നാദാപുരം നാഷണല്‍ കോളേജിലെന്താ എം എസ് എഫിന് കൊമ്പുണ്ടോ? യൂണിറ്റ് രൂപീകരിച്ചതോടെ ഭീഷണി നേരിടുന്നതായി എസ് എഫ് ഐ

എസ്ഡിപിഐയുടെ കീഴിലുള്ള ക്യാമ്പസ് ഫ്രണ്ടിന് മാത്രമാണ് നിലവില്‍ ഇവിടെ യൂണിറ്റുള്ളത്. അതൊരു നീക്കുപോക്കിന്റെ ഭാഗം. 700 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാഷണല്‍ കോളേജ് പുതിയാവില്‍ 500ലധികവും എം എസ് എഫ് അംഗങ്ങളാണ്. നൂറില്‍ത്താഴെയാണ് ക്യാമ്പസ് ഫ്രണ്ട് അംഗങ്ങളുള്ളത്. എസ് എഫ് ഐയുടെ പ്രവര്‍ത്തനം ഏതുവിധേയനയും തടയാന്‍ എംഎസ്എഫിന് മാനേജ്‌മെന്റിന്റെ ഒത്താശയുമുണ്ടെന്നാണ് ആക്ഷേപം

നാദാപുരം നാഷണല്‍ കോളേജിലെന്താ എം എസ് എഫിന് കൊമ്പുണ്ടോ? യൂണിറ്റ് രൂപീകരിച്ചതോടെ ഭീഷണി നേരിടുന്നതായി എസ് എഫ് ഐ

നാദാപുരം നാഷണല്‍ കോളേജ് പുതിയാവില്‍ എം എസ് എഫിനപ്പുറം ഒരു വിദ്യാര്‍ഥി സംഘടനയ്ക്കും യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയെന്ന് വിദ്യാര്‍ഥികള്‍. ഈ മാസം 22ന് എസ് ഫ് ഐ ഇവിടെ യൂണിറ്റ് രൂപീകരിച്ചെങ്കിലും എം എസ് എഫിന്റെ മര്‍ദ്ദനമേറ്റ് നിരവധിപേര്‍ ആശുപത്രിയിലായിരുന്നു. എസ് എഫ് ഐയുടെ പ്രവര്‍ത്തനം ഏതുവിധേയനയും തടയാന്‍ എംഎസ്എഫിന് മാനേജ്‌മെന്റിന്റെ ഒത്താശയുമുണ്ടെന്നാണ് ആക്ഷേപം. 2005ല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഇക്കാലം വരെയും എംഎസ്എഫിനെ ധിക്കരിച്ച് ആര്‍ക്കും ഇവിടെ സംഘടനാപ്രവര്‍ത്തനം നടത്താന്‍ കഴിയില്ല.


എസ്ഡിപിഐയുടെ കീഴിലുള്ള ക്യാമ്പസ് ഫ്രണ്ടിന് മാത്രമാണ് നിലവില്‍ ഇവിടെ യൂണിറ്റുള്ളത്. അതൊരു നീക്കുപോക്കിന്റെ ഭാഗം. 700 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നാഷണല്‍ കോളേജ് പുതിയാവില്‍ 500ലധികവും എം എസ് എഫ് അംഗങ്ങളാണ്. നൂറില്‍ത്താഴെയാണ് ക്യാമ്പസ് ഫ്രണ്ട് അംഗങ്ങളുള്ളത്. യൂണിറ്റ് രൂപീകരിച്ചവരെ മര്‍ദ്ദിച്ച് ഓരോ ക്ലാസിലുംകൊണ്ടുപോയി എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് തെറ്റാണെന്ന് എം എസ് എഫ് പറയിപ്പിച്ചിരുന്നതായി മര്‍ദ്ദനമേറ്റ എസ്എഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറി രാഹുല്‍
നാരദാന്യൂസിനോട് പറഞ്ഞു.

കെ എസ് യു പലവട്ടം നോക്കിയിട്ട് ഇവിടെ യൂണിറ്റ് രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2011ല്‍ കെ എസ് യുവിന്റെ പേരില്‍ നാമദനിര്‍ദേശ പത്രിക നല്‍കിയ ഇവിടുത്തെ വിദ്യാര്‍ഥിയായ ശരണ്‍ റാമിന് നേരെ ആക്രമണമുണ്ടായി. പത്രിക പിന്‍വലിക്കുംവരെ പീഡനം തുടര്‍ന്നു. 2013ല്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ ബന്ധുവായ ജുബിന എസ്എഫ്‌ഐയുടെ പേരില്‍ യൂണിറ്റില്ലെങ്കില്‍പോലും പത്രിക സമര്‍പ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജധികൃതര്‍ എക്കാലവും എം എസ് എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

എസ്എഫ്‌ഐ പുതുതായി രൂപീകരിച്ച യൂണിറ്റില്‍ ഇപ്പോള്‍ 24 അംഗങ്ങളാണ് ആകെയുള്ളത്. നൂറോളം പേര്‍ അനുഭാവികളുള്ളതായി സംഘടന അവകാശപ്പെടുന്നുണ്ട്. അതേസമയം യൂണിറ്റ് പൊളിക്കാന്‍ എം എസ് എഫ് തീവ്ര ശ്രമം തുടരുന്നതായാണ് എസ് എഫ് ഐയുടെ ആരോപണം. എം എസ് എഫ് ഒരിക്കലും ഇതര വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താറില്ലെന്നും എസ് എഫ് ഐയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എം എസ് എഫ് ജനറല്‍ സെക്രട്ടറി എം പി നവാസ് നാരദാന്യൂസിനോട് പറഞ്ഞു. അവിടെ ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക പ്രശ്‌നങ്ങളുണ്ടോയെന്നറിയില്ലെന്നും ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Read More >>