മെത്രാൻ കായൽ: ഭൂമി കൈക്കലാക്കിയത് 37 കമ്പനികളുടെ പേരിൽ; മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട സ്ഥലമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

പല പേരുകളിലുള്ള 37 കമ്പനികളുടെ പേരിലാണ് മെത്രാൻ കായൽ ഭൂമി ചില ആളുകൾ കൈവശപ്പെടുത്തിയതെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. നാനൂറേക്കറോളം ഭൂമി സ്വകാര്യവ്യക്തികൾ കൈകക്കലാക്കിയതുമായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി നാരദാന്യൂസിനോട് പറഞ്ഞു. കടലാസുകമ്പനികളുടെ പേരിൽ റാക്കിൻഡോ ഗ്രൂപ്പ് 400 ഏക്കർ മെത്രാൻ കായൽ കൈക്കലാക്കിയ വാർത്ത നാരദാന്യൂസ് പുറത്തു വിട്ടിരുന്നു.

മെത്രാൻ കായൽ: ഭൂമി കൈക്കലാക്കിയത് 37 കമ്പനികളുടെ പേരിൽ; മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട സ്ഥലമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

കടലാസുകമ്പനികൾ രൂപീകരിച്ച് 400 ഏക്കർ മെത്രാൻ കായൽ സ്വകാര്യവ്യക്തികൾ കൈക്കലാക്കിയെന്ന നാരദാ ന്യൂസ് വാർത്ത ശരിവെച്ച് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. ഒരേ ആളുകൾ ഡയറക്ടർമാരായ 37 കമ്പനികളുടെ പേരിലാണ് ഭൂമി കൈക്കലാക്കിയതെന്ന് മന്ത്രി നാരദാ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. റവന്യൂ വകുപ്പും ജില്ലാ കളക്ടറും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.


മിച്ച ഭൂമിയായി ഏറ്റെടുക്കേണ്ട സ്ഥലമാണിത്. അന്വേഷണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും. സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഇവർക്ക് ഭൂമിയുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും  മന്ത്രി വ്യക്തമാക്കി.

ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം മെത്രാൻ കായലിൽ കൃഷിയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം കമ്പനിയുടെ മാനേജരെന്ന് പരിചയപ്പെടുത്തിയ ആൾ തന്നെ വിളിച്ച്, അവിടെ കൃഷി ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞു. പിന്നീട്  ഇയാൾ നേരിട്ടുവന്നു കണ്ടു. കൃഷിക്കു വേണ്ടിയാണ് ഭൂമി വാങ്ങിയതെന്നാണ് അയാൾ പറഞ്ഞത്. 50 ശതമാനം സ്ഥലത്ത് കൃഷിയും ബാക്കിയുള്ളതിൽ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുപയോഗിക്കുമെന്നും അയാൾ പറഞ്ഞെങ്കിലും അത് നടക്കില്ലെന്നായിരുന്നു തന്റെ നിലപാടെന്ന് സുനിൽകുമാർ പറഞ്ഞു.

ആന്ധ്ര സ്വദേശികളും വിദേശീയരും ഉൾപ്പെടുന്ന കമ്പനി ആയതുകൊണ്ട് ഞങ്ങൾക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാനേ കഴിയൂ എന്നായിരുന്നു കമ്പനിയുടെ മറുപടി. അത് ആന്ധ്രയിൽ നടക്കും, കേരളത്തിൽ നടക്കില്ലെന്ന് താൻ തറപ്പിച്ചു പറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കുന്നു. കൃഷി അല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്നും താൻ വ്യക്തമാക്കി.
37 കമ്പനികളും അവരുടെ കൈവശമുള്ള സ്ഥലം നികത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ കൃഷിവകുപ്പിന്റെ കൈവശമുണ്ടായിരുന്നു. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നെന്നു പറയുന്ന ആളുകൾ നികത്താൻ വേണ്ടി അപേക്ഷ നൽകേണ്ട കാര്യമില്ലല്ലോ-  വി എസ് സുനിൽകുമാർ

ആ ഭൂമിയിൽ കൃഷി ചെയ്യാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. 400 ഏക്കർ ഭൂമിക്കു സമീപം കമ്പനിയുടേതല്ലാത്ത 28 ഏക്കർ സ്ഥലമുണ്ടായിരുന്നു. അവിടെ കൃഷിക്കു വേണ്ടിയുള്ള ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കാൻ ഒരു കോടിക്കു മുകളിൽ ഫണ്ട് അനുവദിച്ചു. പണ്ട് അനുവദിച്ച് ബണ്ട് നിർമ്മാണമടക്കമുളേ്ളവയുമായി മുന്നോട്ടുപോകുമ്പോൾ ബിനാമിയെ കൊണ്ട് കമ്പനി കേസ് കൊടുപ്പിച്ചതായി സുനിൽ കുമാർ പറയുന്നു.

28 ഏക്കറിനു വേണ്ടി സര്‍ക്കാര്‍ അനാവശ്യമായി ഫണ്ട് ചെലവാക്കുകയാണെന്ന് പരാതി. പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ   സമീപിക്കുകയായിരുന്നു. എന്നാല്‍ ആ കേസ് തള്ളിപ്പോയെന്നും പിന്നീട്  അവിടെ നിര്‍മ്മിച്ച ബണ്ടുകളെല്ലാം ഗുണ്ടകളെവച്ച്‌ പൊട്ടിക്കാന്‍ തുടങ്ങിയെന്നും സുനിൽകുമാർ പറഞ്ഞു. അതിന് ശേഷം അവിടെ പൊലീസിനെ ഏർപ്പെടുത്തുകയായിരുന്നു.

എന്നാൽ അതു കഴിഞ്ഞ് ബിജെപിയുടെ പഞ്ചായത്ത് മെംബറെക്കൊണ്ട് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പൊതുതാത്പര്യഹര്‍ജി കൊടുപ്പിക്കുകയായിരുന്നു. മെത്രാന്‍ കായല്‍ പ്രദേശത്ത് പ്രത്യേക തരം മത്സ്യസമ്പത്തുണ്ട്. അത് നശിച്ചുപോകും, അതുകൊണ്ട് വെള്ളം വറ്റിക്കാന്‍ പാടില്ലെന്നൊക്കെ പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു വിഷയം ഇല്ലെന്നായിരുന്നു ഫിഷറീസ് വകുപ്പിന്റെ ശാസ്ത്രീയ കണ്ടെത്തല്‍.

ഇക്കാര്യം ബോധ്യപ്പെട്ട ഹൈക്കോടതി, 28 ഏക്കര്‍ മാത്രമായിട്ടെന്തിനാ ചെയ്യുന്നത്‌, മുഴുവന്‍ ചെയ്തൂടെ എന്നാണ് ചോദിച്ചത്. അതേതുടര്‍ന്ന് കൃഷിവകുപ്പ് ഭൂവുടമസ്ഥര്‍ക്കു നോട്ടീസ് അയക്കുകയായിരുന്നു. കൃഷി ചെയ്യാന്‍ തയ്യാറാണെന്ന് രണ്ട് പേര്‍ മറുപടി അറിയിച്ചു. എന്നാൽ 10 ദിവസത്തിനകം  കൃഷി ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ നാട്ടുകാര്‍ ഇറങ്ങി വിതയ്ക്കാന്‍ തുടങ്ങുമെന്ന് താൻ അവരോട് വ്യക്തമാക്കിയിരുന്നെന്ന് സുനിൽകുമാർ നാരദാന്യൂസിനോട് പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ, എഐവൈഎഫ് കിസാന്‍ സഭ. ബിജെപി, കോണ്‍ഗ്രസ് എല്ലാവരും ഒരുമിച്ചിറങ്ങി കൃഷി ഇറക്കിയതെന്നും മന്ത്രി പറഞ്ഞു. ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>