മെത്രാൻ കായൽ: ഭൂമി കേന്ദ്രീകരണത്തിനു പിന്നിൽ കോടികളുടെ അഴിമതി; ഉന്നതതല അന്വേഷണം വേണമെന്ന് പി സി ജോർജ്

കടലാസു കമ്പനികളുടെ പേരിൽ 400 ഏക്കർ മെത്രാൻ കായൽ ഭൂമി സ്വകാര്യവ്യക്തികൾ വാങ്ങിക്കൂട്ടിയെന്ന വാർത്ത നാരദാന്യൂസ് പുറത്ത് വിട്ടിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തുകയാണ്.

മെത്രാൻ കായൽ: ഭൂമി കേന്ദ്രീകരണത്തിനു പിന്നിൽ കോടികളുടെ അഴിമതി; ഉന്നതതല അന്വേഷണം വേണമെന്ന് പി സി ജോർജ്

മെത്രാന്‍ കായലില്‍ കടലാസ് കമ്പനികളുടെ പേരില്‍ നാനൂറ് ഏക്കര്‍ ഭൂമി ബിസിനിസ് ലക്ഷ്യത്തോടെ വാങ്ങി കൂട്ടിയ വന്‍ തട്ടിപ്പിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഈ ഭൂമി സ്വന്തമാക്കിയവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്  കായല്‍ നികത്തി കുമരകം ടൂറിസ്റ്റ് വില്ലേജ് എന്ന പദ്ധതിയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരും ഈ ഭൂമി കേന്ദ്രീകരണത്തിനുനേരെ കണ്ണടയ്ക്കുന്നത് ഭൂമാഫിയയുടെയും ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അദ്ദേഹം ആരോപിച്ചു.


. സംസ്ഥാനത്ത് നിലവിലുളള ഭൂപരിഷ്‌കരണ നിയമത്തിലെ ഭൂപരിധി സംബന്ധിച്ച വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് മെത്രാന്‍കായലിലെ നിലവിലെ ഭൂമിയുടെ ഉടമസ്ഥാവകാശം. തണ്ണീര്‍മുക്കം സ്വദേശിയായ ഒരാളുടെ പേരില്‍ മാത്രം പതിമൂന്ന് വ്യാജ കമ്പനികളുടെ മേല്‍വിലാസത്തിലാണ് സ്ഥലം പോക്കുവരവ് ചെയ്ത് നല്‍കിയിരിക്കുന്നതെന്ന് പി സി ജോർജ്ജ് ചൂണ്ടിക്കാട്ടി.

ചെന്നൈ കേന്ദ്രമായുളള റാക്കിന്‍ഡോ ഡെവലപ്പേഴ്‌സ് എന്ന കമ്പനിയടക്കമാണ്  മെത്രാന്‍ കായലില്‍ ഭൂമിയുടെ ഉമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 2007 മുതല്‍ നാളിതുവരെയായി റവന്യൂ വകുപ്പ് ഈ ഭൂമി കേന്ദ്രീകരണം കണ്ടില്ലെന്ന് നടിക്കുന്നത് ഈ ക്രമക്കേടുകൾക്കുളള ഒത്താശ ചെയ്യലാണെന്നും പി സി ജോർജ് ആരോപിച്ചു.

കുമരകം വില്ലേജ് ഓഫീസ് മുതല്‍ കോട്ടയം കളക്‌ട്രേറ്റും സംസ്ഥാന റവന്യൂ ഉന്നത കേന്ദ്രങ്ങളും അടക്കമുളളവരാണ് പല കമ്പനികളുടെ പേരില്‍ വാങ്ങി കൂട്ടിയ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് ഭീമന് സ്വന്തമാക്കാനുളള സഹായങ്ങള്‍ നല്‍കിയത്. ഒന്നിലധികം കമ്പനികള്‍ക്കുവേണ്ടി തണ്ണീര്‍മുക്കം സ്വദേശിയുടെ പേരില്‍ വില്ലേജ് ഓഫീസില്‍ രേഖ ഉണ്ടാക്കി അയാളുടെ ചുമതലയില്‍ പരിസ്ഥിതി പ്രാധാന്യമുളള മെത്രാന്‍ കായലില്‍ നൂറിലധികം ഏക്കര്‍ ഭൂമി കേന്ദ്രീകരിച്ചതിന് പിന്നില്‍ കോടികളുടെ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2009 ല്‍ കോട്ടയം ജില്ലാ കളക്ടറാണ് കുമരകം വില്ലേജിലെ മെത്രാന്‍ കായല്‍ പ്രദേശം പോക്കുവരവ് ചെയ്യുവാനുളള അനുമതി നല്‍കിയത്. ഈ അനുമതി പ്രകാരം കോട്ടയം അഡീഷ്ണല്‍ തഹസില്‍ദാര്‍ കുമരകം വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് 145 ഏക്കര്‍ ഒരാളുടെ പേരില്‍ അടക്കം 400 ഏക്കര്‍ കടലാസ് കമ്പനികള്‍ വാങ്ങി കൂട്ടിയ ഭൂമിക്കുളള പോക്കുവരവ് നടന്നത്. ഈ കമ്പനികളുടെ ഉടമസ്ഥത സംബന്ധിച്ചോ വിലാസം സംബന്ധിച്ചോ ആധികാരികതകളെ കൂറിച്ചോ ഉളള യാതൊരു പരിശോധനയും നടത്താതെയാണ് റവന്യൂ വകുപ്പ് ഈ ക്രമവിരുദ്ധമായ നടപടിക്ക് ഒത്താശ ചെയ്തതതെന്നും പി സി ജോർജ് ആരോപിച്ചു.

മെത്രാന്‍ കായലില്‍ കൃഷി ഇറക്കുന്നു എന്ന വാര്‍ത്ത പരത്തി ഭൂമിയുടെ പേരില്‍ നടന്ന വന്‍ തട്ടിപ്പ് മറച്ചുവെയ്ക്കാനുളള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത് എന്നും പറയപ്പെടുന്നു. ഈ കാര്യം രേഖാമൂലം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.

വ്യാജ കടലാസു കമ്പനികളുടെ പേരിൽ സ്വകാര്യവ്യക്തികൾ ഭൂമി കൈക്കലാക്കിയെന്ന വാർത്ത നാരദാന്യൂസാണ് രേഖകളടക്കം പുറത്ത് വിട്ടത്. വിഷയത്തിൽ സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ പിസിസി ഉപാധ്യക്ഷൻ വിഡി സതീശൻ രംഗത്തെത്തിയിരുന്നു.

Read More >>