എസ്എഫ്‌ഐ സദാചാര ആക്രമണം: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു; നടന്നത് ഗുണ്ടായിസം; സ്വമേധയാ കേസെടുക്കുമെന്ന് സുഷമ സാഹു

വിദ്യാര്‍ത്ഥിനികള്‍ക്കും സുഹൃത്തിനുമെതിരെ നടന്നത് ഗുണ്ടായിസമാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്നു പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം സുഷമാ സാഹു പറഞ്ഞു.

എസ്എഫ്‌ഐ സദാചാര ആക്രമണം: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു; നടന്നത് ഗുണ്ടായിസം; സ്വമേധയാ കേസെടുക്കുമെന്ന് സുഷമ സാഹു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളും സുഹൃത്തായ യുവാവും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിനിരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. വിദ്യാര്‍ത്ഥിനികള്‍ക്കും സുഹൃത്തിനുമെതിരെ നടന്നത് ഗുണ്ടായിസമാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്നു പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അംഗം സുഷമാ സാഹു പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ വിദ്യാര്‍ത്ഥിനികളുടെ പരാതി കേട്ടശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.


അറിഞ്ഞിടത്തോളം ഒരു വിഭാഗത്തിന്റെ ഏകാധിപത്യമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നതെന്നാണ് മനസ്സിലാവുന്നത്. പെണ്‍കുട്ടികള്‍ക്കെതിരെ ശാരീരികവും ലൈംഗികവുമായ അതിക്രമമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ തനിക്ക് വളരെ ദുഃഖം തോന്നുന്നു. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് വളരെ അഭിമാനകരമായ പഠനസാഹചര്യം ഉണ്ടെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇത്തരത്തിലുള്ള ദുരിതാനുഭവങ്ങള്‍ കാണുമ്പോള്‍ അങ്ങനെയല്ലെന്നു മനസ്സിലാവുന്നു. ഇത്ര ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും സര്‍ക്കാര്‍ എന്തുചെയ്യുകയാണെന്നു മനസ്സിലാവുന്നില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് തുടര്‍നടപടി സ്വീകരിക്കുന്നില്ല. വിദ്യാര്‍ത്ഥിനികള്‍ക്കു സുരക്ഷയേകുന്നതില്‍ പൊലീസിന് ഒന്നും ചെയ്യാനാവുന്നില്ല. ഈ സംഭവം നടക്കുമ്പോള്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും നോക്കിനില്‍ക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതൊക്കെ എങ്ങനെ അംഗീകരിക്കാനാവുമെന്നും സുഷമ സാഹു ചോദിച്ചു.

ലോ അക്കാദമി വിഷയത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ഹിറ്റ്‌ലറെപ്പോലെയാണ് പെരുമാറുന്നതെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അറിയാന്‍കഴിഞ്ഞത്. സ്ഥാപനം ജയിലുപോലെയാണെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ലക്ഷ്മി നായരേയും യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുമെന്നും സുഷമ സാഹു വ്യക്തമാക്കി.

ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍, മുടവന്‍മുകളില്‍ സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ആഷാ ഷെറിന്‍ എന്നിവരുടെ പരാതി ലഭിച്ചതിനെതുടര്‍ന്ന് അന്വേഷണത്തിന് എത്തിയതായിരുന്നു സുഷമ സാഹു. ഈ സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ആക്രമണ വിഷയം അറിയുന്നതും വിദ്യാര്‍ത്ഥിനികളുടെ പരാതി കേട്ടതും.

അതേസമയം, യാതൊരു പ്രകോപനവും കൂടാതെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതെന്നും സുഹൃത്തിനെ മര്‍ദ്ദിച്ചപ്പോള്‍ തടഞ്ഞ തങ്ങളെ ശാരീരികമായും ലൈംഗികമായും അതിക്രമത്തിനിരയാക്കിയെന്നുമാണ് പരാതിയില്‍ ബോധിപ്പിച്ചിട്ടുള്ളതെന്ന് ഇരയായ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. കൂടാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരെ കള്ളക്കഥ ചമച്ച് മൂന്നുതവണ പത്രസമ്മേളനം വിളിച്ചു. ഷബ്‌ന, ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ ബബിത, സൗമ്യ എന്നിവരെക്കൊണ്ട് കള്ളസാക്ഷി പറയിച്ചു. ഇവരെ തങ്ങള്‍ കണ്ടിട്ടുപോലുമില്ല.

സജിത്, രജീഷ്, മുന്‍ കോളേജ് യൂണിയന്‍ സെക്രട്ടറി തസ്‌ലീം, ഷബാന, വികാസ്, ബബിത, സൗമ്യ, കണ്ടാലറിയാവുന്ന 13 പേര്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ വനിതാ കമ്മീഷനു പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഇതുകൂടാതെ സോഷ്യല്‍മീഡിയകളിലൂടെ അപമാനിക്കുകയും ചെയ്യുന്നതായി വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന്റെ പിറ്റേദിവസം വെള്ളിയാഴ്ചയാണ് തങ്ങള്‍ കോളേജ് പ്രിന്‍സിപ്പലിനു ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുന്നത്. എന്നാല്‍ ഇന്ന് തിരക്കാണെന്നും നാളെ രണ്ടാംശനിയും മറ്റന്നാള്‍ ഞായറാഴ്ചയുമാണല്ലോ, അതിനാല്‍ തിങ്കളാഴ്ച കൗണ്‍സില്‍ വിളിച്ചുകൂട്ടുകയും വിഷയം ചര്‍ച്ച ചെയ്തു നടപടിയെടുക്കാമെന്നുമാണ് പ്രിന്‍സിപ്പല്‍ തന്റെ മാതാപിതാക്കളോടു പറഞ്ഞതെന്ന് അക്രമത്തിനിരയായ വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ അഷ്മിത പറഞ്ഞു. എന്നാല്‍ ഇതുവരെ കൗണ്‍സില്‍ വിളിച്ചിട്ടില്ല. ഇത് ആദ്യമായിട്ടല്ല കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ അവഗണന ഉണ്ടാവുന്നതെന്നും പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുമ്പും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

രണ്ടുവര്‍ഷം മുമ്പ് മണികണ്ഠന്‍ എന്ന വിദ്യാര്‍ത്ഥിയെ ഇഷ്ടിക കൊണ്ട് മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇത് തടുക്കാന്‍ശ്രമിച്ച വിദ്യാര്‍ത്ഥിനിയായ ജംഷീനയെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ: സാബു കോട്ടപ്പുറം