സംഘപരിവാറിന്റെ സദാചാര ക്ലാസ് എസ്എഫ്‌ഐയ്ക്കു വേണ്ട; തെറ്റു പറ്റിയെങ്കില്‍ തിരുത്താന്‍ അറിയാം: എസ്എഫ്‌ഐയുടെ വനിതാ നേതാവിനു പറയാനുള്ളത്

സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ എസ്എഫ്‌ഐ പ്രതിക്കൂട്ടിലാണ്. സദാചാരത്തിന്റെ വിഴുപ്പു ഭാണ്ഡം ചുമന്ന എസ്എഫ്‌ഐ മാപ്പു പറഞ്ഞേ പറ്റുവെന്ന് അക്രമത്തിന് ഇരയായ സൂര്യഗായത്രി. എസ്എഫ്‌ഐയുടെ വനിതാ നേതാക്കള്‍ക്ക് ഈ കാര്യത്തില്‍ എന്താണു പറയാനുള്ളത്. എസ്എഫ്‌ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജത്ത് സുഹൈല നിലപാട് പറയുന്നു.

സംഘപരിവാറിന്റെ സദാചാര ക്ലാസ് എസ്എഫ്‌ഐയ്ക്കു വേണ്ട; തെറ്റു പറ്റിയെങ്കില്‍ തിരുത്താന്‍ അറിയാം: എസ്എഫ്‌ഐയുടെ വനിതാ നേതാവിനു പറയാനുള്ളത്

'സദാചാരത്തിന്റെ വിഴുപ്പു ഭാണ്ഡം ചുമന്ന എസ്എഫ്‌ഐ മാപ്പു പറഞ്ഞേ തീരൂ. ഇതു തൊണ്ട കീറി മുദ്രവാക്യം വിളിച്ചതിനും ജീവനു തുല്യം പ്രസ്ഥാനത്തെ സ്‌നേഹിച്ചതിനും എസ്എഫ്‌ഐ തന്ന സമ്മാനമാണ്. ഭയം ഒന്നു കൊണ്ട് മാത്രമാണ് പല തെമ്മാടിത്തരങ്ങള്‍ക്കുമെതിരെ കണ്ണടയ്‌ക്കേണ്ടി വരുന്നത്.

തെമ്മാടിത്തരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് ആണ്‍കുട്ടികളാണെങ്കില്‍ കഞ്ചാവുകേസും പെണ്‍കുട്ടികളാണെങ്കില്‍ അനാശാസ്യക്കാരിയാക്കുന്നതും സ്ഥിരം പരിപാടിയാണ്.'തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ അതിക്രമത്തിനു ഇരയായ സൂര്യഗായത്രിയുടെ വാക്കുകളാണിത്.

തിരുവനന്തപുരത്തെ സദാചാര ഗുണ്ടായിസം അത്രയധികം എസ്എഫ്‌ഐയെന്ന പുരോഗമന സംഘടനയെ പ്രതിരോധത്തിലാക്കി കഴിഞ്ഞു. സഖാവേ എന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിനെ അക്രമത്തിനു ഇരയായ പെണ്‍കുട്ടികള്‍ ചാനല്‍ ചര്‍ച്ചയില്‍ അഭിസംബോധന ചെയ്തത്. സഖാവേ എന്നു തിരിച്ച് അഭിസംബോധന ചെയ്യാനോ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെ ലഘൂകരിക്കാനോ ജെയ്ക്കിനു സാധിച്ചതുമില്ല.

ഈ കാര്യത്തിൽ എസ്എഫ്ഐയുടെ വനിതാനേതാക്കളുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ പൊതുജനം കാത്തിരിക്കുമ്പോഴാണ് എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജത്ത് സുലൈഹ നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുന്നത്. 2013 ല്‍ കാസര്‍ഗോഡ് ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടിയെന്ന നിലയില്‍ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങള്‍ വിവരിക്കുന്നതായിരുന്നു എഫ്ബി പോസ്റ്റ്. അക്രമത്തിനു ഇരയായ വിദ്യാര്‍ത്ഥിനികള്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ക്കു തടയിടാന്‍ സ്വന്തം അനുഭവം പറയുന്നതു കൊണ്ട് കാര്യമുണ്ടോയെന്നാണ് പോസ്റ്റിനെതിരെ ഉയര്‍ന്നു വന്ന പ്രധാന ചോദ്യം. തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നടന്ന സദാചാര ഗുണ്ടായിസത്തില്‍ എസ്എഫ്ഐയുടെ നിലപാട് എന്താണ്. ഖദീജത്ത് സുലൈഹ നാരദാ ന്യൂസിനോടു സംസാരിക്കുന്നു...

ഇരയെ കേള്‍ക്കാതെ വേട്ടക്കാരന്റെ പക്ഷം ചേരുന്നു എന്ന ആരോപണമാണ് എസ്എഫ്‌ഐയ്‌ക്കെതിരെ ഉയരുന്നത്. ആരോപണങ്ങള്‍ക്കു തടയിടാനായിരുന്നുവോ, ഫെയ്‌സ്ബുക്ക്‌പോസ്റ്റ്?


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ എഫ്ബിയില്‍ കുറിപ്പിട്ടത്. ലിംഗസമത്വത്തെക്കുറിച്ചു അത്രയൊന്നും പുരോഗമനപരമായ ചിന്തിക്കാന്‍ സാധിക്കാത്ത സമൂഹത്തില്‍ തന്നെയാണ് നാം ഇപ്പോഴും ജീവിക്കുന്നത്. യൂണിവേഴ്‌സിറ്റിയില്‍ സംഭവിച്ച കാര്യങ്ങളെ ന്യായീകരിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല. സംഭവവുമായി എസ്എഫ്‌ഐയിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അന്വേഷണം നടത്തി ചങ്കുറപ്പുള്ള നടപടി സ്വീകരിക്കും. കപട സദാചാരത്തിന്റെ മുഖമൂടിയണിഞ്ഞ എം.എസ്.എഫ്, കെ.എസ്.യു, എസ്.ഐ.ഒ ക്രിമിനിലുകളില്‍ നിന്ന് ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാനടക്കമുള്ളവര്‍ ഏറ്റു വാങ്ങിയ മാനസിക മര്‍ദ്ദനത്തിന്റെ ഓര്‍മ്മകള്‍ കുറിച്ചിടുക മാത്രമാണ് ചെയ്തതും.

തെറ്റുകാര്‍ക്കെതിരെ നടപടിയെടുത്തു മാതൃക കാട്ടുന്നതിനു പകരം ഇരകള്‍ക്കെതിരെ കഥകള്‍ മെനയാനാണ് എസ്എഫ്‌ഐ നേതാക്കള്‍ ആദ്യം മത്സരിച്ചത്?


യൂണിവേഴ്‌സ്റ്റി കോളേജിലെ ഇരകളായ രണ്ടു പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്നതും അവരുടെയും അക്രമത്തിനിരയായ ആണ്‍സുഹൃത്തിന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് എസ്എഫ്‌ഐയെ ആരെങ്കിലും ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതും തീര്‍ത്തും തെറ്റാണ്. സദാചാര പൊലീസിംഗ് പോലെ തന്നെ അപകടരമാണ് അത്തരം നിലപാടുകള്‍. അത്തരം സമീപനങ്ങള്‍ എസ്എഫ്‌ഐയെ പുറകോട്ടടിക്കും. ഞങ്ങള്‍ കൃത്യമായ അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി തന്നെയുണ്ടാകും. എന്നാല്‍ ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ മറവില്‍ എസ്എഫ്‌ഐയെ കല്ലെറിയാനും വ്യക്തിഹത്യ നടത്താനും നടക്കുന്നവരോടാണ് ഞങ്ങളുടെ രോഷം.


ഈ ആരോപണം ഉയര്‍ത്തുന്ന എബിവിപിയടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പെണ്‍കുട്ടികളോടു സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ആര്‍എസ്എസ് എസ്എഫ്‌ഐയെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ട. ഗുജറാത്ത് കലാപത്തില്‍ ദേശസ്‌നേഹികളുടെ രാജ്യസ്‌നേഹമാണ് ബലാത്സംഗം എന്ന നിലപാട് എടുത്തവരാണ് ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ മര്യാദ പഠിപ്പിക്കുന്നത്.

സൂര്യഗായത്രിയുടെ ഷിമ്മീസ് പുറത്തു കണ്ടതിന് എസ്എഫ്‌ഐയുടെ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി വിളിച്ചു കൂട്ടുക. ഗുരുതരമായ ആരോപണമല്ലേ ഇത്?

അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. എന്തു വസ്ത്രം ധരിക്കണമെന്നും എന്തു ഭക്ഷണം കഴിക്കണമെന്നുള്ളതും വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ നിര്‍ഭാഗ്യകരമാണത്. യൂണിവേഴ്സ്റ്റി കോളേജില്‍ നടന്ന കാര്യങ്ങള്‍ ബോധപൂര്‍വ്വം ആരെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എസ്എഫ്ഐയുടെ അനുഭാവികള്‍ക്കു പറ്റിയ തെറ്റാകും അത്. ആ പെണ്‍കുട്ടികള്‍ക്കു സംഘടനയോട് എന്തെങ്കിലും തരത്തിലുള്ള വിരോധം ഉണ്ടെങ്കില്‍ പോലും അത്തരത്തിലുള്ള പെരുമാറ്റമല്ല ഒരു എസ്എഫ്ഐ അനുഭാവിയില്‍ നിന്നു ഉണ്ടാകേണ്ടത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതിന്‍ സാജ് കൃഷ്ണ, സംസ്ഥാന സെക്രട്ടറി എം വിജിന്‍ തുടങ്ങിയവര്‍ പെൺകുട്ടികളുടെ അനുഭവത്തെ നിഷേധിക്കുന്ന സമീപനമാണ് ആദ്യം എടുത്തത്. ആ സമീപനം തന്നെയാണ് ജെയ്ക്ക് സി തോമസ് ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞതും?

ആ പെണ്‍കുട്ടികള്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണ് എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ആദ്യം ഇത്തരം സംഭവങ്ങളെ നേതൃത്വത്തെ അറിയിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്? ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ആശയക്കുഴപ്പം സൃഷ്ടിച്ച് എസ്എഫ്‌ഐയ്ക്ക് അപകീര്‍ത്തിയുണ്ടാക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. പ്രതിന്‍ സാജ് കൃഷ്ണയും വിജിനുമെല്ലാം പെട്ടെന്നുണ്ടായ ആശയക്കുഴപ്പത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സ്വഭാവികമായ തെറ്റു കടന്നു കൂടിയിരിക്കാം. ജെയ്ക്കിന്റെ കാര്യത്തില്‍ ചാനല്‍ ചര്‍ച്ച കണ്ട എല്ലാവര്‍ക്കും മനസ്സിലായതാണ്. ആവശ്യമായ സമയം നല്‍കാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. പിന്നീടുള്ള എഫ്ബി പോസ്റ്റില്‍ സംഭവത്തെ ന്യായീകരിക്കുന്നില്ലെന്ന് ജെയ്ക് വ്യക്തമാക്കിയതുമാണ്.എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരായുള്ള ആരോപണത്തിനു തടയിടാന്‍ മാത്രമായിരുന്നോ ഷബാനയുടെ പരാതി?

ഷബാന എസ്എഫ്‌ഐയുടെ തന്നെ മാതൃകം എന്ന സംഘടനയുടെ ഭാരവാഹിയാണ്. പൊതുവായ പ്രശ്‌നങ്ങളില്‍ വനിതാനേതാവ് എന്ന നിലയില്‍ അവര്‍ ഇടപെട്ടിട്ടുണ്ടാകും.മോറല്‍ പൊലീസിംഗിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന സംഘടനയ്ക്ക് എങ്ങനെ ഇത്തരം വിഷയങ്ങളില്‍ നിഷ്‌ക്രിയത്വം കാണിക്കാന്‍ പറ്റും. സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല.

ഞങ്ങളുടെ അനുഭാവികള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ എവിടെയെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ ഞങ്ങള്‍ക്ക് അറിയാം. ആര്‍എസ്എസ്സിന്റെ അശ്ലീലം നിറഞ്ഞ ഓശാരം പറ്റിയ വിനുവിനെ പോലെയുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കു ക്ലാസ് എടുക്കേണ്ടതില്ല. നല്ല പ്രണയങ്ങളും സൗഹൃദങ്ങളും ക്യാംപസില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. നമ്മുടെ സമൂഹം എത്ര മാത്രം പുരോഗമിച്ചാലും സ്ത്രീകള്‍ രണ്ടാം തരക്കാരാണെന്ന വിവേചന ബോധം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത്തരം വിചാരങ്ങള്‍ ചില ന്യൂനപക്ഷം വച്ചു പുലര്‍ത്തുന്നുണ്ടാകാം. അതിന്റെ പേരില്‍ എസ്എഫ്‌ഐയെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ലോ അക്കാദമി വിഷയത്തില്‍ മാദ്ധ്യമങ്ങളുടെ അജണ്ട എല്ലാവരും കണ്ടതല്ലേ. ലക്ഷ്മി നായരെ സംരക്ഷിക്കുന്നുവെന്നാണ് പറഞ്ഞത്. എസ്എഫ്‌ഐയുടെ ഇച്ഛാശക്തിയാണ് ആ സമരത്തെ വിജയിപ്പിച്ചതും.


2012 ല്‍ പാലക്കാട് നടന്ന എസ്എഫ്‌ഐയുടെ 31 മത് സംസ്ഥാന സമ്മേളനവും 2015 ല്‍ തൃശൂരില്‍ നടന്ന 32- മത് സംസ്ഥാന സമ്മേളനവും സദാചാര പോലീസിംഗിനെതിരെ വളരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുള്ളതാണ്. മനുഷ്യത്വ രഹിതമായ ഇത്തരം പ്രവണതകള്‍ക്ക് എതിരെ വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന ആഹ്വാനം ഉള്‍ക്കൊള്ളുന്ന രണ്ടു പ്രമേയങ്ങള്‍ എസ്എഫ്ഐ അംഗീകരിക്കുകയും ചെയ്തു. എസ്എഫ്ഐയ്ക്ക് ഒരിക്കിലും സദാചാര പൊലീസിംഗ് വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല.

തട്ടമിട്ട പെണ്‍കുട്ടി എസ്എഫ്‌ഐയുടെ കൊടി പിടിച്ചതിനും മതാതീതമായി കൂട്ട് കൂടിയതിന്റെ പേരില്‍ ശാരീരിക മര്‍ദ്ദനം എല്‍പ്പിച്ചതും എന്റെ ഓര്‍മ്മകളില്‍ ഉള്ളതാണ്. എസ്എഫ്‌ഐയുടെ ജില്ലാ ജാഥ കഴിഞ്ഞു ബസ്റ്റോപ്പില്‍ വൈകി ബസ്സ് കാത്തു നിന്നതിനെ ചോദ്യം ചെയ്യാന്‍ ഗുണ്ടകളെ വിട്ടതും സ്ഥലം വര്‍ഗീയ വാദികളാണ്. ഈ അനുഭവങ്ങള്‍ ഞാന്‍ എന്റെ എഫ്ബി പോസ്റ്റില്‍ വിശദമായി ഉന്നയിച്ചിട്ടുള്ളതാണ്.


അത് കൊണ്ട് ഇപ്പറയുന്ന എംഎസ്എഫ്, എന്‍ഡിഎഫ്, എസ്‌ഐഒ, എബിവിപി, തുടങ്ങിയ സംഘടനകളുടെ ലിംഗബോധം ഞങ്ങള്‍ക്കു നന്നായിട്ടറിയാം. അവരുടെ സംഘടനകളില്‍ ടാന്‍സ്‌ജെന്‍ഡര്‍, പെണ്‍, ദളിത് പങ്കാളിത്തമൊക്കെ വല്ലാതെ കൂടിപ്പോയതിന്റെ വീര്‍പ്പുമുട്ടലിലാകും അവര്‍. വസ്തുതാപരമായ വിമര്‍ശനങ്ങളെ മനസ്സിലാക്കുന്നു. കല്ലെറിയണമെന്നു മാത്രം ആഗ്രഹമുള്ളവര്‍ നിങ്ങള്‍ ആക്രമണം തുടര്‍ന്നു കൊണ്ടേയിരിക്കുക. ഇത്തരം ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടു തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി ഞങ്ങള്‍ വളര്‍ന്നത്.