രാമന്തളിയിലെ നേവൽ അക്കാദമി അന്നാട്ടുകാരോടു ചെയ്യുന്നത്...

സ്വന്തമായി 2500 ഏക്കർ ഭൂമിയുള്ള നേവൽ അക്കാദമി മാലിന്യപ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് ജനവാസകേന്ദ്രത്തോട്‌ ചേർന്നാണ്. ഇവിടത്തെ അശാസ്ത്രീയ മാലിന്യ ശേഖരണവും സംസ്കരണവും പ്രദേശത്തെയാകെ മലിനീകരിച്ചിരിക്കുന്നു. കിണറുകളിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്. ഇങ്ങനെ സ്വന്തം ഭൂമിയും വീടും പൈതൃകത്തിന്റേതായ എല്ലാ തിരുശേഷിപ്പുകളും അപ്പനപ്പൂപ്പന്മാരുടെ കുഴിമാടങ്ങളും ഓർമകളും എല്ലാം നേവൽ അക്കാദമിക്കായി വിട്ടുനൽകിയ ജനതയാണ് ഇപ്പോൾ പീഡിപ്പിക്കപ്പെടുന്നത്.

രാമന്തളിയിലെ നേവൽ അക്കാദമി അന്നാട്ടുകാരോടു ചെയ്യുന്നത്...

വീട്ടുമുറ്റത്തെ കിണർവെള്ളത്തിൽ കോളിഫോം ബാക്റ്റീരിയയുടെ അളവ് ക്രമാതീതമായി പെരുകി എന്നറിഞ്ഞാൽ മനുഷ്യർ എന്തുചെയ്യും? അത്രയേ ഏഴിമലയിലെ ജനത ചെയ്യുന്നുള്ളൂ. അതിനു കാരണമായ മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുക. നേവിക്കാരുടെ മലംതട്ടേണ്ടത് തങ്ങളുടെ കുടിവെള്ള സ്രോതസ്സിലേക്കല്ല എന്നു വിളിച്ചുപറയുക. ആരുടെയും ദേശസ്നേഹം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് തങ്ങളുടെ സമരം ദേശദ്രോഹമാകുമോ എന്നു സങ്കോചിച്ച് സമരം ചെയ്യേണ്ടിവരുന്ന നിസ്സഹായത എത്ര പരിതാപകരമാണ്!
രാഷ്ട്രത്തിന് അഭിമാനമായ നാവികത്താവളമാണ് ഇവിടെ സ്ഥാപിതമായത്. അതിനായി ഏറ്റെടുത്തത് 2500 ഏക്കർ സ്ഥലം. അതിൽ രണ്ടായിരം ഏക്കറോളം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. എന്നിട്ടും അക്കാദമിയുടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് അക്കാദമി കോമ്പൗണ്ടിന്റെ അതിർത്തിയിൽ ജനവാസ കേന്ദ്രത്തോടു ചേർന്ന്. സമാധാനകാലത്ത് സൈന്യം സിവിലിയൻ ജനതയോട് ചെയ്യുന്നത് ഇതാണെങ്കിൽ ആ സൈന്യം നൽകുമെന്നു പറയുന്ന സുരക്ഷയിൽ അവർ എങ്ങനെ തൃപ്തരാവാൻ?

പ്ലാന്റിൽ നിന്നുള്ള കക്കൂസ് മാലിന്യം പരിസരത്തെ കിണറുകളിലേക്ക് ഒഴുകിയിറങ്ങുകയാണ്. ഇവിടെ ശാസ്ത്രീയമായ മാലിന്യ സംസ്കരണമൊന്നുമില്ല. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ ദുർഗന്ധം എപ്പോഴും പരിസരത്തുണ്ടാവും. ഒരു മഴയെങ്ങാനും പെയ്താൽ ദുരിതം ഇരട്ടിയാകും. മഴവെള്ളത്തോടൊപ്പം പരിസരത്തെ വീട്ടുപറമ്പുകളിൽ പരക്കുന്നത് മലിനജലമാവും.

പ്ലാന്റ് സ്ഥാപിക്കുമ്പോൾ തന്നെ പരിസരവാസികൾ പഞ്ചായത്ത് വഴി നേവൽ ഉദ്യോഗസ്ഥരെ എതിർപ്പ് അറിയിച്ചിരുന്നു. പ്ലാന്റ് ദേശവാസികൾക്ക് പ്രശ്നമാവില്ലെന്നും ശാസ്ത്രീയമായ മാലിന്യസംസ്കരണമാണ് നടക്കുക എന്നുമാണ് അന്ന് അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ എല്ലാം ജലരേഖയായി.

ഒടുവിൽ സഹികെട്ട് ദേശവാസികൾ സംഘടിച്ചു. പരാതിയും നിവേദനവും ജനപ്രതിനിധികളെ കാണലും മുറയ്ക്കു നടന്നു. യാതൊരു ഫലവുമില്ലാതായപ്പോഴാണ് പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ദേശവാസികൾ രൂപം കൊടുത്ത 'ജനാരോഗ്യ സംരക്ഷണസമിതിയുടെ' നേതൃത്വത്തിൽ സമരപരിപാടികൾക്ക് രൂപം നൽകാനിരിക്കെയാണ് കിണർവെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് വരുന്നത്.

കോളിഫോം 1100+


രാമന്തളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലെ വാർഡ് തല ഹെൽത്ത് ആൻഡ് ഹൈജീനിക് കമ്മിറ്റിയാണ് പ്രദേശത്തെ കിണറുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കയക്കാൻ തീരുമാനിക്കുന്നത്. കേരളാ വാട്ടർ അതോറിറ്റിക്ക് കീഴിലുള്ള കണ്ണൂരിലെ ക്വാളിറ്റി കൺട്രോൾ റീജിയണൽ ലാബറട്ടറിയിലാണ് പരിശോധന നടന്നത്. പരിശോധനാ ഫലം അത്യന്തം ഞെട്ടിക്കുന്നതായിരുന്നു. വാട്ടർ സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് 1100+ cfu ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുടിവെള്ളത്തിൽ കോളിഫോം ബാക്റ്റീരിയ ഉണ്ടാവാനേ പാടില്ല.
ഇത് പെട്ടെന്നുള്ള ജനരോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കി. അക്കാദമി ഗേറ്റിൽ സമരസമിതിയുടെയും നാട്ടുകാരുടെയും പ്രതിഷേധ ധർണ നടക്കുന്നതിനിടെ കണ്ണൂർ സബ് കളക്ടർ രോഹിത് മീണ മാലിന്യപ്രശ്നം വിലയിരുത്താനായി സ്ഥലത്തെത്തി. എന്നാൽ സമരപ്പന്തലിലായിരുന്ന ബന്ധപ്പെട്ട വീട്ടുകാരെയോ നാട്ടുകാരെയോ കാണാൻ തയ്യാറാകാതെ കിണറുകളും മറ്റും നോക്കിക്കണ്ടു മടങ്ങാനായിരുന്നു സബ് കളക്ടറുടെ പരിപാടി.

(വായിക്കുക: എന്താണ് കോളിഫോം ബാക്റ്റീരിയ?)

തുടർന്ന് പ്രക്ഷോഭകർ റോഡ് ഉപരോധിക്കുകയും സബ് കലക്ടറേയും കൂടെയുണ്ടായിരുന്ന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെയും സമരപ്പന്തലിൽ എത്തിക്കുകയും ചെയ്തു. കോളിഫോം ബാക്ടീരിയ കിണറുകളിലെത്തുന്നത് അതാത് വീടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ നിന്നുമാണെന്നുള്ള നേവൽ അക്കാദമി ഉദ്യോഗസ്ഥരുടെ വാദം ശരിവയ്ക്കാനായിരുന്നു അധികൃതരുടെ നീക്കമെന്ന് നാട്ടുകാർ ആരോപിച്ചു.

ജനാരോഗ്യസമിതിയിലെ അംഗങ്ങളുമായി സബ് കളക്ടർ പ്ലാന്റ് സന്ദർശിക്കുകയും വിദഗ്ദരെകൊണ്ട് പ്ലാന്റ് പരിശോധിപ്പിക്കാം എന്ന് ഉറപ്പുനൽകുകയും ചെയ്താണ് സബ് കളക്ടർ മടങ്ങിയത്. പ്രശ്നത്തിന് പരിഹാരമാവുംവരെ മലിനജലമുള്ള പ്രദേശങ്ങളിൽ കുടിവെള്ള സംവിധാനമൊരുക്കാമെന്നും സബ് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. സമാനമായ പല ഉറപ്പുകളും കിട്ടിയിട്ടുള്ള ദേശവാസികൾ സബ് കളക്ടറുടെ വാക്കുകളിലും പൂർണ തൃപ്തരല്ല.

ദേശസ്നേഹകാലത്തെ നേവൽ അക്കാദമി സമരം


രാഷ്ട്രീയ പ്രബുദ്ധതയുടെയും സംഘശക്തിയുടെയും കാര്യത്തിൽ ലോകത്തെ ഏതൊരു ദേശവാസികളോടും എണ്ണം പറഞ്ഞു നിൽക്കാൻ കഴിവുള്ള പ്രദേശത്താണ് ഈ മാലിന്യ വിമുക്ത സമരം നടക്കുന്നത്. രാമന്തളിയുടെ സമീപദേശങ്ങളിലും കണ്ണൂരിലും ഇല്ലാത്ത ജനനേതാക്കളും മറ്റെങ്ങും ഉണ്ടാവാനും ഇടയില്ല. ദേശസ്നേഹത്തിന് വിലകൂടിയ കാലമായതുകൊണ്ടാവാം രാഷ്ട്രീയ പാർട്ടി-സംഘടനാ നേതൃത്വങ്ങളൊന്നും ഔദ്യോഗികമായി മുന്നിൽ നിൽക്കാതിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാനമായ നേവൽ അക്കാദമിക്കു മുന്നിൽ സമരം ചെയ്താൽ ദേശവിരുദ്ധൻ എന്ന് ആരെങ്കിലും വിളിച്ചാലോ? ഇപ്പോൾ സമരത്തിലിരിക്കുന്നവർക്കും അത്തരം ഒരു ഭീതി ഇല്ലാതില്ല.

ശുദ്ധമായ മണ്ണിനും വായുവിനും വെള്ളത്തിനും വേണ്ടി ഒരു ജനത നടത്തുന്ന സമരത്തിന് മുന്നിൽ നിൽക്കാൻ ജനപ്രതിനിധികൾ ആരും ഇല്ല. പഞ്ചായത്തിന് മാലിന്യപ്ലാന്റിന്റെ പ്രവർത്തനം തന്നെ അവസാനിപ്പിക്കാനുള്ള അധികാരങ്ങൾ ഉണ്ടായിട്ടും അതും പ്രയോഗിക്കുന്നില്ല.

ഡിവൈഎഫ്ഐ സ്വന്തം നിലയിൽ പ്രക്ഷോഭം നടത്തും എന്നാണ് പറയുന്നത്. യൂത്ത് കോൺഗ്രസ് ആകട്ടെ കഴിഞ്ഞ മാസം തന്നെ കേന്ദ്ര പ്രതിരോധമന്ത്രി, മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, നേവല്‍ കമാന്‍ഡന്റ് എന്നിവർക്ക് കത്തയച്ചുവെന്ന് പറഞ്ഞ് ചടഞ്ഞിരിപ്പാണ്.

സ്വന്തം ഭൂമിയും വീടും പൈതൃകത്തിന്റേതായ എല്ലാ തിരുശേഷിപ്പുകളും അപ്പനപ്പൂപ്പന്മാരുടെ കുഴിമാടങ്ങളും ഓർമകളും എല്ലാം നേവൽ അക്കാദമിക്കായി വിട്ടുനൽകിയ ജനതയാണ് ഇപ്പോൾ പീഡിപ്പിക്കപ്പെടുന്നത്. എല്ലാത്തിനും മേലെ അക്കാദമിയുടെ വികസനത്തിനായി രാമന്തളി പഞ്ചായത്തിൽ നിന്നും ഇനിയും ഭൂമി ഏറ്റെടുത്തേക്കുമെന്ന് ഒരു ശ്രുതിയും കടൽക്കാറ്റിൽ പരക്കുന്നുണ്ട്.

നേവൽ അക്കാദമിയും ഒരു ദേശവും കുറെ മനുഷ്യരും


ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ പരിശീലനകേന്ദ്രം എന്ന വിശേഷണത്തിനപ്പുറത്താണ് ഏഴിമല നാവിക അക്കാദമിയുടെ ഖ്യാതി. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം ഇതാണ്. നിലവിൽ അഞ്ഞൂറോളം ഏക്കർ പ്രദേശത്താണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നത്. 2500 ഏക്കറോളം ഭൂമി നിലവിൽ നാവിക അക്കാദമിക്കായി ഏറ്റെടുത്തിട്ടുണ്ട്. മുഴുവൻ നിർമാണപ്രവർത്തനങ്ങളും പൂർത്തിയായിക്കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ നാവിക അക്കാദമിയായി ഏഴിമല നാവിക അക്കാദമി മാറും.

കടൽക്കരയാണെങ്കിലും കടൽ നിരപ്പിന് 286 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഏഴിമല. ചരിത്രാതീത കാലം മുതലേ മനുഷ്യവാസമുണ്ടായിരുന്ന പ്രദേശം. പ്രശസ്തമായ മൂഷക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ഏഴിമല ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു. കൃഷിയും മീൻപിടുത്തവുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലുകളും മറ്റുമായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജനത നേവൽ അക്കാദമിക്കായി കുടിയിറക്കപ്പെടുകയായിരുന്നു. 1983ൽ ആണ് ഏറ്റെടുക്കൽ ആരംഭിക്കുന്നത്. ദേശസ്നേഹത്തിന്റെയും ആഭ്യന്തര സുരക്ഷയുടെയും മോഹന പദ്ധതിയുടെയും മുന്നിൽ ഒരു ദേശം ഒന്നാകെ കുടിയൊഴിപ്പിക്കപ്പെട്ടു. രാമന്തളി പഞ്ചായത്തിന്റെ ഒരു വലിയ പ്രദേശം, പദ്ധതിക്കായി ഏറ്റെടുക്കപ്പെട്ടു.

2009 ജനുവരി എട്ടിന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് നേവൽ അക്കാദമി രാജ്യത്തിന് സമർപ്പിച്ചു. നിർമാണപ്രവൃത്തികളിലും മറ്റും നാട്ടുകാർക്ക് ജോലി ലഭിക്കുമെന്നും ഏഴിമലയിൽ റിക്രൂട്ടിങ് സെന്റർ തുടങ്ങുമെന്നും മറ്റുമുള്ള കേട്ടുകേൾവികൾ അങ്ങനെതന്നെ തുടർന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ചോള-ചേര രാജാക്കന്മാരുടെ യുദ്ധഭൂമിയായിരുന്ന കണ്ണൂർ ഏഴിമലയിലെ രാമന്തളി ഗ്രാമത്തിലാണ് ഇപ്പോൾ ഈ സമരം നടക്കുന്നത്.