പൊള്ളിനില്‍ക്കുമ്പോഴും ധീരയായിരുന്നു എന്റെ കൂട്ടുക്കാരി: മഞ്ജു വാര്യര്‍

സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ അവള്‍ അക്രമിക്കപ്പെട്ടത് ഒരു വാഹനത്തില്‍ ആള്‍ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള്‍ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്.

പൊള്ളിനില്‍ക്കുമ്പോഴും ധീരയായിരുന്നു എന്റെ കൂട്ടുക്കാരി: മഞ്ജു വാര്യര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്യപ്രതികരണവുമായി സിനിമ രംഗത്തെ പ്രമുഖര്‍. ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓര്‍മ്മയുടെ നീറ്റലില്‍ പൊള്ളി നില്‍ക്കുമ്പോഴും അവള്‍ ധീരയായിരുന്നുവെന്നു മഞ്ജു ഫേസ്ബുക്ക് പേജില്‍ കുറിച്ചു. തങ്ങള്‍ സുഹൃത്തുക്കള്‍ ഒരുപാടു സമയം അവിടെ ചെലവഴിച്ചു. ഒരു പെണ്‍കുട്ടിയുടെ മനസ്സിനെ ഒരിക്കലും കീഴ്പ്പെടുത്താനാവില്ലെന്നു അവളുടെ മുഖം തങ്ങളോടു പറഞ്ഞുവെന്നും മഞ്ജു പറഞ്ഞു.

നടിയുടെ ധീരതയക്കു മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രിയ കൂട്ടുകാരിയെ ചേര്‍ത്തുപിടിക്കുന്നുവെന്നും മഞ്ജു പറയുന്നു. ഇപ്പോള്‍ നമ്മള്‍ അവള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നിട്ട് എന്തുകൊണ്ടിങ്ങനെയെന്ന് ഒരു നിമിഷം ചിന്തിക്കുക.


ചൂണ്ടുവിരലുകള്‍ പരസ്പരം തോക്കു പോലെ പിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം? സ്ത്രീ സമത്വമുള്‍പ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും? കേവലം പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. മഞ്ജു ചോദിക്കുന്നു. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താന്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്‌കാരമായി തീരണം. അപ്പോഴേ പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂവെന്നും മഞ്ജു പറഞ്ഞു.

സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ ഇവള്‍ അക്രമിക്കപ്പെട്ടത് ഒരു വാഹനത്തില്‍ ആള്‍ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള്‍ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്. നടിയ്ക്ക് നേരെയെന്നല്ല, ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും സംസ്‌ക്കാരത്തിന്റെയും സൂചനകളാണ്.

ഓരോ തവണയും ഇതുണ്ടാകുമ്പോള്‍ നമ്മള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങള്‍ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? താന്‍ അതിന് മുന്നിലുണ്ടാകുമെന്നും മഞ്ജു കുറിച്ചു.