ജിഷ്ണുവിന്റെ ദുരൂഹമരണം: നെഹ്രു കോളേജില്‍ പ്രതികാരം; യൂണിറ്റ് രൂപീകരിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പുറത്താക്കി

ലോഅക്കാദമിയിലെ സമരം പാമ്പാടിയിലേയ്ക്ക് പടര്‍ന്നു. ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയാണ് പ്രതികാര നടപടി- അക്കാഡമിയിലെ പോലെ തെരുവിലേയ്ക്ക് സമരം വ്യാപിക്കുന്നു.

ജിഷ്ണുവിന്റെ ദുരൂഹമരണം:  നെഹ്രു കോളേജില്‍ പ്രതികാരം; യൂണിറ്റ് രൂപീകരിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പുറത്താക്കി

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അതുല്‍ ജോസ്, ജോയിന്റ് സെക്രട്ടറി നിഖില്‍ ആന്റണി, സുജേഷ് കെ.എസ്, മുഹമ്മദ് ആഷിഖ് എന്നിവരെയാണ് അനിശ്ചിത കാലത്തേക്കു മാനേജ്‌മെന്റ് പുറത്താക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സമരത്തില്‍.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കു നേതൃത്വം കൊടുത്തതും മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ നല്‍കിയതിനുമാണ് മാനേജ്‌മെന്റ് തങ്ങളെ പുറത്താക്കിയതെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


കഴിഞ്ഞ നാലു ദിവസങ്ങളിലായി കോളേജില്‍ പിടിഎ മീറ്റിങ് നടന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ വിളിച്ചു രക്ഷിതാക്കളോടു കോളേജില്‍ എത്താന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമാണ് പിടിഎ മീറ്റിങ്ങിനായി രക്ഷിതാക്കളെ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയ നാലു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ മാനേജ്‌മെന്റ് പിടിഐ മീറ്റിങ്ങിന് ക്ഷണിച്ചില്ല.ക്ഷണിച്ചില്ലെങ്കിലും പിടിഎ മീറ്റിങ്ങില്‍ സംസാരിക്കണമെന്ന് ആഗ്രഹിച്ചു കോളേജിലെത്തിയ നിഖിലിനെയും പിതാവിനെയും കാവാടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. ലിസ്റ്റില്‍ നിന്നു നാലു വിദ്യാര്‍ത്ഥികളുടെ പേര് വെട്ടിയുട്ടുണ്ടെന്നും അകത്തു കയറാന്‍ പറ്റില്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. ലിസ്റ്റില്‍ നിന്നു പേരുകള്‍ വെട്ടിയതിനെ നിഖിലും പിതാവും ചോദ്യം ചെയ്തു. തുടര്‍ന്നു പൊലീസെത്തി നിഖിലിന്റെ പിതാവിനെ മാത്രം അകത്തു പ്രവേശിപ്പിച്ചിരുന്നു.

https://youtu.be/2-DmZZfXUEY

(വിദ്യാർത്ഥിയെയും പിതാവിനെയും കവാടത്തില്‍ തടയുന്നതിൻറെ വീഡിയോ) 

പിറ്റേന്ന് പിടിഎ പ്രസിഡന്റ് നാലു വിദ്യാര്‍ത്ഥികളുടെയും വീട്ടിലേക്കു വിളിച്ചു പിടിഎ മീറ്റിങ്ങില്‍ പങ്കെടുക്കണമെന്നു അറിയിച്ചു. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പി.കെ. കൃഷ്ണദാസും പിടിഎ പ്രസിഡന്റും എക്‌സിക്യൂട്ടിവ് അംഗങ്ങളും പ്രത്യേക പിടിഎ യോഗത്തില്‍ ഉണ്ടായിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിചാരണ ചെയ്യുന്ന രീതിയിലാണ് കൃഷ്ണദാസ് സംസാരിച്ചത്. അതുല്‍ നാരദ ന്യൂസിനു വാര്‍ത്ത നല്‍കിയെന്നും ഇനിയും കോളേജിനെതിരെ നിന്നാല്‍ കേസ് കൊടുക്കുമെന്നും കൃഷ്ണദാസ് രക്ഷിതാക്കളോടു പറഞ്ഞു.വിദ്യാര്‍ത്ഥികളെ എത്ര കാലത്തേക്കാണ് പുറത്താക്കിയതെന്നു മാനേജ്‌മെന്റ് പറഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ക്കു നില്‍ക്കാതെ ഒത്തുതീര്‍പ്പിലെത്താനാണു പിടിഎ മീറ്റിങ്ങില്‍ പങ്കെടുത്ത രക്ഷിതാക്കളോടു മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിട്ടുണ്ട്.വാടകയ്‌ക്കെടുത്ത രക്ഷിതാക്കളെ ഉപോയഗിച്ചു നെഹ്രു കോളേജില്‍ അഡ്ജസ്റ്റ്‌മെന്റ് പിടിഎ നടത്തിയതിനെക്കുറിച്ച് നാരദ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ചെയര്‍മാന്റെ പ്രസംഗത്തിനു കൈയടിക്കാന്‍ പ്രത്യേക ആളുകളെ നിയോഗിച്ച പിടിഎ യോഗങ്ങളില്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയവരെ പ്രവേശിക്കാതെയായിരുന്നു യോഗം.പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ തിരുവില്വാമല- ഒറ്റപ്പാലം റോഡ് ഉപരോധിച്ചു. ഡിവൈഎസ് പി വിശ്വംഭരൻറെ  നേതൃത്വത്തില്‍ ഒത്തു തീര്‍പ്പു ചര്‍ച്ച നടത്തി. പുറത്താക്കിയവരെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. രണ്ടു മണിയോടെ റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി.

ജില്ലയിലെ മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജിലെയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Read More >>