ശിവാലയ ഓട്ടം തുടങ്ങി; 81 കിലോമീറ്റര്‍ താണ്ടി 12 ക്ഷേത്രങ്ങള്‍ ചുറ്റി നാളെ സമാപിക്കും

കന്യാകുമാരിയിലെ പ്രസിദ്ധമായ ശിവാലയ ഓട്ടം തുടങ്ങി. ശിവരാത്രിയോടനുബന്ധിച്ചാണ് ഓട്ടം. ഗോവിന്ദാ... ഗോപാലാ വിളികളോടെയാണ് ഈ പ്രശസ്തമായ ഓട്ടം.

ശിവാലയ ഓട്ടം തുടങ്ങി; 81 കിലോമീറ്റര്‍ താണ്ടി 12 ക്ഷേത്രങ്ങള്‍ ചുറ്റി നാളെ സമാപിക്കും

കാവി വസ്ത്രം ധരിച്ച് തുളസിമാല അണിഞ്ഞ് കൈകളില്‍ വീശറിയും പിടിച്ച് ആയിരങ്ങള്‍ ശിവാലയ ഓട്ടത്തില്‍ പങ്കു ചേര്‍ന്നു. വീശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികള്‍ ഉണ്ടാകും. ചെല്ലുന്ന ക്ഷേത്രങ്ങളില്‍ എത്തുന്ന വിഗ്രഹങ്ങളെ ഈ വീശറി കൊണ്ട് അവര്‍ വീശും. ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കും. ശിവരാത്രിയുടെ തലേദിവസമായ ഇന്ന് ഉച്ചയോടെ ശിവാലയ ഓട്ടത്തിനു തുടക്കമായി. 12 ക്ഷേത്രങ്ങള്‍ ചുറ്റി 81 കിലോമീറ്ററാണ് ഭക്തജനങ്ങള്‍ ഓടിത്തീര്‍ക്കുക. ശിവാലയ ഓട്ടത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കാല്‍നടയായും വാഹനങ്ങളിലായുമായാണ് ലക്ഷകണക്കിനു ആളുകള്‍ എത്തിച്ചേര്‍ന്നത്.


കന്യാകുമാരിയിലാണ് പ്രസിദ്ധമായ ശിവാലയ ഓട്ടം. വെള്ളിയാഴ്ചയാണ് ശിവരാത്രി. ശിവരാത്രിയോടനുബന്ധിച്ച് മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തില്‍ നടത്തപ്പെടുന്ന ആചാരമാണിത്. മാര്‍ത്താണ്ഡത്തിനടുത്തുള്ള മുഞ്ചിറ തിരുമലക്ഷേത്രത്തില്‍ നിന്നാണ് ഓട്ടം ആരംഭിക്കുക. കന്യാകുമാരി ജില്ലയില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിലനിന്നിരുന്ന ജൈനമതത്തിന്റെ അനുഷ്ഠാന രീതികളുടെ പിന്തുടര്‍ച്ചയാണ് ശിവാലയ ഓട്ടമെന്ന് പഴമക്കാര്‍ പറയുന്നു. ശിവരാത്രി ദിവസത്തിന്റെ തലേ ദിവസം ആദ്യ ശിവക്ഷേത്രമായ തിരുമല ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നരത്തോടു കൂടി അവസാന ക്ഷേത്രമായ തിരുനട്ടാലം ക്ഷേത്രത്തില്‍ അവസാനിക്കുന്നു.

ഗോവിന്ദന്‍മാര്‍ എന്ന പേരിലാണ് ശിവാലയ ഓട്ടം നടത്തുന്ന ഭക്തര്‍ അറിയപ്പെടുക. ഗോവിന്ദാ, ഗോപാലാ എന്നു വിളിച്ചു കൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാന്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തും. പന്ത്രണ്ട് ശിവ ക്ഷേത്രങ്ങളിലും ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായിട്ടാണ് കരുതുന്നത്. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണമെന്നാണ് നിഷ്ഠ. ഈ ദിവസങ്ങളില്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറും കരിക്കും പഴവും മാത്രമാണ് ഭക്ഷണം. ശിവരാത്രി തലേന്ന് ഉച്ചക്ക് ആഹാരം കഴിച്ച് കുളിച്ച് ഊറനോടെ തിരുമലയിലുള്ള ആദ്യ ശിവ ക്ഷേത്രത്തില്‍ സന്ധ്യാദീപം ദര്‍ശിച്ച ശേഷമാകും ഭക്തര്‍ ഓട്ടം തുടുങ്ങുക. ഓടുന്ന വഴികളില്‍ ആളുകള്‍ ഇവര്‍ക്കു ചുക്കുവെള്ളവവും ആഹാരവും നല്‍കും. സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും ഭക്തര്‍ എത്തും. ഓരോ ക്ഷേത്രത്തിലും എത്തുമ്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ എന്നാണ് നിഷ്ഠ.

മഹാഭാരത കഥയുമായാണ് ഈ ആചാരത്തിന് ബന്ധം. ധര്‍മ്മ പുത്രന്‍ നടത്തിയ യാഗത്തില്‍ പങ്കെടുക്കുവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാന്‍ ഭീമസേനന്‍ പോയി. ശിവഭക്തനായ വ്യാഘ്രപാദന്‍ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. വീണ്ടും കൃഷ്ണന്‍ നല്‍കിയ പനത്രണ്ട രുദ്രാക്ഷങ്ങളുമായി ഭീമന്‍ വീണ്ടും തിരുമലയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമന്‍ പിന്തിരിഞ്ഞ് ഗോവിന്ദാ... ഗോപാലാ.. എന്നു വിളിച്ച് ഓടുകയും ചെയ്തു.

മുനി ഭീമന്റെ സമീപമെത്തുമ്പോള്‍ ഭീമന്‍ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോള്‍ അവിടെ ഒരു ശിവലിംഗം ഉയര്‍ന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോള്‍ ഭീമന്‍ മുനിയെ വീണ്ടും യാഗത്തിനു പോകാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോള്‍ ഭീമന്‍ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ പതിനൊന്നു രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. ഒടുവില്‍ പന്ത്രണ്ടാമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനം നല്‍കുകയും ചെയ്തു. ഈ സംഭവത്തിലൂടെ ശിവനും വിഷ്ണുവും ഒന്നാണെന്ന് ഇരുവരെയും ബോധ്യപ്പെടുത്തിയതായാണ് ഐതിഹ്യം. അദ്ദേഹം പിന്നീട് ധര്‍മ്മപുത്രന്റെ യാഗത്തില്‍ പങ്കുകൊണ്ടു. ഭീമന്‍ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥാപിതമായ പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.