അറുതിപ്പിരിവിനെതിരെ പരാതി നൽകിയ നിയമവിദ്യാർത്ഥിയെ ക്യാമ്പസിൽ നിന്നു വിളിച്ചിറക്കി മർദ്ദിച്ചു; നെഹ്റു ഗ്രൂപ്പ് ചെയർമാനെതിരെ വീണ്ടും കേസ്

ഒറ്റപ്പാലം ലക്കിടിയിലെ നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തിന്റെ (22) പരാതിയെ തുടര്‍ന്ന് നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ പൊലീസ്‌ വീണ്ടും കേസെടുത്തു. ജിഷ്ണു പ്രണോയിടെ മരണവുമായി ബന്ധപ്പെട്ടും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതിനും കൃഷ്ണദാസിനെതിരെ നേരത്തെ തന്നെ കേസുകള്‍ നില നില്‍ക്കുന്നുണ്ട്.

അറുതിപ്പിരിവിനെതിരെ പരാതി നൽകിയ നിയമവിദ്യാർത്ഥിയെ ക്യാമ്പസിൽ നിന്നു വിളിച്ചിറക്കി മർദ്ദിച്ചു; നെഹ്റു ഗ്രൂപ്പ് ചെയർമാനെതിരെ വീണ്ടും കേസ്

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പഴയന്നൂര്‍ പൊലീസ്‌ കേസെടുത്തു. ഒറ്റപ്പാലം ലക്കിടിയിലെ നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തിന്റെ (22) പരാതിയെ തുടര്‍ന്നാണ് കൃഷ്ണദാസിനെതിരെ പൊലിസ് കേസെടുത്തത്.

കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര ആദായ നികുതി വകുപ്പിനും ഷഹീര്‍ പരാതി അയച്ചിരുന്നു.ഇതിന്റെ പ്രതികാരമെന്നോണം ലക്കിടി കോളേജില്‍ ഉണ്ടായിരുന്ന ഷഹീറിനെ പ്രത്യേക വാഹനത്തില്‍ കയറ്റി പാമ്പാടി കോളേജില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്.


ജിഷ്ണു പ്രണോയിടെ മരണവുമായി ബന്ധപ്പെട്ടും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതിനും കൃഷ്ണദാസിനെതിരെ നേരത്തെ തന്നെ കേസുകള്‍ നില നില്‍ക്കുമ്പോഴാണ് ഒരു പുതിയ കേസ് കൂടി വരുന്നത്.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജനുവരി മൂന്നിന് ചൊവ്വാഴ്ച്ചയായിരുന്നു ഷഹീറിന് കൃഷ്ണദാസിന്റെ മര്‍ദ്ദനമേറ്റത്. നെഹ്രു ഗ്രൂപ്പിന്റെ ലക്കിടി ക്യാമ്പസിൽ നടക്കുന്ന പീഡനങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയതിനാണ് ചെയര്‍മാന്‍ ഷഹീറിനെ വിളിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചത്.

തൊട്ടതിനും പിടിച്ചതിനുമെല്ലാം രശീത് നല്‍കാതെ ഫൈന്‍ ഈടാക്കുന്നതിന് എതിരേയും കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സുതാര്യ കേരളത്തിലേക്ക് ഉള്‍പ്പടെ ആറു പരാതികളാണ് ഷഹീര്‍ അയച്ചത്. കേന്ദ്ര സര്‍ക്കാറിനും ഇന്‍കംടാക്സ് വകുപ്പിനുമെല്ലാം പരാതി അയച്ചിരുന്നു.

പരാതി അയച്ചതിനു ശേഷം കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ക്രിസ്മസ് വെക്കേഷന് ഷഹീറിനെ കോളേജിലേക്ക് വിളിപ്പിച്ചു. കോളേജ് അവധിയായതിനാല്‍ ഷഹീര്‍ പോയില്ല. പിന്നീട് ജനുവരി മൂന്നിന് കോളേജ് തുറന്നപ്പോള്‍ ലക്കിടി കോളേജില്‍ നിന്നു ഷഹീറിനെ പാമ്പാടി കോളേജിലേക്കു വിളിച്ചുകൊണ്ടുപോയി. പാമ്പാടി കോളേജില്‍ നിന്നും അധികൃതര്‍ വന്ന് ഒരു ഓട്ടോയില്‍കയറ്റിയാണ് ഷഹീറിനെ കൂട്ടിക്കൊണ്ടുപോയത്.

പറഞ്ഞ കടലാസുകളില്‍ ഒപ്പിട്ടു നല്‍കിയില്ലെങ്കില്‍ ജീവനോടെ പുറത്തുപോകില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. പല തവണ ചെകിട്ടത്തടിച്ചു. മുട്ടുകാലു കൊണ്ട് വയറ്റത്ത് ഇടിച്ചു, നിലത്തുവീണപ്പോള്‍ തലയില്‍ ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. ജീവനോടെ പുറത്തുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ എല്ലാ പേപ്പറിലും ഒപ്പിട്ടുനല്‍കിയതായി ഷഹീര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

ഭയം ഉള്ളതുകൊണ്ട് അന്നു വീട്ടിലും നാട്ടിലും ഷഹീര്‍ പറഞ്ഞില്ല. കോളേജ് മാറുന്നതിനായി ഫെബ്രുവരി പതിനഞ്ചിനാണ് നെഹ്റു കോളേജില്‍ നിന്നും ചില പേപ്പറുകള്‍ കൂടി ഷഹീറിനു കിട്ടിയത്. തുടര്‍ന്നാണ് ഷഹീര്‍ ഈ വിവരം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി കേസുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചത്.

Read More >>