പ്രിന്‍സിപ്പലിന്റെ 'കോഴിത്തരം'; മറ്റക്കര ഇംപാക്ട് മദര്‍ കോളേജിലും; സമരത്തെ തുടര്‍ന്ന്‌ പ്രിന്‍സിപ്പലിന്റെ സ്ഥാനം തെറിച്ചു

തൃശ്ശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളേജ് പ്രിന്‍സിപ്പാൾ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുന്നെന്ന വാർത്ത നാരദാ ന്യൂസാണു പുറത്തുകൊണ്ടുവന്നത്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പ്രിന്‍സിപ്പലിനെ മാറ്റി. പ്രിന്‍സിപ്പലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ സമരം നടത്തിവരികയായിരുന്നു.

പ്രിന്‍സിപ്പലിന്റെ

വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ തൃശ്ശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളേജ് പ്രിന്‍സിപ്പലിനെ തദ്‌സ്ഥാനത്തുനിന്നും നീക്കി. വൈസ് പ്രിന്‍സിപ്പല്‍ സി ജി മിനിക്ക് പകരം ചുമതല നല്‍കി. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥി സമരത്തിനിടയിലേക്ക് പ്രിന്‍സിപ്പല്‍ കാറിടിച്ചു കയറ്റിയതടക്കമുള്ള വാര്‍ത്തകള്‍ നാരദാന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു.


പ്രിന്‍സിപ്പല്‍ മുറിയില്‍ വിളിച്ചുവരുത്തി തികച്ചും സ്വകാര്യമായ കാര്യങ്ങള്‍ തങ്ങളോട് ചോദിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. പല ചോദ്യങ്ങളും ലൈംഗികച്ചുവയുള്ളതാണെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. കോളേജിലെ 300 കുട്ടികളെ നിരീക്ഷിക്കാന്‍ 250ഓളം ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരേയും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 5000 രൂപ പ്രിന്‍സിപ്പല്‍ ഫൈന്‍ ഈടാക്കിയതായി കോളേജിലെ വിദ്യാര്‍ത്ഥിനി നാരദാന്യൂസിനോട് പറഞ്ഞിരുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗത്തെക്കുറിച്ച് ചോദിച്ചറിയാന്‍ വിദ്യാര്‍ത്ഥിനികളെ വിളിപ്പിച്ചപ്പോള്‍ നിങ്ങള്‍ ഏത് സോപ്പാണ് ഉപയോഗിക്കുന്നത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് പ്രിന്‍സിപ്പല്‍ ചോദിച്ചത്.

പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്. അംഗീകരിച്ച ആവശ്യങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന നിലപാടാണ്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുള്ളത്.

Read More >>