ആശുപത്രിച്ചെലവ് ഈടാക്കാൻ ചോരക്കുഞ്ഞുങ്ങൾക്ക് മരുന്നും മുലപ്പാലും നിഷേധിച്ച മിംസിനെതിരെ ആരോഗ്യവകുപ്പിന് മിണ്ടാട്ടമില്ല; അന്വേഷണം തുടരുന്നതായി ബാലവകാശ കമ്മീഷന്‍

വണ്ടൂര്‍ സ്വദേശി ഫാത്തിമയില്‍ നിന്ന്‌ ചികിത്സയുടെ പേരില്‍ 22 ലക്ഷം രൂപയാണ്‌ മിംസ്‌ ആശുപത്രി ഈടാക്കിയത്‌. പണം നല്‍കുന്നത്‌ വൈകിയപ്പോള്‍ കുഞ്ഞിന്‌ മുലപ്പാല്‍ നല്‍കാതെയും മരുന്ന്‌ നല്‍കാതെയും വീഴ്‌ച്ച വരുത്തിയ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‌ പരാതി നല്‍കിയിരുന്നു. മിംസിന്റെ പകല്‍കൊള്ള സംബന്ധിച്ചുള്ള വാര്‍ത്ത നാരദ ന്യൂസ്‌ പുറത്തുകൊണ്ടുവന്നെങ്കിലും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്‌ കൈമലര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. അതേസമയം നവജാത ശിശുവിനോട്‌ പോലും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്‌ മിംസിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ഫാത്തിമ ബാലവകാശ കമ്മീഷന്‌ പരാതി നല്‍കിയത്‌.

ആശുപത്രിച്ചെലവ് ഈടാക്കാൻ ചോരക്കുഞ്ഞുങ്ങൾക്ക് മരുന്നും മുലപ്പാലും നിഷേധിച്ച മിംസിനെതിരെ ആരോഗ്യവകുപ്പിന് മിണ്ടാട്ടമില്ല; അന്വേഷണം തുടരുന്നതായി ബാലവകാശ കമ്മീഷന്‍

മാസം തികയാതെ ഇരട്ടക്കുട്ടികളെ പ്രസവിച്ച യുവതിയുടെയും കുട്ടികളുടെയും ചികിത്സാച്ചെലവ് ഈടാക്കാൻ കുഞ്ഞുങ്ങൾക്ക് മരുന്നും മുലപ്പാലും നിഷേധിച്ച് കോഴിക്കോട് മിംസ് ആശുപത്രി അധികൃതർ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിന്മേൽ ആരോഗ്യവകുപ്പിന്റെ ഉരുണ്ടുകളി തുടരുന്നു. അതേസമയം അന്വേഷണം തുടരുന്നതായി ബാലവകാശ കമ്മീഷന്‍ അറിയിച്ചു. വണ്ടൂര്‍ സ്വദേശി ഫാത്തിമയില്‍ നിന്ന്‌ ചികിത്സയുടെ പേരില്‍ 22 ലക്ഷം രൂപയാണ്‌ മിംസ്‌ ആശുപത്രി ഈടാക്കിയത്‌. പണം നല്‍കുന്നത്‌ വൈകിയപ്പോള്‍ കുഞ്ഞിന്‌ മുലപ്പാല്‍ നല്‍കാതെയും മരുന്ന്‌ നല്‍കാതെയും വീഴ്‌ച്ച വരുത്തിയ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‌ പരാതി നല്‍കിയിരുന്നു.


മിംസിന്റെ പകല്‍കൊള്ള സംബന്ധിച്ചുള്ള വാര്‍ത്ത നാരദ ന്യൂസ്‌ പുറത്തുകൊണ്ടുവന്നെങ്കിലും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്‌ കൈമലര്‍ത്തുകയാണ്‌ ചെയ്യുന്നത്‌. അതേസമയം നവജാത ശിശുവിനോട്‌ പോലും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്‌ മിംസിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ഫാത്തിമ ബാലവകാശ കമ്മീഷന്‌ പരാതി നല്‍കിയത്‌.

2016 ജൂണില്‍ നടന്ന സംഭവത്തില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തെക്കുറിച്ച്‌ ധാരണയില്ലെന്നാണ്‌ ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ ഓഫീസിലെ പി ആര്‍ ഒ വിനോദ്‌ കുമാര്‍ നാരദ ന്യൂസിനോട്‌ പ്രതികരിച്ചത്‌. സംഭവം ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും വാര്‍ത്ത പരിശോധിച്ചശേഷമേ നടപടിയെടുക്കുന്ന കാര്യം പറയാന്‍ കഴിയുകയുള്ളുവെന്നുമാണ്‌ ആരോഗ്യവകുപ്പിന്റെ വിശദീകരണം.

ഫാത്തിമയുടെ പരാതിയെത്തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ പൊലീസ്‌ ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2016 ഡിസംബറിലാണ്‌ ഫാത്തിമ ബാലവകാശ കമ്മീഷന്‌ പരാതി നല്‍കിയത്‌. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും മിംസ്‌ ആശുപത്രി മാനേജിംഗ്‌ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ എന്നിവരില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന ബാലവകാശ കമ്മീഷന്‍ അംഗം നസീര്‍ ചാലില്‍ നാരദ ന്യൂസിനോട്‌ പറഞ്ഞു.

വിചാരണയ്‌ക്ക്‌ ഹാജരാകാന്‍ ഫാത്തിമയ്‌ക്കും നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. അതേസമയം നിലവിലുള്ള ബാലവകാശ കമ്മീഷനംഗങ്ങളുടെ കാലാവധി 2017 ജനുവരി എട്ടോടെ അവസാനിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ പുതിയ കമ്മീഷനംഗങ്ങള്‍ വരുന്നത്‌ വരെ നടപടിയെവിടെയുമെത്തില്ലെന്നാണ്‌ വിവരം. കാരണം ഇപ്പോഴുള്ള അംഗങ്ങളുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ യാതൊരു വിധ അധികാരവും ഇവര്‍ക്കുണ്ടാകില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള അംഗങ്ങളുടെ ഭാഗത്ത്‌ നിന്ന്‌ ഇപ്പോള്‍ യാതൊരു തരത്തിലുമുള്ള തുടര്‍നടപടിയും ഉണ്ടാകില്ലെന്നിരിക്കെ ആരോഗ്യവകുപ്പും കയ്യൊഴിഞ്ഞതോടെ നീതിക്കായി ഇനിയെന്ത്‌ എന്ന ചോദ്യമാണ്‌ ഫാത്തിമയുടെ മുന്നില്‍ അവശേഷിക്കുന്നത്‌.

Read More >>