മെത്രാൻ കായലിൽ സ്ഥിരമായി കൃഷി ഇറക്കാൻ സർക്കാർ ഇടപെടൽ അനിവാര്യം

മെത്രാൻ കായലിലെ അനധികൃത ഭൂമി ഇടപാടുകളെ സംബന്ധിച്ചുള്ള വസ്തുതകൾ തെളിവുകൾ സഹിതം നാരദ ന്യൂസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു . ഈ വിഷയം അടുത്ത ദിവസത്തെ നിയമസഭാ സമ്മേളനത്തിൽ ചൂടേറിയ ചർച്ചയ്ക്കു വിഷയമാകും. മെത്രാൻ കായൽ സഭയിൽ ഉന്നയിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനും പി സി ജോർജ് എംഎൽഎയും പ്രസ്താവിച്ചുകഴിഞ്ഞു.

മെത്രാൻ കായലിൽ സ്ഥിരമായി കൃഷി ഇറക്കാൻ  സർക്കാർ ഇടപെടൽ അനിവാര്യം

മെത്രാൻ കായലിൽ സ്ഥിരമായി കൃഷി ഇറക്കാൻ ഇപ്പോഴുള്ള സ്ഥിതിയിൽ സാധ്യമല്ല. ഇത്തവണ സ്വന്തമായി ഭൂമിയുള്ള ആറു കർഷകരാണ് 24 ഏക്കറിൽ ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 276 ഏക്കറിൽ നാട്ടുകാർ സ്വാശ്രയ സംഘങ്ങളും ചെറുകിട ഗ്രൂപ്പുകളുമുണ്ടാക്കിയാണ് കൃഷിക്കിറങ്ങിയത്. ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥരായ റാക്കിൻഡോ കമ്പനിയുടെ അനുമതിയോടെ ആയിരുന്നില്ല.

അവർക്കു മെത്രാൻ കായലിൽ നെല്ലുൽപ്പാദിപ്പിക്കുകയല്ല ലക്‌ഷ്യം . നെൽകൃഷി ചെയ്തുവന്നിരുന്ന ഭൂമി ഉടമ കൃഷി ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച്  പിടിച്ചെടുത്ത്‌, തയ്യാറുള്ള വ്യക്തികളെയോ സംഘങ്ങളെയോ ഏൽപ്പിക്കാവുന്നതാണ് . എന്നാൽ മെത്രാൻ കായലിൽ അതൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ കമ്പനിയുടെ അനുമതിയില്ലാതെ പാടത്തു  വിത്തെറിഞ്ഞത് .


അനധികൃത കടന്നുകയറ്റം നിയമവിരുദ്ധമെന്ന് കാട്ടി ഉടമകൾ ഭൂമിയിൽ ബോർഡുകൾ സ്ഥാപിച്ചിരുന്നു . എന്നാൽ കമ്പനികൾ ലക്ഷ്യമിടുന്ന തുടർപ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെ പിന്തുണ ആവശ്യമാണെന്ന തിരിച്ചറിവാകാം ഈ കൈയ്യേറ്റത്തിനെതിരെ നടപടികൾക്ക് കടലാസ് കമ്പനിക്കാർ തയ്യാറാവാത്തത്. വർഷങ്ങളായി കൃഷി ഇറക്കാതെ തരിശു കിടന്ന പാടം കൃഷിക്ക് ഉപയുക്തമാക്കുന്നതിനും പുറം ബണ്ട് ബലപ്പെടുത്തുന്നതിനും വെള്ളം വറ്റിക്കുന്നതിനുമായി സർക്കാർ ആദ്യ ഘട്ടമായി 80 ലക്ഷം രൂപ അനുവദിക്കുകയും അതിൽ 60 ലക്ഷം രൂപ ആലപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കു കൈമാറുകയും ചെയ്തിരുന്നു .

ഇതു കൂടാതെ ഒന്നരക്കോടി രൂപയ്ക്കു മുകളിൽ ബണ്ട് ബലപ്പെടുത്തുന്നതിനും വീതി കൂട്ടുന്നതിനുമായി കൃഷി വകുപ്പ് സർക്കാരിന് ശുപാർശ ചെയ്‌തിട്ടുണ്ട്. യാഥാർഥത്തിൽ ഇപ്പോൾ ചെലവഴിക്കപ്പെട്ടതും ഇനി ചെലവഴിക്കാൻ പോകുന്നതും പ്രദേശവാസികളും കർഷകരുമായ ആറു പേർക്ക് വേണ്ടിയല്ല . ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്ന റാക്കിൻഡോ കമ്പനിയുടെ ഭൂമിയിലാവും ഈ പണത്തിലേറെയും മുടക്കപ്പെടുക .ഇപ്പോൾ തന്നെ പുറം ബണ്ടിന് അഞ്ചു മീറ്റർ വീതി ഉള്ളിടത്താണ് ബണ്ട് ബലപ്പെടുത്താൻ വീണ്ടും പ്രൊപ്പോസൽ അയച്ചത്.

മെത്രാൻ കായലിലെ അനധികൃത ഭൂമി ഇടപാടുകളെ സംബന്ധിച്ചുള്ള വസ്തുതകൾ തെളിവുകൾ സഹിതം നാരദ ന്യൂസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു .  ഈ വിഷയം അടുത്തദിവസത്തെ നിയമസഭാ സമ്മേളനത്തിൽ ചൂടേറിയ ചർച്ചയ്ക്കു വിഷയമാകും. മെത്രാൻ കായൽ സഭയിൽ ഉന്നയിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനും പി സി ജോർജ് എംഎൽഎയും പ്രസ്താവിച്ചുകഴിഞ്ഞു.

ഇടപാടുകളെകുറിച്ച് സമഗ്ര അന്വേഷണവും എല്ലാ കക്ഷിനേതാക്കളും ആവശ്യപ്പെടുന്നുണ്ട്. ഭൂമി സർക്കാർ പിടിച്ചെടുക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. ഇതിനിടയിൽ ഈ കൈമാറ്റങ്ങൾക്കു കുട പിടിച്ചതും പാരിതോഷികങ്ങൾ സ്വീകരിച്ചതുമായ ചിലർ പരിഭ്രാന്തിയിലുമാണ്. സാഹചര്യങ്ങൾ എങ്ങനെ ആയാലും ഇത്തവണത്തെ കൃഷിയിൽ മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന നെല്ല് മെത്രാൻ കായൽ ബ്രാൻഡിൽ അരിയാക്കാൻ ഓയിൽ പാം ഇന്ത്യയുടെ വെച്ചൂർ മോഡേൺ റൈസ് മിൽ തീരുമാനിച്ചിരുന്നു . എന്നാൽ സ്ഥിരമായി ഇവിടെ കൃഷി ചെയ്യുന്നതിനും നെല്ലുൽപ്പാദനം വർധിപ്പിക്കുന്നതിനും സർക്കാർ തീരുമാനമെടുക്കുകയാണ് വേണ്ടത്. അതിനായി  കൃഷി ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ഭൂമിയുടെ ഘടനയിൽ മാറ്റം വരുത്താനോ പാടില്ലാ എന്ന കേരളാ ലാൻഡ് യൂട്ടിലൈസേഷൻ ആക്ടിലെ വ്യവസ്ഥ കർശനമായി  പാലിക്കപ്പെടണം.

ഇത്തവണ 300 ഏക്കറിൽ കൃഷി ചെയ്യുമ്പോഴും 106 ഏക്കർ തരിശായി കിടക്കുകയാണ്. അടുത്ത വർഷങ്ങളിൽ ആകെയുള്ള 406 ഏക്കറിലും സ്ഥലം ഏറ്റെടുത്തു നെൽകൃഷി ചെയ്യാനുള്ള സർക്കാർ തീരുമാനമാണ് ഉടനടി ഉണ്ടാവേണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്നും കൃഷി വകുപ്പുമന്ത്രിയിൽ നിന്നും ഇത്തരമൊരു തീരുമാനത്തിനായി കാത്തിരിക്കുകയാണ് കുമരകത്തെ നെൽകർഷകർ.

Read More >>