സദാചാര ഗുണ്ടാലയം: അനാശാസ്യ സാക്ഷി റെഡി; പുറത്ത് കാവല്‍ നിന്ന് ക്ലാസില്‍ 'ഡിങ്കോള്‍ഫി'യെന്ന പഴയ കഥയുമായി എസ്എഫ്‌ഐ പ്രവര്‍ത്തക

കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ എസ്എഫ്ഐ പ്രവര്‍ത്തകയാണ് പരാതിക്കാരി. പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയിലാണ് സംഭവത്തിലെ സാക്ഷി എന്ന നിലയിലുള്ള പരാതി.

സദാചാര ഗുണ്ടാലയം: അനാശാസ്യ സാക്ഷി റെഡി; പുറത്ത് കാവല്‍ നിന്ന് ക്ലാസില്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പ്രിന്‍സിപ്പലിനു മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ പരാതി. കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ എസ്എഫ്ഐ അനുഭാവിയാണ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയത്. കോളേജില്‍ പഠിക്കാത്ത ഒരു പുരുഷനെ വിളിച്ചുകയറ്റിയെന്നും  അയാളുമായി മോശമായ സാഹചര്യത്തില്‍ അവരെ കണ്ടുവെന്നുമാണ് പരാതി.

പരാതി കന്റോണ്‍മെന്റ് പൊലീസിന് കൈമാറിയെന്ന് യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഡോ എംഎസ് വിനയചന്ദ്രന്‍ പറഞ്ഞു. പരാതിയെ കുറിച്ച് കോളേജ് തല അന്വേഷണം നടത്താതെ നേരിട്ട് കൈമാറുകയായിരുന്നു എന്നാണ് അറിയുന്നത്.


ഇന്നലെ കോളേജിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കോളേജ് യൂണിയന്റെ നാടകം നടക്കുന്ന വേളയില്‍ മലയാളം വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും  ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥിനിയും കോളേജില്‍ പഠിക്കാത്ത പുറത്തുള്ള ഒരു പുരുഷനെ വിളിച്ചുകയറ്റി. യാദൃശ്ചികമായി പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി താന്‍ നടന്നുവരുന്ന വേളയില്‍ ഫിലോസഫി വിദ്യാര്‍ത്ഥിനി ക്ലാസിന്റെ പുറത്തുനില്‍ക്കുകയും മറ്റേ വിദ്യാര്‍ത്ഥിനിയും ആ പുരുഷനുമായി ക്ലാസ് മുറിയില്‍ മോശമായ സാഹചര്യത്തില്‍  കാണുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.

അതുകണ്ട്, ഇവിടെ എന്തിനാണ് ഇരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അശ്ലീല ചുവയുള്ള വാക്കുകള്‍ പ്രയോഗിക്കുകയും പരിഹസിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇതു കാണുകയും വാക്കുതര്‍ക്കമുണ്ടാവുകയും ഈ പെണ്‍കുട്ടികള്‍ അവരെ ചീത്തവിളിക്കുകയും ചെയ്തു.

അങ്ങനെ വിദ്യാര്‍ത്ഥികളും ആ പുരുഷനുമായി സംഘര്‍ഷമുണ്ടായി. പൊലീസിനെ വിളിച്ച് അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന ആളാണ്, എന്റെ ജോലിയെ ബാധിക്കുമെന്നു പറയുകയും തുടര്‍ന്ന്, അയാളെ കോളേജില്‍ നിന്നു പുറത്താക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ആ പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും അവരുടെ വീട്ടില്‍ വിളിച്ച് അറിയിക്കണമെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു.

ഇന്നലെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സുഹൃത്തായ യുവാവിനും നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമുണ്ടായത്.

പെണ്‍കുട്ടികള്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെ ഇനിയും നടപടി എടുത്തിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ നടപടി എന്നാണ് സംസ്ഥാന കമ്മറ്റിയുടെ നിലപാട്. കുറ്റം മറയ്ക്കുന്നതിനായി പരാതികള്‍ കെട്ടിച്ചമയ്ക്കുന്നതടക്കം വിമര്‍ശിക്കപ്പെടുകയാണ്.