മെത്രാൻ കായൽ: 400 ഏക്കർ വാങ്ങിക്കൂട്ടിയത് കടലാസു കമ്പനികളുടെ പേരിൽ; നിയമവിരുദ്ധമായ പോക്കുവരവു കെ പി രാജേന്ദ്രന്റെ കാലത്ത്; നാരദാ ഇൻവെസ്റ്റിഗേഷൻ

തണ്ണീർമുക്കം തെക്കു വില്ലേജിൽ ലക്ഷ്മി സദനം വീട്ടിൽ കെ എം ബാലാനന്ദന്റെ മകൻ കെ ബി അജേഷ് എന്നയാളിന്റെ പേരിൽ മാത്രം 145 ഏക്കർ സ്ഥലം പോക്കുവരവു ചെയ്യപ്പെട്ടിട്ടും ആരിലും ഒരു സംശയവും ഉണർന്നില്ല. ഇരുപതോളം കടലാസു കമ്പനികളുടെ പേരിലായിരുന്നു പോക്കുവരവ്. പതിമൂന്നു കമ്പനികൾക്കു വേണ്ടി കെ ബി അജേഷിന്റെ പേരിലാണ് പോക്കുവരവ് ചെയ്തിരിക്കുന്നത്.

മെത്രാൻ കായൽ: 400 ഏക്കർ വാങ്ങിക്കൂട്ടിയത് കടലാസു കമ്പനികളുടെ പേരിൽ; നിയമവിരുദ്ധമായ പോക്കുവരവു കെ പി രാജേന്ദ്രന്റെ കാലത്ത്; നാരദാ ഇൻവെസ്റ്റിഗേഷൻ

കേരള ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി സംബന്ധിച്ച വ്യവസ്ഥ അട്ടിമറിക്കാൻ കടലാസ് കമ്പനികൾ രൂപീകരിച്ചാണ് റാക്കിൻഡോ ഗ്രൂപ്പ് കുമരകത്തെ 400 ഏക്കർ മെത്രാൻ കായൽ കൈക്കലാക്കിയതെന്ന് രേഖകൾ.   സിപിഐ നേതാവ് കെ പി രാജേന്ദ്രൻ റവന്യൂ മന്ത്രിയായിരിക്കെ നടന്ന പോക്കുവരവിലും ദുരൂഹത.  തണ്ണീർമുക്കം തെക്കു വില്ലേജിൽ ലക്ഷ്മി സദനം വീട്ടിൽ കെ എം ബാലാനന്ദന്റെ മകൻ കെ ബി അജേഷ് എന്നയാളിന്റെ പേരിൽ മാത്രം 145 ഏക്കർ സ്ഥലം പോക്കുവരവു ചെയ്യപ്പെട്ടിട്ടും ആരിലും ഒരു സംശയവും ഉണർന്നില്ല. ഇരുപതോളം കടലാസു കമ്പനികളുടെ പേരിലായിരുന്നു പോക്കുവരവ്.  പതിമൂന്നു കമ്പനികൾക്കു വേണ്ടി കെ ബി അജേഷിന്റെ പേരിലാണ് പോക്കുവരവ് ചെയ്തിരിക്കുന്നത്.


[caption id="attachment_79436" align="alignright" width="400"] പോക്കുവരവു ചെയ്തുകൊടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം[/caption]

ഒറ്റ ദിവസത്തിലാണ് ഈ കമ്പനികളെല്ലാം രൂപീകരിച്ചത്. 2006 സെപ്തംബർ 11 എന്ന തീയതിയിലായിരുന്നു എല്ലാ കമ്പനികളുടെയും രജിസ്ട്രേഷൻ. ഇരുപതു കമ്പനികൾക്കും കൂടി രണ്ടേരണ്ടു വിലാസമേയുളളൂ.

നമ്പർ 33/1783-ഡി, പുതിയ റോഡ്, കണയന്നൂർ താലൂക്ക്,
വെണ്ണല, പിഒ, കൊച്ചി
പിൻ 682028


എന്നതാണ് ഒരു വിലാസം. മറ്റു ചില കമ്പനികളുടെ വിലാസം
 

നമ്പർ 1, സുബ്ബരായ അവെന്യൂ.
സിപി രാമസ്വാമി റോഡ്,
അൽവാർപേട്ട്,
ചെന്നൈ 600018
.


ചെന്നൈയിലുളള ഇതേ വിലാസത്തിലാണ് ഇപ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന റാക്കിൻഡോ ഡെവലപ്പേഴ്സ് എന്ന കമ്പനി 2007 ഒക്ടോബർ 8ന് രജിസ്റ്റർ ചെയ്തതിരിക്കുന്നതും.

ഈ കമ്പനികളെക്കുറിച്ചോ ഡയറക്ടർ ബോർഡ് അംഗങ്ങളെക്കുറിച്ചോ ഒരന്വേഷണവും നടത്താതെയായിരുന്നു പോക്കുവരവ്. പലകമ്പനികൾക്കു വേണ്ടി ഒരാളിന്റെ പേരിൽ നൂറിലധികം ഏക്കർ തണ്ടപ്പേരിൽ പതിഞ്ഞിട്ടും ആർക്കും ഒരു സംശയവും തോന്നിയില്ല.

ഭൂപരിഷ്കരണ നിയമം അനുസരിച്ച് വ്യക്തിയ്ക്കോ കുടുംബത്തിനോ ട്രസ്റ്റിനോ കമ്പനിയ്ക്കോ കേരളത്തിൽ പതിനഞ്ച് ഏക്കറിൽ കൂടുതൽ ഭൂ ഉടമസ്ഥത പാടില്ല എന്ന വ്യവസ്ഥ അട്ടിമറിക്കുകയാണ് ഈ കടലാസ് കമ്പനികളുടെ പിറവിരഹസ്യം എന്നു പകൽപോലെ വ്യക്തമായിട്ടും ഒരു തടസവും കൂടാതെ പോക്കുവരവു നടന്നു. ഉന്നതങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമില്ലാതെ റവന്യൂ ഉദ്യോഗസ്ഥർ ഇതു ചെയ്യില്ലെന്ന് ഉറപ്പാണ്.

വിചിത്രമായ തണ്ടപ്പേരു രേഖ;
13 കമ്പനികൾക്കു വേണ്ടി
ഒരാളിന്റെ പേരിൽ 145 ഏക്കർ!


കുമരകം വില്ലേജ് ഓഫീസിലെ തണ്ടപ്പേർ രജിസ്റ്റർ മെത്രാൻ കായൽ ഭൂമിതിരിമറിയുടെ സ്വയം സംസാരിക്കുന്ന രേഖയാണ്. പല കമ്പനികൾ ചേർന്നു തുണ്ടുതുണ്ടായി വിഴുങ്ങിയ ഭൂമി ഒറ്റ ആമാശയത്തിലാണു പതിച്ചത് എന്നു തെളിയിക്കാൻ ഈ തണ്ടപ്പേരു രജിസ്റ്ററിന്റെ 39 പേജുകളിലൂടെ കണ്ണോടിച്ചാൽ മതിയാകും.

തണ്ടപ്പേരു നമ്പർ 6776ൽ തുടങ്ങുന്നു തട്ടിപ്പിന്റെ മറിമായം. കൊനേരു റിയൽറ്റേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കു വേണ്ടി തണ്ണീർമുക്കം തെക്കു വില്ലേജിൽ ലക്ഷ്മി സദനം വീട്ടിൽ കെ എം ബാലാനന്ദന്റെ മകൻ കെ ബി അജേഷ് എന്നാണ് ഉടമയുടെ പേരു രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ പതിമൂന്നു കമ്പനികൾക്കു വേണ്ടി അജേഷിന്റെ പേരുണ്ട്. അങ്ങനെ അജേഷിൽ എത്തിച്ചേർന്നത് 145 ഏക്കർ സ്ഥലം.

ഇങ്ങനെ ഒന്നിലധികം കമ്പനികൾക്കു വേണ്ടി ഒരാളിന്റെ പേരിൽ വില്ലേജ് രേഖയുണ്ടാകുന്നതും അയാളുടെ ചുമതലയിൽ നൂറിലധികം ഏക്കർ ഭൂമിയുണ്ടാകുന്നതും സ്വാഭാവികമായും അനേകം സംശയങ്ങൾക്ക് കാരണമാകും. കമ്പനികളുടെ വിലാസവും ഡയറക്ടർ ബോർഡും സംശയത്തിന്റെ നിഴലിലാവും. മിനിസ്ട്രി ഓഫ് കമ്പനി അഫയേഴ്സിന്റെ വെബ് സൈറ്റിൽ പരതിയാൽ ഒരു ചെലവുമില്ലാതെ എല്ലാ സംശയത്തിനും ഉത്തരവും ലഭിക്കും. എന്നാൽ ഈ പരിശോധനകളൊന്നും കൂടാതെയാണ് റവന്യൂ വകുപ്പ് പോക്കുവരവു നടപടികൾ നടത്തിയത്.

പോക്കുവരവു നടത്തിയത് കെ പി രാജേന്ദ്രൻ
റവന്യൂ മന്ത്രിയായിരുന്ന കാലത്ത്


മിനി ആന്റണിയായിരുന്നു അന്നു കോട്ടയം കളക്ടർ. 2009 നവംബർ ആറിന് കുമരകം വില്ലേജിലെ മെത്രാൻ കായൽ പ്രദേശം പോക്കുവരവു ചെയ്യാനുളള അനുമതി നൽകിയത് അവരാണ്. ഈ സ്ഥലം പല കമ്പനികൾ വാങ്ങിയിട്ടുണ്ടെന്ന് ആ ഉത്തരവിൽ പറയുന്നു.

ജില്ലാ കളക്ടറുടെ ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോക്കുവരവു നടപടികൾക്ക് കോട്ടയം അഡീഷണൽ തഹസീൽദാർ കുമരകം വില്ലേജ് ഓഫീസർക്കു നിർദ്ദേശം നൽകിയത്. എന്നാൽ ഈ കമ്പനികളുടെ ഉടമസ്ഥതയെ സംബന്ധിച്ചോ വിലാസത്തെ സംബന്ധിച്ചോ  ഒരു പരിശോധനയും റവന്യൂ അധികൃതർ നടത്തിയിട്ടില്ല.

ഒരേ വിലാസത്തിൽ ഇരുപതു കമ്പനികൾ,
ഇരുപതിനും ഒരേ ഡയറക്ടർമാർ,
ഇരുപതും രൂപീകരിച്ചത് ഒരേ ദിവസം


മെത്രാൻ കായൽ കൈവശപ്പെടുത്തിയ കമ്പനികളുടെ പട്ടിക താഴെ ചേർക്കുന്നു

 • മെഗാപോളീസ് ഡെവലപ്പേഴ്സ്,                                                 

 • ടെക്നോപോളിസ് ഡെവലപ്പേഴ്സ്,

 • വിമലതേജാ പ്രോജക്ട്സ്,

 • വിമലതേജാ ഡെലവപ്പേഴ്സ്,

 • മനയ്ക്കൽ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • ക്ഷിധി റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • കൈതാരം റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • പുരയ്ക്കൽ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • സായൂജ്യ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • കോയിക്കൽ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • കലമറ്റം റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • പള്ളിച്ചിറ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി
  ആർപികെ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • കരിഞ്ഞാറ്റ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • കൊനേരു റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • പീടികയിൽ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • ചീപ്പുങ്കൽ റിയൽ എസ്റ്റേറ്റ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • കരിവേലിൽ റിയൽട്ടേഴ്സ് ആൻഡ് ഹോസ്പിറ്റാലിറ്റി,

 • പി കെ റിയൽ എസ്റ്റേറ്റ് ആൻഡ് ഹോസ്പിറ്റാലിറ്റി


ഈ കമ്പനികളെല്ലാം രജിസ്റ്റർ ചെയ്തത് 2006 സെപ്തംബർ 11നാണ്. ഗണേഷ് ഭൂമിനാഥൻ, മുരളീ കൃഷ്ണ എന്നിവരാണ് ഈ ഇരുപതു കമ്പനികളുടെയും ഡയറക്ടർ ബോഡിലുള്ളത്.

462.A 12/6, ശാസ്ത്രി നഗർ,
കോവിൽപ്പട്ടി, തൂത്തുക്കുടി,
തമിഴ്‌നാട്


എന്നതാണ് ഗണേഷ് ഭൂമിനാഥന്റെ വിലാസം.

No.1/623, അമുഗഹ,
ഫിഫ്ത്ത് സ്ട്രീറ്റ്,
കാർത്തികേയപുരം,
മാടിപാക്കം ചെന്നൈ


എന്ന വിലാസമാണ് മുരളി കൃഷ്ണയുടേത്. ഇരുവരും ഈ കമ്പനികളുടെ ഡയറക്ടർ ബോർഡിലെത്തിയത് 2015 സെപ്തംബർ 28നാണ്.

കടലാസു കമ്പനികളുടെ ലാൻഡിങ് അഡ്രസ്


മെത്രാൻ കായലിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന കമ്പനികളുടെ വിലാസത്തിലും ദുരൂഹതയുണ്ട്. "നമ്പർ 33/1783-ഡി, പുതിയ റോഡ്, കണയന്നൂർ താലൂക്ക്, വെണ്ണല, പിഒ, കൊച്ചി പിൻ 682028" എന്ന വിലാസത്തിൽ 243 കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റാക്കിൻഡോ ഡെവലപ്പേഴ്സ് എന്ന കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്ന "നമ്പർ 1, സുബ്ബരായ അവെന്യൂ. സിപി രാമസ്വാമി റോഡ്, അൽവാർപേട്ട്, ചെന്നൈ 600018" എന്ന വിലാസത്തിൽ മൂവായിരത്തിലേറെ കമ്പനികളുമുണ്ട്. ഇവയെല്ലാം കടലാസു കമ്പനികളാണെന്നും പ്രബലമായ മാഫിയ പിന്നിലുണ്ടെന്നും ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.

എൽഡിഎഫിലും യുഡിഎഫിലും ഒരുപോലെ സ്വാധീനമുളളവരാണ് ഈ നീക്കങ്ങൾക്കു പിന്നിൽ. നിയമവിരുദ്ധമായ പോക്കുവരവ് നടന്നത് എൽഡിഎഫിന്റെ കാലത്താണ്. മെത്രാൻ കായൽ നികത്തി കുമരകം ടൂറിസ്റ്റ് വില്ലേജ് എന്ന പദ്ധതിയ്ക്ക് അംഗീകാരം നൽകാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ നടന്ന നീക്കവും വിവാദമായിരുന്നു.