍പ്പത്തില്‍ വിഭ്രാന്തി പൂണ്ട ഒരു രാജ്യം, അവര്‍ക്കു പറ്റുന്ന സിദ്ധാന്തമായിരുന്നില്ല മതരഹിത സെക്കുലറിസം.

അടിമത്വ വാസന രക്തത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു ജനതക്ക് ജനാധിപത്യം എന്നത് ഒരു അധികപ്പറ്റായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുവാന്‍ ഇനിയും പ്രാപ്തമല്ല എന്ന് ഗോഖലെയും, ഗാന്ധിജിയും അവസാന നാളുകളില്‍ കരുതിയിരുന്നു. ഇതു തന്നെയാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറക്കെ പറഞ്ഞത്. റോബര്‍ട്ട് ലോയ്ഡ് പറഞ്ഞതുപോലെ ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സ്വാന്ത്ര്യവും, ധനസഹായവും കൊടുക്കേണ്ട ആവശ്യമില്ല. അവര്‍ മടിയന്മാരായി ദൈവങ്ങളെ സേവിച്ചും, മന്ത്രവാദം നടത്തിയും സമയവും, പണവും മുടിക്കുകയാണ്.

ഗാന്ധിയന്‍ സെക്കുലറിസം തന്നെയാണ് ഇന്ത്യക്ക് ആവശ്യം

യുക്തിക്കും, ശാസ്ത്രത്തിനും മതത്തിന്റെ ഏഴയല്‍പക്കത്തുപോലും സ്ഥാനം നല്‍കാത്ത, യുക്തിവാദികളെ കൊടുംനീചരായി കാണുന്ന ഒരു സമൂഹത്തില്‍ യുക്തിഭദ്രനായ ഒരു ഭരണാധികാരിക്കു ഇനി സ്ഥാനം ഉണ്ടാകുമോയെന്ന് സംശയമാണ്. അതുപോലെ തന്നെ ശാസ്ത്രത്തിനും യുക്തിക്കും പുറംതിരിഞ്ഞു നിന്നുകൊണ്ട് പൂര്‍വ്വകാലത്തിന്റെ സുവര്‍ണപ്പെരുമയില്‍ വസന്തത്തിലും രതിമൂര്‍ച്ഛ കൊള്ളുന്ന ഈ മണ്ണില്‍ ഇനിയും എത്ര ശ്രമിച്ചാലാണ് യുക്തിബോധം വേരോടുക. പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ വിഭാഗീയത മാത്രം നോക്കിയാല്‍ മതി ഒരു ജനത എന്ന നിലക്ക് നമ്മള്‍ എത്ര ചുരുങ്ങിയവര്‍ ആണെന്നാണ് മനസിലാക്കുവാന്‍. സകല വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും വിദേശ ഇന്ത്യക്കാരുടെ ഇടയില്‍ വന്‍ സ്വാധിനമാണ്.

രാഷ്ട്രപിതാവായ ഗാന്ധിജി പോലും ശാസ്ത്രീയ ചിന്തകള്‍ക്കും, യുക്തിഭദ്രതയ്ക്കുമപ്പുറം മതങ്ങളെയും, ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയുമാണ് കൂട്ടുപിടിച്ചത്. ഒരുപക്ഷെ, ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും നടക്കുന്ന മണ്ണിലും എല്ലാം മതവും ജാതിയും, വിശ്വാസങ്ങളും രൂഢമൂലമായ ഭാരതസമൂഹത്തെ മുന്നില്‍നിന്ന് നയിക്കുവാനും സ്വാധീനിക്കാനും മതം തന്നെയായിരിക്കും ഉത്തമം എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഈ രാജ്യത്തെ ജനങ്ങളെ നവീകരിക്കുവാന്‍ ഏറ്റവും എളുപ്പം ഇവിടുത്തെ മതങ്ങളെ നവീകരിക്കുകയാണ് എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും.