കുട്ടി എതു സോപ്പിട്ടാണ് കുളിക്കാറ്; ബാത്ത്‌റൂമിലെ മെഴുകുതിരി എന്തിനാണ്: പ്രിന്‍സിപ്പലിന്റെ ഒളിഞ്ഞു നോട്ടം സഹിക്കാനാവാതെ മദര്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍

പെരുവല്ലൂര്‍ മദര്‍കോളേജിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടികള്‍ സമരത്തിലേക്ക്. ആക്ടിങ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സലിം തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു വിദ്യാര്‍ത്ഥിനികള്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരിക്കയാണ്.

കുട്ടി എതു സോപ്പിട്ടാണ് കുളിക്കാറ്; ബാത്ത്‌റൂമിലെ മെഴുകുതിരി എന്തിനാണ്: പ്രിന്‍സിപ്പലിന്റെ ഒളിഞ്ഞു നോട്ടം സഹിക്കാനാവാതെ മദര്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍

'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 12 പേരാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തെ പണം മുഴുവന്‍ ഒരുമിച്ചടച്ചാണ് ഇവിടെ കേറിയത്. ചേരുന്നതിന്റെ മുമ്പ് ഹോസ്റ്റല്‍ കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല. താമസിക്കാനെത്തിയ ആദ്യ ദിനമാണ് സൗകര്യങ്ങളിലാത്ത ഒരു ജയിലാണ് ഹോസ്റ്റലെന്നു മനസ്സിലായത്'- ജയില്‍ സമാനമായ ഹോസ്റ്റല്‍ ജീവിതത്തെക്കുറിച്ച് ഒരു വിദ്യാര്‍ത്ഥിനി നാരദാ ന്യൂസിനോടു പറഞ്ഞു.

മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ സ്വകാര്യതകളെക്കുറിച്ചായിരുന്നു.

കുടിവെള്ളമെന്ന പേരില്‍ കിട്ടിയത് കലക്കവെള്ളമായിരുന്നു. പരാതിപ്പെട്ടപ്പോള്‍ പരാതി എഴുതി വാങ്ങി ഫയലില്‍ വച്ചതല്ലാതെ യാതൊരു നടപടിയും എടുത്തിട്ടില്ല. മലയാളത്തില്‍ പരാതി എഴുതിയെന്നു പറഞ്ഞു പ്രിന്‍സിപ്പല്‍ കളിയാക്കുകയാണ് ചെയ്തത്. എലി ഓടി നടക്കുന്ന അടുക്കള. മോര്‍ച്ചറി പോലത്തെ ഫ്രിഡ്ജ്, പോരാത്തതിന് ഏതു സമയവും മുറിയുടെ ജനാലയിലേക്കു തിരിഞ്ഞു നില്‍ക്കുന്ന നിരീക്ഷണ ക്യാമറ. ഈ ക്യാമറിയിലൂടെ പ്രിന്‍സിപ്പല്‍ എല്ലാ സമയവും പെണ്‍കുട്ടികളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അയാളുടെ മൊബൈല്‍ഫോണുമായി കോളേജിലെ എല്ലാ കാമറകളെയും കണക്ട് ചെയ്തിട്ടുണ്ട്. എവിടെ പോയാലും അയാള്‍ക്കു ഓരോ വിദ്യാര്‍ത്ഥിയെയും നിരീക്ഷിക്കാനുള്ള സൗകര്യമുണ്ട്- വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തുന്നു.മൊബൈല്‍ ഫോണുകള്‍ക്കു കര്‍ശന നിരോധനമാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. വാര്‍ഡന്റെ മുറിയിലുള്ള ലാന്‍ഡ്‌ഫോണിലേക്കു വീട്ടുകാര്‍ വിളിക്കും. അവിടെ ചെന്നു കോള്‍ അറ്റന്‍ഡ് ചെയ്യണം. അഞ്ചു മിനിട്ടാണ് സമയം. വാര്‍ഡന്റെ മുമ്പില്‍ നിന്നു കോളേജിലെ പ്രശ്‌നങ്ങള്‍ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ വിദ്യാര്‍ത്ഥിനികള്‍ രഹസ്യമായി ഒരു ഫോണ്‍ വാങ്ങി. ഇത്തരം രഹസ്യഫോണുകള്‍ സീനിയേഴ്‌സും ഉപയോഗിച്ചിരുന്നു.

ഒരു മുറിയില്‍ നാലു പേരാണ് താമസിക്കുന്നത്. ഒരു ദിവസം ഞങ്ങളുടെ മുറിയില്‍ നിന്നു ഫോണ്‍ പിടിച്ചു. ഞങ്ങളെ പ്രിന്‍സിപ്പലിന്റെ റൂമിലേക്കു വിളിപ്പിച്ചു. 5000 രൂപ ഫോണിന്റെ ഉടമസ്ഥയില്‍ നിന്നു കോളേജ് ഫൈന്‍ ഈടാക്കി. ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ചല്ലായിരുന്നു സാറിന് അറിയേണ്ടത്. ഏതു സോപ്പാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് പ്രിന്‍സിപ്പല്‍ ചേദിച്ചത്. കുട്ടി ഡോവ് ആയിരിക്കും ഉപയോഗിക്കുന്നതല്ലെയെന്ന് എന്നോടു സാര്‍ ചോദിച്ചു - പെണ്‍കുട്ടി പ്രിന്‍സിപ്പളിന്റെ വൈകൃത മനോഭാവം വെളിപ്പെടുത്തുന്നു.

രാത്രി ഫോണുമായി ആരോ ഒരാള്‍ ടെറസില്‍ പോകുന്നതിന്റെ വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും നിങ്ങളാണൊ എന്നറിയാന്‍ നടന്നു കാണിക്കാനും സാര്‍ ആവശ്യപ്പെട്ടു. ബാത്ത്‌റൂമിലെ വയറിംഗ് തകരാറിലായതിനാല്‍ ലൈറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. പലവട്ടം പരാതി എഴുതി നല്‍കിയെങ്കിലും തകരാറ് പരിഹരിച്ചില്ല. രാത്രിയില്‍ ബാത്ത്‌റൂമില്‍ പോകാന്‍ മെഴുകുതിരി വാങ്ങി വച്ചിരുന്നു. ഫോണ്‍ റെയ്ഡില്‍ ഈ മെഴുകുതിരിയും വീട്ടില്‍ നിന്നു കൊണ്ടു വന്ന സ്‌നാക്‌സും കോളേജ് പിടിച്ചെടുത്തു.
മെഴുകുതിരി എന്തിനാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ അടുത്ത ചോദ്യം. ബാത്ത്‌റൂമില്‍ നിന്നു കണ്ടെടുത്ത ബ്ലെയ്ഡിനെക്കുറിച്ചും ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചു ഞങ്ങളെ അപമാനിച്ചു. മെഴുകുതിരി കത്തിക്കാനുള്ള ലൈറ്ററും വീട്ടില്‍ നിന്നു കൊണ്ടുവന്ന സ്‌നാക്‌സും ചേര്‍ത്തു ഞങ്ങള്‍ മദ്യപിക്കുന്നവരാണെന്നു വരുത്തിത്തീര്‍ക്കുവാനും സാര്‍ ശ്രമിച്ചു. ഇതുകൂടാതെ ഒരു കുട്ടിയുടെ പേഴ്‌സണല്‍ ഡയറി മറ്റുവിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചു വായിച്ച് അവളെ മാനം കെടുത്തി.

ഹോസ്റ്റലിലെ വെള്ളം ഉപയോഗിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്കു വജൈനല്‍ ഇൻഫെക്ഷനും മൗത്ത് ഇന്‍ഫെക്ഷനും പിടിച്ചു. ഇക്കാര്യം പരാതിപ്പെട്ടപ്പോഴും മലയാളത്തില്‍ പരാതി എഴുതിയതിന്റെ പേരില്‍ ഞങ്ങളെ കളിയാക്കുകയാണ് ചെയ്തത്. മൊബൈല്‍ പിടിച്ച സംഭവത്തോടെ ഞങ്ങളെ നാലുപേരെയും ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. എന്തെങ്കിലും അസുഖം വന്നാല്‍ ഡോ. സെയ്ദ് മുഹമ്മദ് എന്ന വ്യക്തിയെ കാണാന്‍ മാത്രമുള്ള അനുവാദമെ തങ്ങള്‍ക്കുണ്ടായിരുന്നുള്ളുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


പ്രേതഭവനത്തെ അനുസ്മരപ്പിക്കുന്ന ഹോസ്റ്റല്‍ ജീവതം


കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിക്കും സമാനമായ അവസ്ഥയാണ് ഉണ്ടായത്. എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് പറഞ്ഞ് ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് ആദ്യം തന്നെ മാനേജ്‌മെന്റ് വാങ്ങി. ഒരു ലക്ഷത്തോളം രൂപയാണ് ഡൊണേഷന്‍ ഉള്‍പ്പടെ അഡ്മിഷനായി കോളേജ് വാങ്ങിയത്.

എട്ടു വിദ്യാര്‍ത്ഥിനികളാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ മൂന്നുമാസങ്ങള്‍ക്കു ശേഷം കുടിവെള്ളം പ്രധാന പ്രശ്‌നമായി. പരാതികള്‍ എഴുതി മടുത്തു. ഹോസ്റ്റല്‍ ഒഴിയാനാണ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സലിം ഉപദേശിച്ചത്. അടച്ച പണം തിരിച്ചു നല്‍കില്ലെന്നും വേറെ ഹോസ്റ്റല്‍ കണ്ടെത്താനും സലിം തീര്‍ത്തു പറഞ്ഞു.

മദര്‍ കോളേജില്‍ 300 കുട്ടികളെ ഒളിഞ്ഞുനോക്കാൻ 250 ക്യാമറകള്‍; സമരം ചെയ്തവരെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ പക തുടരുന്നു
നാലാമത്തെ മാസം ആറു പേര്‍ ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്തു. മൂന്നു നിലകളുള്ള വലിയ കെട്ടിടത്തില്‍ രണ്ടു പെണ്‍കുട്ടികളും വാര്‍ഡനും ഒരു വയസായ സെക്യൂരിറ്റിയും. അങ്ങേയറ്റം അരക്ഷിതാവസ്ഥ. കോളേജ് പരിസരത്തു വീടുകള്‍ പോലും കുറവ്. അര്‍ദ്ധരാത്രിയില്‍ ഗെയ്റ്റ് തുറക്കുന്നതിന്റെ ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നിട്ടുണ്ട്. എന്നാല്‍ ജനലില്‍ കൂടെ പുറത്തേക്ക് നോക്കിയാല്‍ ആരെയും കാണില്ല- ഭയാനകമായ ആ രാത്രികളെ കുറിച്ചു കോഴിക്കോട് സ്വദേശിനി പറയുന്നു.പാടം നികത്തിയാണ് കോളേജും ഹോസ്റ്റലും നിര്‍മിച്ചിട്ടുള്ളത്. കോമ്പൗണ്ടിലെ വൃത്തിഹീനമായ കുളത്തില്‍ നിന്നാണു കോളേജിലേക്കും ഹോസ്റ്റലിലേക്കും വെള്ളം എടുക്കുന്നത്. ആ കുളത്തിലെ വെള്ളം ഒരിക്കല്‍ പോലം തെളിഞ്ഞു കിടക്കുന്നത് കണ്ടിട്ടില്ല. വാട്ടര്‍പ്യൂരിഫൈയര്‍ ഉണ്ടെന്നും ഒരു പ്രശ്‌നവുമില്ലെന്നും നിങ്ങളുടെ മാനസിക പ്രശ്‌നമാണെന്നുമാണ് പരാതികള്‍ കൂടിയപ്പോള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്.

കൂടെ താമസിക്കുന്ന കുട്ടിയുടെ പിതാവ് ആഴ്ചയില്‍ 90 ലിറ്റര്‍ വെള്ളം കാറിനു കൊണ്ടുവന്നു കൊടുത്തതുകൊണ്ടാണ് പിന്നീടുള്ള ദിവസം താമസിച്ചത്. വേനല്‍ക്കാലം ആരംഭിച്ചതോടെ പ്രശ്‌നം രൂക്ഷമായി. ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചു.

ഇക്കാര്യം ചോദ്യംചെയ്യാനെത്തിയ തന്റെ പിതാവിനെ മറ്റു രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുന്നില്‍ വെച്ചു കണ്ട്രി ഫെലോ എന്നു വിളിച്ച് അധിക്ഷേപിച്ചു. ഹോസ്റ്റല്‍ സൗകര്യമുണ്ടെന്നു വാക്ക് പറഞ്ഞതുകൊണ്ടാണ് ഇവിടെ ചേര്‍ത്തതെന്നും അടച്ച പണം തിരിച്ചു നല്‍കണമെന്നും പിതാവ് ആവശ്യപ്പെട്ടു. പണം തിരിച്ചു നല്‍കില്ലെന്നും സര്‍ട്ടിഫിക്കറ്റുകള്‍ തരാമെന്നും സലിം മറുപടി നല്‍കി. ഈ അവസ്ഥയില്‍ കോളേജ് അടച്ചിടുന്നതാണു തനിക്കു ലാഭമെന്നും സലിം പറഞ്ഞു. പ്രിന്‍സിപ്പലിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സര്‍വകലാശാലയ്ക്കും പരാതി നല്‍കിയെന്നും പെണ്‍കുട്ടി പറഞ്ഞു.

പ്രിന്‍സിപ്പലിനെ മാറ്റാനാകില്ല: മദര്‍ മാനേജ്‌മെന്റ്


കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. എസ്.എഫ്.ഐ, കെ.എസ്.യു, എബിവിപി, എംഎസ്.എഫ് എന്നീ സംഘടനകളാണ് സമരത്തിലുണ്ടായിരുന്നത്. പൊലീസ് ലാത്തിച്ചര്‍ജ് നടത്തിയിരുന്നു. ഇന്നലെ മാനേജ്‌മെന്റും രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളുടെ നാല് ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു സലിമിനെ നീക്കാന്‍ സാധിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചതോടെ സമരം തുടരുകയാണ്.

കോളേജിന്റെ പാര്‍ക്കിങ് ഏരിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കു മൊബൈല്‍ ഉപയോഗിക്കാനും ഫൈന്‍ 5000 എന്നതു 1000 ആക്കി കുറയ്ക്കാനും ഇന്നലെ നടന്ന യോഗം തീരുമാനമെടുത്തു. സ്വകാര്യതയെ മാനിക്കുന്ന രീതിയില്‍ ക്യാമറകള്‍ പുനഃക്രമീകരിക്കാനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സിക്ക് റൂമുകള്‍ നിര്‍മിക്കാനും യോഗം തീരുമാനിച്ചു. പ്രിന്‍സിപ്പലിനെ മാറ്റിയാല്‍ തങ്ങള്‍ ക്ലാസെടുക്കില്ലെന്നും അധ്യാപകര്‍ ചര്‍ച്ചയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്.

വിദ്യാര്‍ത്ഥികളുടെ ആരോപണത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സലിം നാരദാ ന്യൂസിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല. താനൊന്നും അറഞ്ഞിട്ടില്ലെന്നും സലിം കൂട്ടിച്ചേര്‍ത്തു.

Read More >>