പ്രിന്‍സിപ്പലിന്റെ കോഴിത്തരത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെ പ്രതികാര നടപടി: തൃശൂര്‍ മദര്‍ കോളേജില്‍ വിദ്യാർത്ഥികളുടെ ഉപരോധ സമരം

വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആര്‍ യു അബ്ദുല്‍ സലീമിനെ തദ്സ്ഥാനത്തു നിന്നുനീക്കി സി ജി മിനി്ക്ക് ചുമതല നല്‍കിയെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും തീരുമാനിക്കുന്നത് അബ്ദുല്‍ സലീം തന്നെ. കോളേജ് വെബ്സൈറ്റില്‍ ജോയിന്റ് സെക്രട്ടറി & അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് അബ്ദുല്‍ സലീമിന്റെ പേരാണുള്ളത്. സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ ഇയാള്‍ നിര്‍ദ്ദേശം നല്‍കി. ഇതേക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ പോലും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അവര്‍ ഉപരോധ സമരത്തിലേയ്ക്കു നീങ്ങിയത്. അബ്ദുല്‍ സലീം പ്രിന്‍സിപ്പലായോ ഫാക്കല്‍റ്റിയായോ തിരിച്ചുവരില്ലെന്ന് എഴുതി ഒപ്പിട്ടുനല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

പ്രിന്‍സിപ്പലിന്റെ കോഴിത്തരത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെ പ്രതികാര നടപടി: തൃശൂര്‍ മദര്‍ കോളേജില്‍ വിദ്യാർത്ഥികളുടെ ഉപരോധ സമരം

സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ടുപോകാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതോടെ തൃശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരത്തില്‍. പ്രിന്‍സിപ്പല്‍ ആര്‍ യു അബ്ദുല്‍ സലീം വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച ഫെബ്രുവരി പത്താം തിയതിയാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്.

ആര്‍ യു അബ്ദുല്‍ സലീമിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നുനീക്കി വൈസ് പ്രിന്‍സിപ്പല്‍ സി ജി മിനിക്ക്‌ പകരം ചുമലത നല്‍കുകയും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച 30 ഓളം ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് വാക്കാല്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കുകയും ചെയ്തതോടെ ഫെബ്രുവരി 17 വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അബ്ദുല്‍ സലീം തന്നെയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കോളേജ് വെബ്സൈറ്റിൽ ജോയിന്റ് സെക്രട്ടറി & അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് ഇപ്പോഴും അബ്ദുല്‍ സലീമിന്റെ പേരാണുള്ളത്.


കോളേജിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചു രംഗത്തുവരികയും മാധ്യമങ്ങളെ വിവരം അറിയിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളില്‍ ഒരാളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിടാന്‍ കഴിഞ്ഞ ദിവസം അബ്ദുല്‍ സലീം നിര്‍ദ്ദേശം നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം ചെയ്യാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള സി ജി മിനിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വിദ്യാര്‍ത്ഥികളെ കാണാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ സി ജി മിനിയുടെ മുറിയിലേയ്ക്ക് ഇരച്ചുകയറി ഉപരോധിച്ചു. പ്രിന്‍സിപ്പലായോ ഫാക്കല്‍റ്റിയായോ അബ്ദുല്‍ സലീം തിരിച്ചുവരില്ലെന്ന് എഴുതി ഒപ്പിട്ടു നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇത്‌ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

മുപ്പതോളം ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിനു മുന്നില്‍ വച്ചത്. സമരം ആരംഭിച്ച്‌
11 മണിയോടെ മാനേജ്‌മെന്റ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചുവെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് എഗ്രിമെന്റില്‍ ഒപ്പിട്ടു നല്‍കാതെ പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നിലപാട് എടുത്തു. വീണ്ടും വാക്കാല്‍ ഉറപ്പുനല്‍കി സമരം അടിച്ചമര്‍ത്താന്‍ മാനേജ്‌മെന്റ് ശ്രമിച്ചുവെങ്കിലും വിദ്യാര്‍ത്ഥികള്‍ വഴങ്ങിയില്ല.

സമരത്തിനു ശേഷം ഇന്നാണ് കോളേജ് വീണ്ടും തുറന്നത്. അബ്ദുല്‍ സലീമിന്റെ ഇഷ്ടക്കാരായ ഒരു പറ്റം അധ്യാപകര്‍ സലീമിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഒരു മണിക്കൂറോളം ക്ലാസ് എടുത്തില്ല. ഒരു അധ്യപിക ഇന്ന് കോളേജില്‍ എത്തിയില്ല.

വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിച്ച കേസില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കോളേജിലെ ജീവനക്കാരിയെ കടന്നു പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍മേലാണ് തൃശ്ശൂര്‍ പെരുവല്ലൂര്‍ മദര്‍ കോളേജ് പ്രിന്‍സിപ്പലിനെ തദ്സ്ഥാനത്തുനിന്നും നീക്കിയത്. വിദ്യാര്‍ത്ഥി സമരത്തിനിടയിലേക്ക് പ്രിന്‍സിപ്പല്‍ കാറിടിച്ചു കയറ്റിയതടക്കമുള്ള വാര്‍ത്തകള്‍ നാരദ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു.

പ്രിൻസിപ്പൽ മുറിയില്‍ വിളിച്ചുവരുത്തി തികച്ചും സ്വകാര്യമായ കാര്യങ്ങള്‍ തങ്ങളോട് ചോദിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. പല ചോദ്യങ്ങളും ലൈംഗികച്ചുവയുള്ളതാണെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. കോളേജിലെ 300 കുട്ടികളെ നിരീക്ഷിക്കാന്‍ 250ഓളം ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരേയും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 5,000 രൂപ പ്രിന്‍സിപ്പല്‍ ഫൈന്‍ ഈടാക്കിയതായി കോളേജിലെ വിദ്യാര്‍ത്ഥിനി നാരദ ന്യൂസിനോട് പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ഫൈന്‍ 1000 രൂപയായി നിജപ്പെടുത്താനും മാനേജ്‌മെന്റ് വാക്കാല്‍ ഉറപ്പുനല്‍കിയിരുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗത്തെക്കുറിച്ച് ചോദിച്ചറിയാന്‍ വിദ്യാര്‍ത്ഥിനികളെ വിളിപ്പിച്ചപ്പോള്‍ നിങ്ങള്‍ ഏത് സോപ്പാണ് ഉപയോഗിക്കുന്നത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് പ്രിന്‍സിപ്പല്‍ ചോദിച്ചതെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. വാക്കാല്‍ അംഗീകരിച്ച ആവശ്യങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന നിലപാട് വിദ്യാര്‍ത്ഥി സംഘടനകള്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍

1.മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആര്‍ യു അബ്ദുല്‍ സലീമിന്റെ രാജിയുടെയും പുതിയ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ നിയമനത്തിന്റെയും ഔദ്യോഗിക ഉത്തരവിന്റെ കോപ്പി നല്‍കുക

2. പഴയ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആര്‍ യു അബ്ദുല്‍ സലീം പിന്‍സിപ്പല്‍ ആയോ ഫാക്കല്‍റ്റി ആയോ കോളേജിലേയ്‌ക്കോ മാനേജ്‌മെന്റിലേയ്‌ക്കോ തിരിച്ചുവരരുത്.

3. യൂണിവേഴ്‌സിറ്റി അനുശാസിക്കുന്ന യോഗ്യതയുള്ള പ്രിന്‍സിപ്പലിനെ മൂന്ന് മാസങ്ങള്‍ക്കകം നിയമിക്കുക

4.സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് യാതൊരു രീതിയിലുള്ള പ്രതികാര നടപടികളും സ്വീകരിക്കാതിരിക്കുക.

5. മുന്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് ഫീസിനത്തില്‍ തിരിച്ചു കൊടുക്കാനുള്ള 9250 രൂപ തിരിച്ചു നല്‍കുക

6. പെണ്‍കുട്ടികളുടെ ഗ്രീന്‍ റൂമില്‍ അടക്കം അനാവശ്യ സ്ഥാനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകള്‍ നീക്കം ചെയ്യുക

7. ഈ വര്‍ഷം മുതല്‍ കോളേജില്‍ നിന്ന് ഇഷ്യൂ ചെയ്യുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ 'ഗുഡ്' രേഖപ്പെടുത്തുക

8. നിസാര കാര്യങ്ങള്‍ക്കുള്ള ശിക്ഷാ വിധിയായി വിദ്യാര്‍ത്ഥികളെ കൊണ്ട് അപ്പോളജി ലെറ്റര്‍ എഴുതിക്കുന്നത് നിര്‍ത്തലാക്കുക

9. ഫൈന്‍ പരിധിയില്‍പെടുന്ന കാര്യങ്ങള്‍ക്കു മാത്രം ഫൈന്‍ ഈടാക്കുക

10. മൊബൈല്‍ ഉപയോഗിക്കുന്നതിനുള്ള ഫൈന്‍ 1000 രൂപയായി നിജപ്പെടുത്തുക

11. കാന്റീന്‍ അടക്കമുള്ള കോളേജ് ക്യാമ്പസിനകത്തു ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷനും ജെന്‍ഡര്‍ സെപ്പറേഷനും എടുത്തു മാറ്റുക

12.ഫിസിക്കല്‍ ട്രെയിനറെ നിയമിക്കുക

13. കോളേജിലെ പല വിധ ആഘോഷദിനങ്ങളില്‍ കളര്‍ ഡ്രസ്സ് ഇടാന്‍ അനുവദിക്കുക

14. മത്സരങ്ങളും ആഘോഷങ്ങളും അനുബന്ധിച്ചു പ്രാക്റ്റീസ് ചെയ്യാന്‍ കോളേജ് അവേഴ്‌സില്‍ അറ്റന്റന്‍സോടു കൂടി സമയം അനുവദിക്കുക

15. ഡി സോണ്‍, ഇന്റര്‍ സോണ്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കാനായി പുറത്തുനിന്നും പരിശീലകരെ കൊണ്ടുവരിക

16. ഏതെങ്കിലും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിക്ക് രക്ഷിതാക്കളോടൊപ്പം കോളേജില്‍ നിന്നു പുറത്തുപോവണമെങ്കില്‍, പ്രിന്‍സിപ്പലിന്റെ സമ്മതത്തിനു വേണ്ടി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നതൊഴിവാക്കാനായി, ഓഫീസില്‍ നിന്ന് നേരിട്ട് പെര്‍മിഷന്‍ നല്‍കുക.

17.പല വിധ കാരണങ്ങളാല്‍ കോളേജ് സന്ദര്‍ശിക്കുന്ന രക്ഷിതാക്കളെ മണിക്കൂറുകളോളം ഗേറ്റിനു പുറത്തു കാത്തുനിര്‍ത്താതെ കടത്തിവിടുക

18.ക്ലാസ് അവേഴ്‌സില്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു സര്‍ക്കുലര്‍ അപ്‌ഡേറ്റ് ചെയ്യുക

19.അഡ്മിഷന്‍ സമയത്തു മാഗസിന്‍, യൂണിയന്‍, സ്‌പോര്‍ട്‌സ് ഫണ്ട് എന്നീ വിധയിനങ്ങളില്‍ ഈടാക്കുന്ന തുക ആനുപാതികമായി ഓരോ വര്‍ഷവും അതാതു പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുക

20. ആഘോഷങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും കൈയടിച്ചു പ്രോത്സാഹിപ്പിക്കാന്‍ അനുവദിക്കുക.

21. പിറന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ ഭക്ഷ്യവസ്തുക്കളോ മധുര പലഹാരങ്ങളോ കൊണ്ടുവരാന്‍ അനുവദിക്കുക

22. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേര്‍തിരിച്ച് നമസ്‌കാര പള്ളി തുറന്നു നല്‍കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക

23. ബാച്ച് തിരിച്ചും ഡിപ്പാര്‍ട്ട്‌മെന്റ് തിരിച്ചുമുള്ള വിവേചനങ്ങള്‍ ഒഴിവാക്കുക

24. റെഫെറെന്‍സിനു വേണ്ടി അനുവദിച്ചിട്ടുള്ള വിവിധ ടെക്സ്റ്റ് ബുക്കുകള്‍ മൂന്നു
ദിവസത്തെ കാലപരിധിയില്‍ കൈയില്‍വെയ്ക്കാന്‍ അനുവദിക്കുക

25. ആഘോഷ ദിനങ്ങളില്‍ ക്ലാസ്സിലെ ബെഞ്ച്, ഡെസ്‌ക്, ലെക്ചര്‍ സ്റ്റാന്‍ഡ് തുടങ്ങിയവ
തങ്ങളുടെ സൗകര്യാര്‍ത്ഥം ക്രമീകരിക്കാന്‍ അനുവദിക്കുക

26. നാഷണല്‍ സര്‍വീസ് സ്‌കീമിന് അതിന്റെ നിയമാവലികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക (ദശ ദിന ക്യാംപുകള്‍, സോഷ്യല്‍ സര്‍വീസ് തുടങ്ങിയവയില്‍ വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളും പരിഗണിക്കുക)

27. വ്യക്തമായ കാരണങ്ങളാല്‍ രാവിലെ കുറച്ചു സമയം വൈകിയാല്‍ അറ്റന്റന്‍സ് വെട്ടിക്കുറയ്ക്കാതിരിക്കുക.

28. ലേഡീസ് ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് താമസയോഗ്യമാക്കുക

29. കോളേജിലും ഹോസ്റ്റലിലും കുടിക്കാന്‍ ശുദ്ധജലം ലഭ്യമാക്കുക

30. ഫൈന്‍ ഈടാക്കുമ്പോള്‍ റെസീപ്റ്റ് നല്‍കുക

Read More >>