യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസം: 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ സെക്രട്ടറി തസ്‌ലീം, സുജിത്, രതീഷ് എന്നിവരും മറ്റു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മര്‍ദ്ദനത്തിനിരയായ ജിജീഷിന്റെ മൊഴിപ്രകാരമാണ് കേസ്. അന്യായമായി സംഘം ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസം: 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളേയും ആണ്‍ സുഹൃത്തിനേയും സദാചാര ഗുണ്ടായിസത്തിനിരയാക്കിയ സംഭവത്തില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ സെക്രട്ടറി തസ്‌ലീം, സുജിത്, രതീഷ് എന്നിവരും മറ്റു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മര്‍ദ്ദനത്തിനിരയായ ജിജീഷിന്റെ മൊഴിപ്രകാരമാണ് കേസ്. അന്യായമായി സംഘം ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 143, 147, 148, 149, 341, 323, 324, 506 (1) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കന്റോണ്‍മെന്റ് പൊലീസ് നാരദ ന്യൂസിനോടു പറഞ്ഞു.


പെണ്‍കുട്ടികളോട് സംസാരിച്ചതിനു പുറത്തുനിന്നെത്തിയ തന്നെ എസ്എഫ്ഐ സംഘം മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോളേജ് പ്രിന്‍സിപ്പലിനു കത്ത് നല്‍കും. ഒപ്പം കണ്ടാലറിയാവുന്ന 10പേരുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിനി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതി കന്റോണ്‍മെന്റ് പൊലീസിനു കൈമാറി. ഇതുപ്രകാരം പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്കും പരിപാടി കാണാനായി പുറത്തുനിന്നെത്തിയ സുഹൃത്തായ യുവാവിനും എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഒരുമിച്ചിരുന്ന തന്നെ 'നിനക്ക് പെണ്‍കുട്ടികളുടെ ഒപ്പമല്ലാതെ ഇരിക്കാന്‍ പറ്റില്ലേ' എന്നു ചോദിച്ചാണ് പത്തോളം പേരടങ്ങുന്ന എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചതെന്നു ജിജീഷ് പരാതിയില്‍ പറയുന്നു.

മര്‍ദ്ദിക്കുന്നതില്‍ എതിര്‍പ്പുമായെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന തങ്ങളിരുവരേയും അവര്‍ മര്‍ദ്ദിച്ചതായി പെണ്‍കുട്ടികളിലൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മര്‍ദ്ദനത്തെതുടര്‍ന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ പുറത്താക്കി ഗേറ്റ് പൂട്ടിയ ശേഷം ജിജീഷിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീണ്ടും മര്‍ദ്ദിച്ചുവെന്നും ജാനകി എന്ന വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടിയിരുന്നു.

Read More >>