മില്‍മ പാലിന് ശനിയാഴ്ച മുതല്‍ വില കൂടും

2014 ജൂലൈയിലായിരുന്നു മില്‍മ ഇതിനു മുന്‍പ് പാലിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നത്. നിലവില്‍ മില്‍മ പാലിന് 36 മുതല്‍ 40 രൂപ വരെയായിരുന്നു ലിറ്ററിന് വിപണിയിലെ വില

മില്‍മ പാലിന് ശനിയാഴ്ച മുതല്‍ വില കൂടും

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് പാല്‍ വില കൂടുന്നു. ഇത് സംബന്ധിച്ചു മില്‍മ നല്‍കിയ ശുപാര്‍ശ മന്ത്രിതല അംഗീകാരം നേടിയതോടെയാണ് ഇനി സംസ്ഥാനത്ത് പാലിന്റെ വില വര്‍ദ്ധിക്കുന്നത്.

ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നിലവില്‍ തീരുമാനമുണ്ടായിരിക്കുന്നത് എന്ന് മില്‍മ  ചെയര്‍മാന്‍ പി.റ്റി.ഗോപാലകൃഷ്ണക്കുറുപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 3.35 രൂപ ക്ഷീരകര്‍ഷകനുള്ളതായിരിക്കും, 32 പൈസ സംഘങ്ങള്‍ക്കും നല്‍കും. ശനിയാഴ്ച മുതല്‍ പുതിയ വില നിലവില്‍ വരും.


2014 ജൂലൈയിലായിരുന്നു മില്‍മ ഇതിനു മുന്‍പ് പാലിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നത്. നിലവില്‍ മില്‍മ പാലിന് 36 മുതല്‍ 40 രൂപ വരെയായിരുന്നു ലിറ്ററിന് വിപണിയിലെ വില. മൂന്ന് ശതമാനം കൊഴുപ്പുള്ള നീലക്കവര്‍ പാല്‍ ലിറ്ററിന് 38 രൂപയും കൊഴുപ്പ് കുറഞ്ഞ മഞ്ഞക്കവറിന് 35 രൂപയുമാണ് നിലവിലെ വില. കൊഴുപ്പ് ഏറെയുള്ള പാലിന് 40 രൂപയാണ് വിപണിവില.

കഴിഞ്ഞ രണ്ടുവര്ഷം കൊണ്ട് ഉത്പാദനചെലവ് വര്‍ദ്ധിക്കുകയും അതിനു ആനുപാതികമായി പാലിന് വില ലഭിക്കാതിരിക്കുകയും ചെയ്തത് ക്ഷീരമേഖലയില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. ഒരു ലിറ്റര്‍ പാലുല്‍പാദനത്തിന് കര്‍ഷകന് ശരാശരി 42.44രൂപ ചെലവുണ്ടാകുന്നുണ്ട്. എന്നാല്‍ ഇതേ പാലിന് അവര്‍ക്ക് മില്‍മയില്‍ നിന്നും 30.12 രൂപ മാത്രമാണ് ലഭിക്കുക. ഇനിയത് 34.14രൂപയായിരിക്കും.

നിലവിലെ വിലവര്‍ധനവ് ക്ഷീരകര്‍ഷകരുടെ ദുരിതം ഇല്ലാതാക്കുന്നില്ല എന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. രാജ്യത്തെ സഹകരണസംഘങ്ങളില്‍ പാലിന് ഏറ്റവുമധികം വില കര്‍ഷകന് നല്‍കുന്നത് മില്‍മയാണ് എന്നും ചെയര്‍മാന്‍ അറിയിച്ചു. 2011ന് ശേഷം സംസ്ഥാനത്ത് പാലുല്‍പാദനം 40% വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും കാലിത്തീറ്റയുടെ ഉയര്‍ന്ന വില പുല്ലിന്റെ ദൌര്‍ലഭ്യം, കന്നുകള്‍ക്ക് ചികിത്സയ്ക്കായി വേണ്ടി വരുന്ന തുക എന്നിവ കണക്കുക്കൂട്ടുമ്പോള്‍ കര്‍ഷകന് ലാഭം ഉണ്ടാകാറില്ല.

കഴിഞ്ഞ രണ്ടുവര്‍ഷവും പാലുല്‍പാദനത്തില്‍ സംസ്ഥാനത്ത് വളര്‍ച്ച രേഖപ്പെടുത്തിടിട്ടുണ്ട് എങ്കിലും ഇനിയും പ്രതീക്ഷിതമായ വരള്‍ച്ചയില്‍ ഇതിനു കുറവുണ്ടാകനാണ് സാധ്യത

പാലിന്റെ വിലയില്‍ വര്ധനവുണ്ടായതോടെ തൈര്, പാല്‍പ്പൊടി, ബട്ടര്‍, നെയ്യ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളുടെ വിലയിലും വര്‍ധനവുണ്ടാകും

Story by
Read More >>