'നിങ്ങളുടെ മക്കളെ കാണണമെങ്കില്‍ ശരിക്കും കണ്ടിട്ട് പൊയ്‌ക്കോ... ഇപ്പോ കണ്ടില്ലെങ്കില്‍ ഇനി ശരിക്കു കാണാന്‍ പറ്റിയെന്നു വരില്ല'; വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍

ജിഷ്ണുവിന്റെ കാര്യം ചോദിച്ചപ്പോള്‍ ' പോയതു പോയി' എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം.

സമരം ചെയ്യാന്‍ നേത്യത്വം നല്‍കിയെന്നാരോപിച്ച് പാമ്പാടി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട നാലു വിദ്യാര്‍ത്ഥികളില്‍ മൂന്നുപേരുടെ  രക്ഷിതാക്കളെ കോളേജിലേക്ക് വിളിച്ചു വരുത്തി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഭീഷണിപ്പെടുത്തി. ജിഷ്ണുവിനു മര്‍ദ്ദനമേറ്റ ഇടിമുറിയിലേക്കു വിളിച്ചു വരുത്തിയാണ് കൃഷ്ണദാസിന്റെ ഭീഷണി. ഇതിനെതിരെ രക്ഷിതാക്കള്‍ ഇന്നു പരാതി നല്‍കും.

വധഭീഷണി മുഴക്കിയതിലും മക്കളുടെ ജീവനു ഭീഷണിയുണ്ടെന്നും കാണിച്ച് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇന്നു മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി, ഡി ജി പി എന്നിവര്‍ക്കാണു പരാതി നല്‍കുന്നത്.


പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ് എഫ് ഐയും എ ഐ എസ് എഫും നടത്തിയ സമരത്തിന്റെ തലേന്നാണു കൃഷ്ണദാസ് രക്ഷിതാക്കളെ വിളിച്ചു ഭീഷണി മുഴക്കിയത്. ബി ജെ പി നേതാവ് മുരളീധരന്‍ പാമ്പാടി കോളേജിലെത്തി തിരിച്ചു പോയതിനു ശേഷമായിരുന്നു രക്ഷിതാക്കളെ ഇടിമുറിയിലേക്ക് വിളിപ്പിച്ചത്.

ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളായ അതുല്‍ ജോസിന്റെ പിതാവ് ജോഷി പി മാത്യു, നിഖിലിന്റെ പിതാവ് ആന്റണി, സുജേഷിന്റെ അമ്മ എന്നിവരെ ഒരുമിച്ചു വിളിച്ചിരുത്തിയാണ് കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയത്. അതെ സമയം അടച്ചിട്ട കോളേജുകള്‍ തല്‍ക്കാലം തുറക്കാന്‍ തനിക്കു താല്‍പ്പര്യമില്ലെന്ന് കൃഷ്ണദാസ് പറഞ്ഞതായ വാര്‍ത്തയും പുറത്തു വരുന്നുണ്ട്.

വെള്ളിയാഴ്ച്ച കൃഷ്ണദാസ് ലക്കിടി നെഹ്‌റു കോളേജില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പാമ്പാടി കോളേജിനൊപ്പം അടഞ്ഞു കിടക്കുന്ന ലക്കിടി കോളേജ് തുറക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നിലനില്‍ക്കേയാണ് ലക്കിടി കോളേജില്‍ യോഗം ചേര്‍ന്നത്. കോളേജുമായി ഒരു ബന്ധവുമില്ലാത്ത ചിലരെ ചേര്‍ത്ത് ഒരു തട്ടിക്കൂട്ടു പി ടി എ കൃഷ്ണദാസ് ഉണ്ടാക്കിയിട്ടുണ്ട്. ഈ പി ടി എയിലെ അംഗങ്ങളില്‍ ഭൂരിഭാഗം പേരുടെ മക്കളും കോളേജില്‍ പഠിക്കുന്നില്ല. സ്വന്തം താല്‍പ്പര്യ പ്രകാരം വെള്ളിയാഴ്ച്ച കൃഷ്ണദാസ് വിളിച്ചു ചേര്‍ത്ത ഈ യോഗത്തില്‍ കൃഷ്ണദാസ് കോളേജ് തുറക്കാതിരുന്നാലുള്ള ലാഭത്തെക്കുറിച്ചാണു സംസാരിച്ചത്.
'എനിക്കു കോളേജ് തുറക്കണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല, ഇതൊക്കെ അടഞ്ഞു കിടന്നാല്‍ അത്രയും ലാഭം ആണ്. വൈദ്യുതി, വെള്ളം ബില്ലുകളില്‍ വലിയ തുക ലാഭിക്കാം. എല്ലാവരും കോളേജ്, ഹോസ്റ്റല്‍ ഫീസ് അടച്ചു കഴിഞ്ഞതിനാല്‍ അത്രയും ലാഭമാണ് എനിക്കുള്ളത്.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് കോളേജ് തുറക്കാന്‍ സാദ്ധ്യമല്ലെന്നും കൃഷ്ണദാസ് അന്നത്തെ യോഗത്തില്‍ പറഞ്ഞതായി ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോട് പറഞ്ഞു.ശനിയാഴ്ച്ച കോളേജിലെ സെമിനാര്‍ മുറിയിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കടന്നപ്പോഴും കൃഷ്ണദാസ് തുടക്കത്തില്‍ പുച്ഛമാണ് പ്രകടിപ്പിച്ചത്. 'ഇതു പൊലിസിന് അഞ്ചു മിനിറ്റ് പണിയേ ഉള്ളു' എന്നാണ് അടുത്തിരുന്നയാളോടു കൃഷ്ണദാസ് പറഞ്ഞത്. എസ് എഫ് ഐയുടെ ഉപരോധം ശക്തമായപ്പോള്‍ പൊലിസ് കൃഷ്ണദാസിനെ പുറത്തേക്കു കൊണ്ടു പോകാന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥികള്‍ അതു തടഞ്ഞതോടെ കൃഷ്ണദാസ് കയ്യില്‍ ഉണ്ടായിരുന്ന ഒരു ഫയല്‍ മാറി നിന്ന് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് സംസാര മദ്ധ്യേ ഈ ഫയല്‍ കാണണമെന്നായി എസ് എഫ് ഐ നേതാക്കള്‍.

'നിങ്ങള്‍ ഒളിപ്പിച്ചു വെച്ച ഫയല്‍ കാണിക്കണം ' എന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞപ്പോള്‍ അങ്ങിനെയൊരു ഫയല്‍ ഇല്ലെന്നായി കൃഷ്ണദാസ്. 'ഒളിപ്പിച്ചു വെച്ച ഫയല്‍ ഷര്‍ട്ടിനുള്ളില്‍ നിന്ന് ഞങ്ങളെടുത്ത് തരാം ' എന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞപ്പോള്‍ 'അതെന്റെ സ്വകാര്യ ഫയലാണ്, കോളേജ് കാര്യങ്ങളല്ല,' എന്നായി കൃഷ്ണദാസ്. തുടര്‍ന്നാണ് ഫയല്‍ കാണണമെന്ന ആവശ്യത്തില്‍ നിന്നും എസ് എഫ് ഐ പിന്‍മാറിയത്.' മക്കളെ കാണണമെങ്കില്‍ മോര്‍ച്ചറിയില്‍ വരണം' എന്നു രക്ഷിതാക്കളെ വിളിച്ചു പറഞ്ഞതും ഉപരോധത്തിന്നിടെ എസ് എഫ് ഐ നേതാക്കളും പിന്നീട് അവിടെയെത്തിയ എ ഐ എസ് എഫ് നേതാക്കളും ചോദിച്ചു. അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കൃഷ്ണദാസിന്റെ മറുപടി.
ജിഷ്ണുവിന്റെ കാര്യം ചോദിച്ചപ്പോള്‍ ' പോയതു പോയി' എന്നായിരുന്നു പ്രതികരണം.

ഉപരോധത്തിന് പിന്നാലെ ഞായറാഴ്ച്ച പാമ്പാടി കോളേജില്‍ നടത്താനിരുന്ന യോഗം സെക്യൂരിറ്റി കാരണങ്ങളാല്‍ മാറ്റി വെച്ചതായി കാണിച്ച് രക്ഷിതാക്കള്‍ക്ക് എസ് എം എസ് വന്നു. ഇതേ അവസ്ഥ തിങ്കളാഴ്ച്ച നടത്തുമെന്ന്  പറഞ്ഞ യോഗങ്ങള്‍ക്കും സംഭവിക്കുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

Read More >>