നാരദയുടെ ഡല്‍ഹി ഓഫീസില്‍ കൊല്‍ക്കൊത്ത പോലീസിന്റെ റെയ്ഡ്: എഡിറ്റര്‍-ഇന്‍-ചീഫ് മാത്യു സാമുവേലിന് പറയാനുള്ളത്

ഒരു അറിയിപ്പ് പോലും നല്‍കാന്‍ ശ്രമിക്കാതെയും എന്നെ ഒരു തരത്തിലും ബന്ധപ്പെടുകയും ചെയ്യാതെ കൊല്‍ക്കൊത്താ പോലീസിന്റെ 5 ഉദ്യോഗസ്ഥര്‍ പൊടുന്നനവേ കഴിഞ്ഞ ദിവസം നാരദയുടെ ഡല്‍ഹി ഓഫീസ് റെയ്ഡ് ചെയ്യുകയായിരുന്നു.

നാരദയുടെ ഡല്‍ഹി ഓഫീസില്‍ കൊല്‍ക്കൊത്ത പോലീസിന്റെ റെയ്ഡ്: എഡിറ്റര്‍-ഇന്‍-ചീഫ് മാത്യു സാമുവേലിന് പറയാനുള്ളത്

ഫെബ്രുവരി 17 വെള്ളിയാഴ്ച, നാരദയുടെ ഡല്‍ഹി ഓഫീസില്‍ കൊല്‍ക്കൊത്ത പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നെയും നാരദയുടെ ജീവനക്കാരെയും കൊല്‍ക്കൊത്ത പോലീസ് ഭീഷണിപ്പെടുത്തി പിന്‍തുടരുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്:

2017 ഫെബ്രുവരി 12ന് കൊല്‍ക്കൊത്തയിലുള്ള ചില മാധ്യമസുഹൃത്തുകള്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. മുച്ചിപറയിലെ ഏതോ ലോഡ്ജില്‍ കൊല്‍ക്കൊത്ത പോലീസ് റെയ്ഡ് ചെയ്തപ്പോള്‍ ഒരു ലാപ്ടോപും ഒരു മൊബൈലും കണ്ടെത്തി എന്നു അവര്‍ പറഞ്ഞു. ലാപ്ടോപ്പില്‍ കണ്ടെത്തിയ ചില ചിത്രങ്ങള്‍ക്ക് എന്നോട് സാമ്യം തോന്നുന്നു എന്നും പോലീസ് അറിയിച്ചതായി ഇവര്‍ അറിയിച്ചു.


ബിക്രം സിംഗ് എന്ന പേരില്‍ ഈ ലോഡ്ജില്‍ മുറിയെടുത്ത ഒരു യുവാവ് മുന്‍ കേന്ദ്രമന്ത്രി ഡി.പി.യാദവിനെ ഫോണില്‍ വിളിച്ചു അഞ്ചു കോടി രൂപ ആവശ്യപ്പെട്ടത്രേ. പണം കൊടുക്കാത്ത പക്ഷം യാദവ് ഉള്‍പ്പെട്ട വീഡിയോ പുറത്തുവിടും എന്നായിരുന്നു ബിക്രം സിംഗിന്റെ ഭീഷണി.

ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ എനിക്കും എന്റെ സഹപ്രവര്‍ത്തകയ്ക്കും ബ്ലാക്ക്‌മെയിലിംഗ് ഫോണ്‍ കോളുകളും വാട്സാപ്പ് സന്ദേശങ്ങളും 3 അജ്ഞാത നമ്പറുകളില്‍ നിന്നും ലഭിച്ചിരുന്നു. ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ചില വീഡിയോ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും അത് പ്രസിദ്ധീകരിക്കാതിരിക്കാന്‍ അവര്‍ക്ക് 2 കോടി രൂപ നല്‍കണം എന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച ഭീഷണി.

2016 ഡിസംബര്‍ ഇരുപത്താറാം തീയതി എനിക്ക് കുമാര്‍ എന്ന് ഒരാളില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. തെന്നിന്ത്യന്‍ സിനിമയിലെ സഹനിര്‍മ്മാതാവായ ഇദ്ദേഹം എന്റെ ഒരു പഴയസുഹൃത്ത് കൂടിയായിരുന്നു. ഇപ്പോള്‍ തടവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് നടരാജനെ ഈ കുമാര്‍ ഒരിക്കല്‍ എനിക്ക് പരിചയപ്പെടുത്തിയിരുന്നു. നാരദാ ന്യൂസിന് വേണ്ടി ശശികലയുടെ ഒരു അഭിമുഖം തരപ്പെടുത്തി തരാം എന്നറിയിച്ചാണ് കുമാര്‍ ഇത്തവണ വിളിച്ചത്. ശശികലയോട് ചോദിക്കാന്‍ ഉദ്ദേശിക്കുന്ന ചോദ്യങ്ങള്‍ ഇന്റര്‍വ്യുവിന് മുന്‍പായി നല്‍കണം എന്ന് കുമാര്‍ അപ്പോള്‍ പറഞ്ഞു.

2016 ഡിസംബര്‍ 27 ഉച്ചയ്ക്ക് ഞാന്‍ ഡല്‍ഹിയില്‍ നിന്നും ചെന്നെയില്‍ എത്തി. അടുത്ത ദിവസം (ഡിസംബര്‍ 28) ഉച്ചയ്ക്ക് 12.30ന് പോയസ് ഗാര്‍ഡനില്‍ വച്ചു ശശികലയുടെ അഭിമുഖം തരപ്പെടുത്തിയിട്ടുണ്ട് എന്നാണ് കുമാര്‍ എന്നെ അറിയിച്ചിരുന്നത്.

ഈ ഇന്റര്‍വ്യുവിനായി കേരളത്തില്‍ നിന്നും ഞങ്ങളുടെ രണ്ടു ഫോട്ടൊഗ്രാഫെര്‍സിനെയും ഞാന്‍ ചെന്നെയില്‍ വരുത്തി. അടുത്ത ദിവസം രാവിലെ 10 മണിയോടെ കുമാര്‍ എന്നെ ഫോണില്‍ വിളിച്ചു ഹോട്ടല്‍ ക്ലാരിയോണില്‍ തനിയെ എത്തണമെന്നും ആവശ്യപ്പെട്ടു. ആദ്യം ഒരു ചെറിയ കൂടികാഴ്ചയ്ക്കു ശേഷം ഫോട്ടോഗ്രാഫെര്‍സിനെ വരുത്തിയാല്‍ മതി എന്ന് കുമാര്‍ അപ്പോള്‍ പറഞ്ഞു. അങ്ങനെ കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ചു ഹോട്ടലില്‍ ഞാന്‍ എത്തി, ഒരു 10-15 മിനിറ്റുകള്‍ക്കകം കഴിഞ്ഞു കാണും 2-3 വര്‍ഷമായി എനിക്ക് പരിചയമുണ്ടായിരുന്ന ബൈജു ജോണ്‍, മഹേഷ്‌ മോഹന്‍ എന്നിവര്‍ കൂടി ഈ മുറിയിലേക്ക് കടന്നു വന്നു. അവരെ അവിടെ കണ്ടു ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി.

അവര്‍ ലാപ്‌ടോപ്‌ തുറന്നു ചില ദൃശ്യങ്ങള്‍ എന്നെ കാണിച്ചു തന്നു. കേരളത്തിലും ബീഹാറിലും എന്റെ പഴയ ഓഫീസ് നടത്തിയ ചില സ്റ്റിംഗ് ഓപറേഷനുകളുടെ വീഡിയോ കാണിച്ചു തന്നു അവര്‍ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇവയില്‍ ചിലത് ഇപ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണ് എന്നും മറ്റു ചിലത് പൂര്ത്തീകരിക്കാത്ത സ്റ്റിംഗ് ഓപറേഷനിന്റെതുമാണ് എന്ന് ഞാന്‍ തന്നെ അവരോട് പറഞ്ഞു.

രണ്ടു കോടി നല്‍കാത്ത പക്ഷം ഈ വീഡിയോയുമായി, നാരദാ ഒളിക്യാമറയില്‍ അഴിമതി പണം കൈപറ്റുന്നതായി ചിത്രീകരിച്ച തൃണമൂല്‍ നേതാക്കന്മാരെ അവര്‍ സമീപിക്കുമെന്നും എന്നെ ഭീഷണിപ്പെടുത്തി.

ഞാന്‍ ഒരു ഒത്തുതീര്‍പ്പിന് തയ്യാറാകാത്ത പക്ഷം www.falconpost.com എന്ന വെബ്സൈറ്റ് ആരംഭിച്ചു അവര്‍ ഈ വീഡിയോ അതില്‍ പ്രസിദ്ധീകരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാരദയില്‍ നിന്നും പുറത്താക്കിയവരും, പിരിഞ്ഞു പോയവരുമായ ചിലരില്‍ നിന്നാണ് ഈ വീഡിയോ തങ്ങള്‍ക്ക് ലഭിച്ചതെന്നും അവര്‍ എന്നോട് പറഞ്ഞു. ഭീഷണി വേണ്ടാ, ഇത് പ്രസിദ്ധീകരിക്കു, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെയൊക്കെ ചെയ്യൂ എന്നായിരുന്നു എനിക്ക് അവരോട് പറയാന്‍ ഉണ്ടായിരുന്നത്. ഇത് എനിക്കും, നാരദയുടെ ജീവനക്കാര്‍ക്കുമായി മുന്‍പ് നാരദ വിട്ടു പുറത്തുപോയവരും ഞാന്‍ ഹോട്ടലില്‍ കണ്ട ഈ മൂന്ന്‍ പേരും ചേര്‍ന്നു ഒരുക്കിയ ഒരു കെണിയായിരുന്നു എന്ന് എനിക്ക് മനസിലായി

ഈ സംഭവത്തിനു ശേഷം എന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനെ നിയമപരമായി നേരിടാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷെ എന്റെ അമ്മയ്ക്കു ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു എന്ന് അറിയിച്ചതിനാല്‍ എനിക്ക് കൊച്ചിയിലേക്ക് ഉടനടി വരേണ്ടി വന്നു. അപ്പോഴും ഈ ആളുകള്‍ പണം ആവശ്യപ്പെട്ടു എന്നെ ഫോണ്‍ വിളിക്കുന്നതും മെസ്സേജുകള്‍ അയക്കുന്നതും തുടര്‍ന്നു വന്നു. പക്ഷെ അമ്മയുടെ ഒപ്പമായിരുന്ന ഞാന്‍ അവയെല്ലാം അവഗണിക്കുവാനാണ് ശ്രമിച്ചത്‌.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ സഹപ്രവര്‍ത്തക ഏഞ്ചല്‍ എബ്രാഹാമും തനിക്കും ഇതുപോലെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നു എന്ന് എന്നോട് പരാതി ഉന്നയിച്ചു. ഏഞ്ചല്‍ അപ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്നതിനാല്‍ പരാതി ഇവിടെ ഫയല്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ വര്‍ഷം ജനുവരി മൂന്നാം തീയതി ഞാന്‍ ഇക്കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചു പരാതി നല്‍കി. ഏഞ്ചല്‍ ജനുവരി 4ന് പരാതി സമര്‍പ്പിച്ചു.

ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാതിരുന്ന ഒരാളെ മതിയായ അറിയിപ്പ് നല്‍കി ജനുവരി പതിമൂന്നാം തീയതി ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. തെറ്റ് തിരുത്താനുള്ള അവസരം മുന്‍പ് പലതതവണ ഇദ്ദേഹത്തിനു നല്‍കിയെങ്കിലും ഇതൊന്നും അയാള്‍ പ്രയോജനപ്പെടുത്തിയിരുന്നില്ല. പണ്ട് ബീഹാര്‍ സ്റ്റിംഗ് ഓപറേഷന്‍ പകര്‍ത്തിയെഴുതാന്‍ ചുമതലപ്പെടുത്തിയിരുന്ന ഇയാളുടെ പക്കല്‍ കമ്പനിയുടെ ലാപ്ടോപ് ഉണ്ടായിരുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനു ശേഷം നാരദയുടെ ടെക്നിക്കല്‍ ഹെഡ് പലവുരു ആവശ്യപ്പെട്ടിട്ടും ഇയാള്‍ കമ്പനി ലാപ്ടോപ് മടക്കി നല്‍കിയിരുന്നില്ല.

ഒരു അറിയിപ്പ് പോലും നല്‍കാന്‍ ശ്രമിക്കാതെയും എന്നെ ഒരു തരത്തിലും ബന്ധപ്പെടുകയും ചെയ്യാതെ കൊല്‍ക്കൊത്താ പോലീസിന്റെ 5 ഉദ്യോഗസ്ഥര്‍ പൊടുന്നനവേ കഴിഞ്ഞ ദിവസം നാരദയുടെ ഡല്‍ഹി ഓഫീസ് റെയ്ഡ് ചെയ്യുകയായിരുന്നു. ബീഹാര്‍ സ്റ്റിംഗ് ഓപറേഷന്‍ ഉപയോഗിച്ചുള്ള ഒരു ചൂഷണശ്രമം സംബന്ധിച്ചു ലഭിച്ച പരാതിയാണ് അവര്‍ കാരണമായി അറിയിച്ചത്.ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയ്ക്കു ശേഷം കൊല്‍ക്കൊത്താ പോലീസ് ഒരു ആപ്പിള്‍ ഐ-മക്, ഒരു മാക്‌ ബുക്ക്‌, പിന്നെ ഏതാനം ലാപ്ടോപ്പുകളും ക്യാമറയും തടഞ്ഞുവച്ചു.

എന്റെ വീട്ടിലേക്ക് പോകണം, അതിനായി അവര്‍ക്കൊപ്പം ചെല്ലണം എന്നും എന്റെ സഹായികളോട് കൊല്‍ക്കൊത്ത പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ സൗത്ത് ഡല്‍ഹിയില്‍ ഉള്ള നാരദാ ഓഫീസില്‍ നിന്നും കുറച്ചു ദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ഇവര്‍ തീരുമാനം മാറ്റി.

ഫെബ്രുവരി 22ന് കൊല്‍ക്കൊത്ത പോലീസ് ഓഫീസില്‍ ഹാജരാകണം എന്ന എനിക്കുള്ള സമന്‍സ് ഒരു സഹായിയുടെ പക്കല്‍ ഏല്‍പിച്ചു ഇവര്‍ മടങ്ങി