സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പ്പനയ്ക്ക്: വില 50 മുതല്‍ 500 രൂപ വരെ; വില്‍പ്പന നടത്തുന്നത് റീചാര്‍ജ് ഷോപ്പുകള്‍

ഫോണ്‍ വഴിയുള്ള പരാതികള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചതോടെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം 1090 എന്ന ഹെല്‍പ് ലൈൻ നമ്പര്‍ ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ നമ്പര്‍ വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.

സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പ്പനയ്ക്ക്: വില 50 മുതല്‍ 500 രൂപ വരെ; വില്‍പ്പന നടത്തുന്നത് റീചാര്‍ജ്  ഷോപ്പുകള്‍

ഉത്തര്‍പ്രദേശിലെ റീ ചാര്‍ജ് ഷോപ്പുകളില്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ വില്‍പ്പന നടത്തുന്നതായി പോലീസ്. റീ ചാര്‍ജ് ഷോപ്പുകളില്‍ റീ ചാര്‍ജ് ചെയ്യുന്നതിനു വേണ്ടി സ്ത്രീകള്‍ നല്‍കുന്ന ഫോണ്‍ നമ്പറുകള്‍ സൂക്ഷിച്ചു വച്ചാണ് വില്‍പ്പന നടത്തുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സൗന്ദര്യത്തിന് അനുസരിച്ച് മൊബൈല്‍ നമ്പറുകളുടെ വിലയും കൂടും. അമ്പതു രൂപ മുതല്‍ അഞ്ഞുറു രൂപ വരെയാണ് ഇടപാടുകാരില്‍ നിന്ന് കടയുടമകള്‍ ഇത്തരത്തില്‍ ഈടാക്കുന്നത്.


സ്ത്രീകളുമായി പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടിയാണ് ഭൂരിഭാഗം ആളുകളും വില കൊടുത്ത് ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുന്നത്. ഫോണ്‍ വഴിയുള്ള പരാതികള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചതോടെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം 1090 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ നമ്പര്‍ വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. ഹെല്‍പ്പലൈന്‍ നമ്പര്‍ വഴി ഇതു വരെ രജിസ്റ്റര്‍ ചെയ്ത 6,61,129 പരാതികളില്‍ 5,82,854 പരാതികള്‍ മൊബൈല്‍ ഫോണ്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് പോലീസ് ഐജി ശേഖര വ്യക്തമാക്കി.

സ്ഥിരമായി റീ ചാര്‍ജ് ചെയ്യുന്ന കടകളില്‍ നിന്നാണ് സ്ത്രീകളുടെ നമ്പര്‍ സംഘടിപ്പിക്കുന്നത്. നമ്പര്‍ സംഘടിപ്പിച്ചതിനു ശേഷം സന്ദേശം അയച്ചോ നേരിട്ടു വിളിച്ചോ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് രീതി. വാട്‌സ് ആപ്പ് വഴി അശ്ലീല സന്ദേശമയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് ഹെല്‍പ്പ് ലൈന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രതാപ് യാദവ് പറയുന്നു.

മൊബൈല്‍ ഫോണ്‍ വഴി ശല്യപ്പെടുത്തുന്നവര്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വയോധികര്‍ വരെയുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പോലീസിന് പരിമിതികള്‍ ഉണ്ടെന്നും പരാതി ലഭിച്ചാല്‍ ഈ നമ്പറുകളിലേയ്ക്ക് വിളിച്ച് താക്കീത് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും താക്കീത് കിട്ടിയതിനു ശേഷം ഭുരിഭാഗം പേരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ഐജി ശേഖര പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുപിയില്‍ സ്ത്രീകളുടെ അതിക്രമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 90 ശതമാനം കേസുകളും ഫോണ്‍ വഴിയുളളതായിരുന്നു.

ഇത്തരം കുറ്റകൃത്യങ്ങളെ ഗൗരവതരമായാണ് കാണുന്നതെന്നും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ വില്‍പ്പനയ്ക്കു വയ്ക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും ഐജി പറഞ്ഞു.

Read More >>