ഭാര്യയ്‌ക്കൊപ്പം ഹോട്ടലില്‍ ചെലവഴിക്കാന്‍ ജയില്‍പ്പുള്ളിയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണം; 10 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊലക്കേസ് പ്രതിയായ ഇയാളെ അനുഗമിച്ച മൂന്ന് പോലീസുകാരില്‍ രണ്ടുപേര്‍ ഇയാള്‍ ഭാര്യയുമായി സമയം ചെലവഴിക്കുമ്പോള്‍ ഹോട്ടലിന് പുറത്തും ഒരാള്‍ ഹോട്ടല്‍ മുറിക്ക് പുറത്തും കാവല്‍ നില്‍ക്കുകയായിരുന്നു.

ഭാര്യയ്‌ക്കൊപ്പം ഹോട്ടലില്‍ ചെലവഴിക്കാന്‍ ജയില്‍പ്പുള്ളിയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപണം; 10 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊലക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങി പോലീസുകാര്‍ ഭാര്യയോടൊപ്പം ഹോട്ടലില്‍ ചെലവഴിക്കാന്‍ സമയം അനുവദിച്ചതായി ആരോപണം. നാവി മുംബൈ സ്‌റ്റേഷനിലെ 10 പോലീസുകാര്‍ക്കെതിരെയാണ് ആരോപണം. 2013ല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് സിഡ്‌കോ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ 18 മാസമായി ജയിലില്‍ കഴിയുന്ന ഹനുമന്ദ് സദാശിവ് എന്നയാളില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങിയതായാണ് ആരോപണം.


രോഗബാധയുള്ളതായി പരാതിപ്പെട്ട ഇയാളെ ഈയിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് 28കാരനായ ഇയാളെ പണം വാങ്ങി പോലീസുകാര്‍ ഭാര്യയോടൊപ്പം ഹോട്ടലില്‍ ചെലവഴിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് സംഭവം വിവാദമായപ്പോള്‍ പ്രതി രക്ഷപെടുകയായിരുന്നുവെന്ന് പോലീസുകാര്‍ കഥ ചമച്ചു. പോലീസുകാര്‍ 40,000 രൂപ വാങ്ങി മൗലാന് ആസാദ് റോഡിലെ ഹോട്ടല്‍ ബ്രൈറ്റ് വേയില്‍ ഇയാളെ എത്തിച്ചതായാണ് ആരോപണം.

സദാശിവിനെ അനുഗമിച്ച മൂന്ന് പോലീസുകാരില്‍ രണ്ടുപേര്‍ ഇയാള്‍ ഭാര്യയുമായി സമയം ചെലവഴിക്കുമ്പോള്‍ ഹോട്ടലിന് പുറത്തും ഒരാള്‍ ഹോട്ടല്‍ മുറിക്ക് പുറത്തും കാവല്‍ നില്‍ക്കുകയായിരുന്നു. ജനലിലൂടെ പുറത്തുചാടിയാണ് പ്രതി രക്ഷപെട്ടതെന്ന് പോലീസുകാര്‍ വാദിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നടന്ന സംഭവം വ്യക്തമായി. ഇതിനെത്തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.