×

പ്രിയപ്പെട്ട ജില്ലാ പൊലീസ് മേധാവീ, 22 ലക്ഷത്തിന്റെ ബില്ലിൽ തവണയടവ് കഴിയുംവരെ കുഞ്ഞുങ്ങൾക്കു മരുന്നും മുലപ്പാലും വൈകിച്ചതാണു തെറ്റ്; ആ പരാതി വാർത്തയാക്കിയതല്ല

വാർത്ത പ്രസിദ്ധീകരിച്ച നാരദാ ന്യൂസിനെതിരെ മിംസ് ആശുപത്രിക്കും അതിന്റെ ഉടമയ്ക്കും കാലുഷ്യമുണ്ടാവുക സ്വാഭാവികം. ഒരു പാഠം പഠിപ്പിക്കണമെന്നും അതു മറ്റുള്ളവർക്കും കൂടി മുന്നറിയിപ്പാകണമെന്നുമുള്ള ചിന്തയുണ്ടാകുന്നതും അതിനുവേണ്ടി തങ്ങളുടെ സ്വാധീനം പ്രയോഗിക്കാൻ ശ്രമിക്കുന്നതൊക്കെ ഞങ്ങൾക്കു മനസിലാകും. എന്നാൽ അതിനൊത്തു തുള്ളാൻ ഒരു ജില്ലാ പൊലീസ് മേധാവി തയ്യാറാകാൻ പാടില്ല. ഇത്തരം ഭീഷണികളിലൊന്നും ഭയന്നുപോകുന്നവരല്ല ഞങ്ങൾ.

കോഴിക്കോട് മിംസ് ആശുപത്രിയിൽ ഭീമമായ ബിൽ ഈടാക്കാനുള്ള സമ്മർദ്ദത്തിന്റെ ഭാഗമായി ചോരക്കുഞ്ഞുങ്ങൾക്ക് മുലപ്പാലും മരുന്നും നിഷേധിച്ചെന്ന മാതാപിതാക്കളുടെ പരാതിയെക്കുറിച്ചു വാർത്ത നൽകിയതിന്റെ പേരിൽ നാരദാ ന്യൂസ് റിപ്പോർട്ടറുടെ മൂന്നു മാസത്തെ ഓൺലൈൻ പ്രവർത്തനങ്ങളുടെ രേഖകൾ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ്.

വാർത്ത റിപ്പോര്‍ട്ട്‌ ചെയ്ത ഷീജാ അനിലിന്റെ കഴിഞ്ഞ നവംബർ ഒന്നു മുതൽ ഇക്കൊല്ലം ഫെബ്രുവരി ഏഴു വരെയുള്ള ഓൺലൈൻ പ്രവർത്തനങ്ങളുടെ ഐപി വിലാസവും തീയതിയും സമയവുമാണ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ജെ ജയന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ മാധ്യമപ്രവർത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള നീക്കമാണിത്.

കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ജയന്ത് ജെ ഐപിഎസിന്റെ ഓഫീസിൽ നിന്നു നാരദാ ന്യൂസിന് സർവ് ചെയ്ത നോട്ടീസ്

മലപ്പുറം വണ്ടൂർ സ്വദേശി ഫാത്തിമാ ജമാലാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് 2016 ഡിസംബറിൽ പരാതി നൽകിയത്. ഈ പരാതിയ്ക്കു മേൽ ഒരു നടപടിയും സ്വീകരിക്കാതിരുന്ന പൊലീസാണ് വാർത്ത നൽകിയതിന്റെ പേരിൽ നാരദാന്യൂസ് റിപ്പോർട്ടറെ വേട്ടയാടാനിറങ്ങുന്നത്.

നാരദാ ന്യൂസിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ, ലേഖികയുടെ മൊബൈൽ നമ്പർ, ഐപി വിവരങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടിട്ടുണ്ട്. അതും കടന്നാണ് മൂന്നു മാസത്തെ ഓൺലൈൻ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

കോടതിക്കോ അന്വേഷണ ഉദ്യോഗസ്ഥനോ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കണമെന്ന് പ്രതിഭാഗത്തോട് ആവശ്യപ്പെടാൻ അനുവദിക്കുന്ന ക്രിമിനൽ പ്രൊസീജിയർ കോഡിലെ 91-ാം വകുപ്പ് അനുസരിച്ചാണ്  നോട്ടീസ്.  ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാൽ നേരിൽ ഹാജരാവുന്നതിൽ നിന്ന് ഒഴിവാകാനും ഈ വകുപ്പു പ്രകാരം കഴിയും. അന്വേഷണവുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറുമാണ്.

എന്നാൽ ഒരു മാധ്യമസ്ഥാപനം പ്രസിദ്ധീകരിക്കുന്ന വാർത്തയുടെ തെരഞ്ഞെടുപ്പിൽ പ്രാഥമിക ഉത്തരവാദിത്വം എഡിറ്റർക്കായിരിക്കെ എഡിറ്ററെ വിട്ട് ലേഖികയെ ഒറ്റതിരിച്ചു വേട്ടയാടുന്ന പൊലീസ് നടപടി എങ്ങനെ അംഗീകരിക്കാൻ കഴിയും?

നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖപത്രമാണ് ദേശാഭിമാനി. ആ പാര്‍ട്ടിയുടെ ആധിപത്യത്തിൽ പ്രവർത്തിക്കുന്ന ചാനലാണ് കൈരളി. രണ്ടിനും വെബ് വിഭാഗങ്ങളുണ്ട്. അവരും അപകീർത്തിക്കേസുകളിൽപെടുന്നുണ്ട്. ഇത്തരത്തിലൊരു പരാതി അവരെക്കുറിച്ചു ലഭിച്ചാൽ ലേഖകനെ ഒറ്റതിരിഞ്ഞു വേട്ടയാടുമോ പൊലീസ്? ഇതേവരെയുള്ള ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഐപി വിലാസവും ഇമെയിൽ വിവരങ്ങളും തേടുമോ?

നാരദാ ന്യൂസ് ആർക്കും കയറി എന്തും പ്രസിദ്ധീകരിക്കാവുന്ന അയഞ്ഞ ഘടനയുള്ള ഒരു സംവിധാനമല്ല. ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ് തുടങ്ങിയ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രസിദ്ധീകരിക്കുന്ന അപകീർത്തികരമായ പരാമർശങ്ങളിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വ്യക്തികളുടെ ഐപി വിലാസം, ഇ മെയില്‍ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയവ ആവശ്യപ്പെട്ട് മേൽസ്ഥാപനങ്ങൾക്കു നോട്ടീസ് നൽകുകയും അവർ അതു വെളിപ്പെടുത്തുകയും ചെയ്യുന്ന രീതി നിലവിലുണ്ട്.

എന്നാൽ സോഷ്യൽ മീഡിയ എന്ന ഗണത്തിൽ വരുന്ന സ്ഥാപനമല്ല, ഓൺലൈൻ ന്യൂസ് പോർട്ടലായ നാരദാ ന്യൂസ്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ അതേ രീതിയിൽ ഓഫീസുകളും ഇതരസംവിധാനങ്ങളുമടക്കം വ്യവസ്ഥാപിതമായി നടത്തപ്പെടുന്ന ബഹുഭാഷാ ഓൺലൈൻ ന്യൂസ് പോർട്ടലാണിത്. ലേഖികയുടെ ഐപി വിലാസം അടക്കം ആവശ്യപ്പെടുന്നതിലൂടെ മാധ്യമങ്ങളുടെ വാർത്ത പുറത്തെത്തിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്നതിലേക്കാണു നയിക്കുക.

മിംസ് പോലെയൊരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവർക്കു ചെലവായ ബിൽ തുക ഭീമമാണെന്നു കരുതുന്ന പക്ഷം അതു സംബന്ധിച്ചു പരാതിപ്പെടാനുള്ള അവകാശമുണ്ട്. ചികിത്സാ കാലയളവിൽ തനിക്കു നേരിടേണ്ടിവന്ന മറ്റു ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ ഒരു വ്യവസ്ഥാപിത സംവിധാനത്തെയാണ് പരാതിയുമായി സമീപിച്ചത്. ആ പരാതിയാണ് ഞങ്ങളുടെ വാർത്തയുടെ അടിസ്ഥാനം. ആരെങ്കിലും ഒരു വിഷയം ഉന്നയിക്കുന്ന പക്ഷം അതു പൊതുസമൂഹത്തിനെ അറിയിക്കുക എന്ന ഉത്തരവാദിത്തമാണ് ഒരു മാധ്യമസ്ഥാപനത്തിനുള്ളത്. അതാണ് ഈ വാർത്ത പുറത്തെത്തിച്ചതിലൂടെ നാരദാ ന്യൂസ് നിർവ്വഹിച്ചത്. ഷീജ അനിൽ എന്ന മാധ്യമപ്രവർത്തക അതിനു നിമിത്തമായി എന്നു മാത്രം.

ഞങ്ങൾ ഉത്തമബോധ്യത്തോടെ പ്രസിദ്ധീകരിച്ച വാർത്തയാണിത്. ആ വാർത്തയ്ക്കു വേണ്ട തെളിവും മറ്റ് അനുബന്ധ രേഖകളും ഒപ്പം നൽകിയിട്ടുണ്ട്. പരാതിക്കാരി ഞങ്ങളോടു നേരിട്ടു പറഞ്ഞ കാര്യങ്ങൾ ശബ്ദമായും ടെക്സ്റ്റായും കൊടുത്തിട്ടുണ്ട്. അവരുടെ പരാതിയിന്മേൽ കാര്യമായ ഒരന്വേഷണവും ഇതേവരെ നടന്നിട്ടില്ല എന്നതും സത്യമാണ്. അതുകൊണ്ടാണ് സംഭവം വാർത്തയായത്.

വാർത്ത പ്രസിദ്ധീകരിച്ച നാരദാ ന്യൂസിനെതിരെ മിംസ് ആശുപത്രിക്കും അതിന്റെ ഉടമയ്ക്കും കാലുഷ്യമുണ്ടാവുക സ്വാഭാവികം. ഒരു പാഠം പഠിപ്പിക്കണമെന്നും അതു മറ്റുള്ളവർക്കും കൂടി മുന്നറിയിപ്പാകണമെന്നുമുള്ള ചിന്തയുണ്ടാകുന്നതും അതിനുവേണ്ടി തങ്ങളുടെ സ്വാധീനം പ്രയോഗിക്കാൻ ശ്രമിക്കുന്നതൊക്കെ ഞങ്ങൾക്കു മനസിലാകും. എന്നാൽ അതിനൊത്തു തുള്ളാൻ  ഒരു ജില്ലാ പൊലീസ് മേധാവി തയ്യാറാകാൻ പാടില്ല. ഇത്തരം ഭീഷണികളിലൊന്നും ഭയന്നുപോകുന്നവരല്ല ഞങ്ങൾ.

റോവിങ് റിപ്പോർട്ടർ എന്ന നിലയിൽ കൂടി പണിയെടുക്കുന്ന ഫീച്ചർ ഡെസ്കിലെ സബ് എഡിറ്റർ കൂടിയായ ഷീജ അനിലിന്റെ ഐപി വിലാസം വച്ച് അവരുപയോഗിച്ച ലാപ്ടോപ് അടക്കം കസ്റ്റഡിയിലെടുക്കാനാണോ പൊലീസിന്റെ നീക്കം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.  എങ്കിലത് തീർത്തും നിരുത്തരവാദപരവും ഏകപക്ഷീയവുമായ നീക്കമാണ്. ആർക്കു വേണ്ടിയാണ് ഈ അതിസാഹസമെന്ന് സമൂഹം വിലയിരുത്തട്ടെ.

ഒരു മാധ്യമസ്ഥാപനത്തോടു പുലർത്തേണ്ട അന്തസോടെയുള്ള നീക്കമാണോ ഇത് എന്നു പരിശോധിക്കുവാനുള്ള ബാധ്യത കേരള പൊലീസിനും ആഭ്യന്തര വകുപ്പിനുമുണ്ട്. വിഷയം ഗുരുതരമാണ്. രണ്ടു കുട്ടികൾക്ക് മരുന്നും മുലപ്പാലും നിഷേധിച്ച് മാതാപിതാക്കളിൽ സമ്മർദ്ദം ചെലുത്തി ആശുപത്രി ബില്ല് ഈടാക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. അതു റിപ്പോർട്ട്‌
ചെയ്തതിന്റെ പേരിലാണ് ഒരു മാധ്യമസ്ഥാപനത്തെ ‘ഒതുക്കാൻ’ പൊലീസിനെ ഇറക്കുന്നത്.

ആശുപത്രിയിൽ താൻ അനുഭവിച്ച പ്രയാസങ്ങളാണ് ഫാത്തിമാ ജമാൽ വിശദീകരിച്ചത്. അതിന്റെ രത്നച്ചുരുക്കം വലിയ തുക ബിൽ വാങ്ങിയെന്ന ആരോപണവും ഇടക്കാല ബിൽ അടപ്പിക്കാൻ ഐസിയുവിലുള്ള കുട്ടികൾക്ക് മുലപ്പാൽ പോലും നിഷേധിച്ചുവെന്നുമാണ്. കുറഞ്ഞ ചികിത്സാച്ചെലവുളള സ്ഥാപനമാണ് മിംസ് എന്ന് ആശുപത്രി അധികൃതർക്ക് അവകാശവാദമുണ്ടോ? അങ്ങനെ കേട്ടിട്ടില്ല.

സമാനമായ കേസിൽ മറ്റൊരാശുപത്രിയിൽ ഈടാക്കുന്ന ബിൽ തുകയുമായി താരതമ്യം ചെയ്താണ്, തങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്തു തങ്ങളുടെ പക്കൽ നിന്ന് അതിഭീമമായ ബിൽ ഈടാക്കി എന്ന പരാതി ആ അമ്മ ഉന്നയിച്ചത്. തങ്ങളുടെ ആശുപത്രിയിലെ ചികിത്സയ്ക്ക് അത്രയും ബിൽ ആകും എന്ന് ആശുപത്രിക്കാർ പറഞ്ഞാൽ അതിൽ തീരാവുന്ന കാര്യമേയുള്ളൂ ഇത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ആശുപത്രിയെ ആശ്രയിക്കുന്നവരല്ലല്ലോ നിശ്ചയിക്കുന്നത്.

ഓരോ ചികിത്സയ്ക്കും വരുന്ന ചെലവിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ധാരണയുണ്ടാകുന്നത് ആശുപത്രിയ്ക്കും നല്ലതാണ്. കുറഞ്ഞ ചെലവിൽ ചികിത്സിക്കുന്ന മറ്റ് ആശുപത്രികളുണ്ടോ എന്നവർ അന്വേഷിക്കും. മിംസ് പുറത്തുവിടുന്ന ചികിത്സാ ചെലവ് താങ്ങാൻ കഴിയുന്നവർ മാത്രം അങ്ങോട്ടുവന്നാൽ മതിയല്ലോ.

ഇത്തരത്തിൽ സമൂഹത്തിനു ഗുണമുള്ള കാര്യമാണ് ആ വാർത്തയിലൂടെ നാരദാ ന്യൂസ് പുറത്തുവിട്ടത്. കുട്ടികളുടെ ജീവൻ വച്ച് ഇടക്കാല ബിൽ അടപ്പിച്ചതുപോലെയുള്ള സംഭവങ്ങൾ ക്രൂരവും ആധുനിക ആശുപത്രി മാഫിയയുടെ ആതുരസേവനത്വരയിലെ പൊള്ളത്തരം വെളിവാക്കുന്നതുമാണ്. അതു പുറത്തറിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഷീജ അനിൽ അല്ല, നാരദാ ന്യൂസ് ആണ് ആ വാർത്തയുടെ ഉത്തരവാദിത്വം വഹിക്കുന്നത് എന്ന് അറിയിക്കാൻ ഈ അവസരം വിനിയോഗിക്കട്ടെ.

മാധ്യമപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ കേരള പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന പ്രതീക്ഷയോടെ,

മാത്യു സാമുവൽ
ചീഫ് എഡിറ്റർ
നാരദാ ന്യൂസ്

Top