മംഗളൂരുവിൽ ചെന്ന് ഇന്ത്യൻ ജനതയോട് പിണറായി പറഞ്ഞത്... മേലു നോവുമെന്ന ഭീതിയ്ക്ക് അവധി നൽകൂ... ഫാസിസത്തിനെതിരെ സംഘടിക്കൂ...

മേലു നോവുമെന്ന ഭീതിയ്ക്ക് അവധി നൽകി ഫാസിസത്തിനെതിരെ സംഘടിക്കാൻ ഇന്ത്യൻ ജനതയോടുളള പച്ചയായ ആഹ്വാനമായിരുന്നു പിണറായിയുടെ മംഗളൂരു പ്രസംഗം. പ്രത്യേകിച്ച് ക്ലൈമാക്സ്.

മംഗളൂരുവിൽ ചെന്ന് ഇന്ത്യൻ ജനതയോട് പിണറായി പറഞ്ഞത്... മേലു നോവുമെന്ന ഭീതിയ്ക്ക് അവധി നൽകൂ... ഫാസിസത്തിനെതിരെ സംഘടിക്കൂ...

വളരെ ലളിതമായ ഭാഷയിലാണ് പിണറായി വിജയൻ അക്കാര്യം ഇന്ത്യയെ ഓർമ്മിപ്പിച്ചത്. ആർഎസ്എസിനെതിരെ കായികമായും ചെറുത്തു നിൽക്കേണ്ടതിന്റെ പ്രസക്തി. അങ്ങനെ ചെറുത്തു നിൽക്കുന്നവർക്ക് മുഖ്യമന്ത്രി മുതൽ രക്തസാക്ഷി വരെയാകാമെന്ന് അദ്ദേഹം തീർത്തും നിർവികാരമായി പറഞ്ഞുവച്ചു. ഊരിയ കത്തിയ്ക്കും ഉയർത്തിപ്പിടിച്ച വടിവാളിനുമിടയിലൂടെ നടന്നുപോകേണ്ടി വന്ന കൌമാരവും യൌവനവും ആ പ്രസംഗത്തിൽ അയവിറക്കിയതു വെറുതേയല്ല. സംഘടിതമായ ചെറുത്തു നിൽപ്പല്ലാതെ ആ ഭീഷണി നേരിടാൻ വഴി വേറെയില്ല. മേലു നോവുമെന്ന ഭീതിയ്ക്ക് അവധി നൽകി ഫാസിസത്തിനെതിരെ സംഘടിക്കാൻ ഇന്ത്യൻ ജനതയോടുള്ള പച്ചയായ ആഹ്വാനമായിരുന്നു പിണറായിയുടെ മംഗളൂരു പ്രസംഗം. പ്രത്യേകിച്ച് ക്ലൈമാക്സ്.


രണ്ടു നിശ്ചയദാർഢ്യങ്ങൾക്കാണ് മംഗളൂരു സാക്ഷ്യം വഹിച്ചത്. ജനാധിപത്യവിരുദ്ധതയെ ഭരണാധികാരമുപയോഗിച്ച് അടിച്ചമർത്തിയ സിദ്ധരാമയ്യയുടെ നിശ്ചയദാർഢ്യം. പറയാനുള്ളതു പറഞ്ഞേ പോകൂവെന്ന പിണറായിയുടെ നിശ്ചയദാർഢ്യം. മതനിരപേക്ഷഭാരതത്തിനു പ്രതീക്ഷയേകുന്ന ഒരുമയാണത്. യോജിക്കാവുന്ന മേഖലകളിലെല്ലാം ഈ ഒരുമ വികസിക്കുകതന്നെ വേണം. ഭക്ഷണം, അഭിപ്രായം എന്നുവേണ്ട പൌരജീവിതത്തിന്റെ എല്ലാതലങ്ങളെയും പേശീബലം ഉപയോഗിച്ചു വരുതിയ്ക്കു നിർത്താമെന്ന ആധിപത്യവാഞ്ചയെ ചെറുത്തുതോൽപ്പിക്കാൻ അതനിവാര്യമാണ്.

എന്തൊക്കെ മേളങ്ങളായിരുന്നു!  ഒരു മഹാമനീഷിയുടെ ഗീർവാണങ്ങൾ കൂട്ടത്തിൽ  വേറിട്ടുനിന്നു. പിണറായിയെ മംഗളൂരുവിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നു മാത്രമല്ല, തങ്ങൾ വിചാരിച്ചാൽ സീതാറാം യെച്ചൂരിയ്ക്ക് ദില്ലിയിൽ താമസിക്കാൻ കഴിയില്ലെന്നും അദ്ദേഹം വീമ്പു മുഴക്കി. അത്രയ്ക്കൊക്കെ ചെയ്തിട്ട് താങ്കൾ താമസത്തിന് ചന്ദ്രനോ ചൊവ്വയോ തിരഞ്ഞെടുക്കുമോ എന്ന നിർണായക ചോദ്യം അദ്ദേഹത്തോട് പത്രസമ്മേളനത്തിൽ ആരും ചോദിച്ചുമില്ല.

ഇന്ത്യയുടെ പരമാധികാരികളാണ് അഞ്ചു ശതമാനം വോട്ടു തികച്ചില്ലാത്ത പാർടിയുടെ നേതാക്കളെ വഴിനടക്കാനും വീട്ടിൽ കിടക്കാനും അനുവദിക്കില്ലെന്ന് പത്രസമ്മേളനം നടത്തി ആക്രോശിക്കുന്നത്. തങ്ങൾ ഭരിക്കുന്ന നാട്ടിൽ പ്രജകൾക്ക് മനുഷ്യാവകാശമുറപ്പുവരുത്തുന്ന സദ്ഭരണമൊന്നുമല്ല അവരുടെ മനസിൽ. സമസ്തജനങ്ങളും വരുതിയ്ക്കു നിൽക്കണം. വരുതിയൊക്കെ പണ്ടേ നിർവചിച്ചു വച്ചിട്ടുണ്ട്.

ഇന്ത്യൻ ജനത ചരിത്രാതീതകാലം മുതൽ അടക്കി നിർത്തിയ പലതരം വിലക്കുകളുടെ പുതുരൂപമാണ് ഈ ആക്രോശം. ആചാരവിലക്കുകളുടെ ലംഘനം ഒട്ടേറെപ്പേരുടെ ജീവൻ കവർന്നിട്ടുണ്ട്. തങ്ങൾ പറയുന്നതനുസരിച്ച് ജീവിച്ചില്ലെങ്കിൽ പിണറായിയെയും യെച്ചൂരിയെയും തങ്ങളുടെ കൈയൂക്കിനു കീഴ്പ്പെടുത്തുമെന്നാണ് ഭീഷണി. പിണറായി എവിടെ പ്രസംഗിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. യെച്ചൂരി എവിടെ ജീവിക്കണമെന്നും. അനുസരിച്ചില്ലെങ്കിൽ അവസാനിപ്പിച്ചു കളയുമത്രേ!

ഓർക്കുക. തന്റെ പ്രസംഗത്തിൽ പിണറായി ഒരിക്കൽപ്പോലും ബിജെപിയെ അഭിസംബോധന ചെയ്തില്ല. അദ്ദേഹം സംസാരിച്ചത് ആർഎസ്എസിനോടായിരുന്നു. പലരൂപത്തിലും ഭാവത്തിലും ഇന്ത്യൻ ജനതയെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തോട്; അതിന്റെ സേനയോട്;  ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കു കാവൽ നിൽക്കുന്ന വടിവാൾവാഹകരോട്. ബിജെപിയെ പരാമർശിക്കാതെ, ആർഎസ്എസ് എന്നു തുടക്കം മുതൽ ഒടുക്കം വരെ ആവർത്തിച്ച പിണറായി ഏറ്റവും അർത്ഥവത്തായ രാഷ്ട്രീയപ്രസംഗമാണു നടത്തിയത്.

എല്ലാ മനുഷ്യാവകാശങ്ങളോടും കൂടി അന്തസായി ജീവിക്കാൻ മഹാഭൂരിപക്ഷത്തിനും ഇന്ത്യയിൽ അവസരമില്ല. പലവിധ വിലക്കുകൾക്കും ഭീഷണികൾക്കും കീഴ്പ്പെട്ടാണ് അവരുടെ ജീവിതം. പലതരം സാമൂഹ്യവിലക്കുകളുടെ  ദാരുണമായ അന്ത്യമായിരുന്നു, മഹാരാഷ്ട്രയിലെ ഖൈർലഞ്ചി ഗ്രാമത്തിൽ 2006 സെപ്തംബറിൽ കൊല്ലപ്പെട്ട  സുരേഖ എന്ന ദളിത് സ്ത്രീയുടെയും മക്കളുടെയും ജീവിതം.  പ്രശ്നം ഭൂമിയും ജാതിയും തന്നെ. കുറ്റം ഒന്ന് - പതിനെട്ടു വർഷം മുമ്പ് ഈ കുടുംബം അഞ്ചേക്കർ ഭൂമി സ്വന്തമാക്കി. കുറ്റം രണ്ട് - അവിടെ സാമാന്യം സൌകര്യങ്ങളുളള ഒരു വീടുവയ്ക്കാൻ മോഹിച്ചു. ഈ ശ്രമങ്ങൾ ഒടുവിൽ അവരുടെ ജീവനെടുത്തു.

ഭൂമി വാങ്ങിയപ്പോഴേ പ്രശ്നമായിരുന്നു. റവന്യൂ രേഖകളിൽ ഉടമസ്ഥന്റെ പേരു രേഖപ്പെടുത്താൻ പഞ്ചായത്ത് അനുവാദം നൽകിയില്ല. എന്തും വരട്ടെയെന്ന് കരുതി വീടുവയ്ക്കാൻ തുനിഞ്ഞപ്പോഴൊക്കെ മേൽ ജാതിക്കാർ പാഞ്ഞെത്തി ഇടിച്ചു നിരത്തി. കുടിലിൽ താമസിക്കാനായിരുന്നു കൽപന.

ഭയ്യാലാൽ സുരേഖ ദമ്പതികൾക്ക് മക്കൾ മൂന്ന്. മൂത്ത മകൻ സുധീർ ബിരുദധാരിയും കമ്പ്യൂട്ടർ വിദ്യാർത്ഥിയുമായിരുന്നു. രണ്ടാമൻ റോഷനു ഭാഗികമായേ കാഴ്ചശക്തിയുണ്ടായിരുന്നുള്ളൂ. ഏറ്റവും ഇളയവൾ പ്രിയങ്ക. പഠിക്കാൻ മിടുക്കിയായിരുന്ന പ്രിയങ്ക മികച്ച മാർക്കോടെ സ്കൂൾ ഫസ്റ്റായിരുന്നു. പട്ടാളത്തിൽ ചേരാനായിരുന്നു മോഹം.

സുരേഖയെയും മക്കളെയും ജാതി ഹിന്ദുക്കൾ 2006 സെപ്തംബർ 29ന് കൊന്നൊടുക്കി. അമ്മയെയും സഹോദരിയെയും ബലാത്സംഗം ചെയ്യാൻ ആൺമക്കളോട് ആജ്ഞാപിച്ചു. വിസമ്മതിച്ചവരുടെ ലിംഗം വിച്ഛേദിച്ചു. സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തി. കൂട്ടബലാത്സംഗത്തിനു വിധേയരാക്കി. ശേഷം അടിച്ചും വെട്ടിയും കുത്തിയും കൊന്നുകളഞ്ഞു.

അനുദിനം അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടതിന് വിധിച്ച ശിക്ഷ. സൈക്കിളിൽ സ്കൂളിൽ പോയിരുന്ന പ്രിയങ്കയ്ക്ക് സ്ഥിരമായ അപമാനം നേരിടേണ്ടി വന്നു. ഒരിക്കൽ അവൾ പരാതിപ്പെട്ടു. അതിന്റെ പ്രത്യാഘാതങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉണ്ടായി. ഒടുവിൽ തങ്ങൾക്കെതിരെ പരാതിപ്പെടാൻ ധൈര്യം കാണിച്ച ദളിത് കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കി ജാതിഹിന്ദു അഭിമാനം സംരക്ഷിച്ചു.

എന്തെന്തു വിലക്കുകളെയാണ് അവർ അതിജീവിക്കാൻ ശ്രമിച്ചത്?  ഭൂമി വാങ്ങാൻ വിലക്ക്. ഉടമസ്ഥാവകാശം പതിച്ചുകൊടുക്കാൻ പഞ്ചായത്തിന്റെ വിലക്ക്. വീടു വയ്ക്കാൻ വിലക്ക്. വിദ്യാഭ്യാസത്തിനു വിലക്ക്. വഴി നടക്കാൻ വിലക്ക്. പരാതിപ്പെടാൻ വിലക്ക്...

ഇന്ത്യയുടെ സാമൂഹ്യജീവിതത്തെ സൂക്ഷ്മമായി ഗ്രസിച്ചിരിക്കുന്ന ഇത്തരം വിലക്കുകളോട് ബിജെപിയും ആർഎസ്എസും എങ്ങനെയാണു പ്രതികരിക്കുന്നത്. ഖൈർലഞ്ചിയിൽ കൊലപാതകികളെ സംരക്ഷിച്ചുവെന്ന ആരോപണം നേരിട്ടത് മധുകർ കുക്കടെ എന്ന ബിജെപി എംഎൽഎ. ബിജെപിയുടെ വോട്ടുബാങ്കാണ് ഖൈർലഞ്ചിഗ്രാമം. കൂട്ടക്കൊലപാതകം നടന്നിട്ടുപോലും ആ വീട്ടിലെത്തിനോക്കാൻ പ്രാദേശിക ബിജെപിക്കാർപോലും തയ്യാറായില്ലത്രേ.  ജാതിഹിന്ദുവിന്റെ താൽപര്യങ്ങൾക്കപ്പുറം ഒരു കളിയും ബിജെപിയ്ക്കില്ലെന്നതിന്  ഇനിയുമെത്രയോ ഉദാഹരണങ്ങൾ ഇന്ത്യയിലുണ്ട്.

കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ജാതിയുടെ സ്വാധീനം കേരളസമൂഹത്തിലുണ്ട്. പക്ഷേ, ഇതുപോലൊരു അവസ്ഥയില്ല. ജാതിയുടെ പേരിൽ കൂട്ടക്കൊലപാതകങ്ങളും ക്രൂരമായ വിവേചനങ്ങളും കേരളീയ സാമൂഹ്യജീവിതത്തിൽ ഉത്തരേന്ത്യൻ മാതൃകയിൽ കാണാനാവില്ല.

അതിനു കാരണം, ദളിതരടക്കം വർഷങ്ങൾക്കു മുമ്പേ നടത്തിയ സംഘടിതമായ തിരിച്ചടികളാണ്. കായികമായ അത്തരം ചെറുത്തുനിൽപ്പുകളുടെ ആവേശകരമായ നാടോടിക്കഥയാണ് അയ്യങ്കാളിയുടെ ജീവിതം. രൂക്ഷമായ ലഹളകൾക്ക് ഒരു പഞ്ഞമുണ്ടായില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയിൽപ്പെട്ടാലുള്ള ദോഷവുമെല്ലാം പൊരിഞ്ഞ അടിയ്ക്കിടയിൽ വിസ്മരിക്കപ്പെട്ടു. അങ്ങനെ ആചാരവിലക്കുകളെ അപ്രസക്തമാക്കിയ കൂട്ടത്തല്ലിനെയാണ് "ഹാ ലഹളേ, നീ തന്നെ സാമൂഹ്യപരിഷ്കാർത്താവ്" എന്നു കുമാരനാശാൻ അഭിസംബോധന ചെയ്തത്.

വിലക്കപ്പെട്ട വഴികളിലൂടെ സംഘടിതരായി നടന്ന ചരിത്രം കേരളത്തിനുണ്ട്. "അരുത്" എന്ന ശാസനകളെ സംഘബലം കൊണ്ട് അപ്രത്യക്ഷമാക്കിയ ചരിത്രവും. "മാറു മറയ്ക്കരുത്" എന്ന ആജ്ഞയെ മാറു മറച്ചുകൊണ്ടാണ് ചെറുത്തു തോൽപ്പിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, കേരളീയ നവോത്ഥാനത്തിൽ അടിച്ചമർത്തപ്പെട്ടവന്റെ കൈയൂക്കിന് വലിയൊരു പങ്കുണ്ട്. ആ കൈയൂക്കിനു മുന്നിൽ പൊടിഞ്ഞു തീർന്ന വിലക്കുകൾക്കു മീതേയാണ് ഇന്നത്തെ കേരളം കെട്ടിപ്പടുത്തത്.

ടി ടി കേശവൻ ശാസ്ത്രിയെന്നൊരു നിയമസഭാ സ്പീക്കറുണ്ടായിരുന്നു കേരളത്തിൽ. 1914ല്‍ തിരുവിതാംകൂറിലെ രാജാവ് ഹരിജന്‍ കുട്ടികള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിന്റെ ബലത്തിൽ സ്കൂളിൽ പ്രവേശനം ലഭിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹവും മറ്റുള്ളവരും സ്കൂളിൽ ചെന്നപ്പോൾ കഥ മാറി. മറ്റു രക്ഷിതാക്കള്‍ സ്കൂളിൽ പാഞ്ഞെത്തി. തങ്ങളുടെ കുട്ടികളെ വിളിച്ചിറക്കി വീട്ടിൽ കൊണ്ടുപോയി. അമർഷം തീരാത്തവർ അവര്‍ണര്‍ക്കെതിരെ വ്യാപകമായ അക്രമവും അഴിച്ചുവിട്ടു. എന്നിട്ടും കലി തീരാഞ്ഞ് സ്കൂളിനു തീ വച്ചു. സ്കൂള്‍ പൂര്‍ണമായി കത്തിയമര്‍ന്നു.

സംഘര്‍ഷം രൂക്ഷമായതോടെ അയ്യന്‍കാളിയുടെ നേതൃത്വത്തിൽ അവര്‍ണ വിഭാഗവും സംഘടിച്ചു. തിരിച്ചടിക്കാൻ അഭ്യാസികളെ ഏർപ്പാടാക്കിയത് വെള്ളിക്കര ചോതി ചേലക്കൊമ്പന്‍ എന്ന ദളിതൻ. തീവച്ച സ്കൂളിന്റെ സ്ഥലത്തുതന്നെ പുതിയ സ്കൂള്‍ പണിതു. അവര്‍ണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ഉറപ്പുവരുത്തി.

ഇതാണു കേരളം. വിലക്കുകളുടെ മുന്നിൽ മുട്ടുമടക്കിയ ചരിത്രം കേരളത്തിനില്ല. അന്നത്തെ  വിലക്കുകൾ നടപ്പാക്കാൻ തുനിഞ്ഞവരാരും വെറുംകൈയോടെയായിരുന്നില്ല തെരുവിലിറങ്ങിയത്. ഊരിയ കത്തിയും ഉയർത്തിപ്പിടിച്ച വാളും കത്തിച്ച പന്തവുമൊക്കെ അവരുടെ കൈകളിലുണ്ടായിരുന്നു. പക്ഷെ അവർക്കു ജയിക്കാനായില്ല.

ആ ചരിത്രത്തിന്റെ ഉൾബലമാണ് മംഗളൂരുവിലെ പിണറായിയുടെ പ്രസംഗത്തിനു മോഹിപ്പിക്കുന്ന കരുത്തു പകരുന്നത്. ഭരണാധികാരം വിട്ടുവീഴ്ചയില്ലാതെ പ്രയോഗിച്ച് സംഘപരിവാരമുഷ്കിനെ തുരത്തിയ സിദ്ധരാമയ്യയും ഉയർത്തിപ്പിടിച്ചത് മനുഷ്യാന്തസിനെ വിലമതിക്കുന്ന രാഷ്ട്രീയമാണ്.  മതനിരപേക്ഷ ഭാരതത്തെ ആവേശത്തിരയിൽ മുക്കിയ നീക്കം.

അവരിൽ നിന്ന് ആവേശമുൾക്കൊണ്ട് പത്രസമ്മേളനങ്ങളിലും ചാനൽ മുറികളിലും വിലക്കുകൾ പ്രഖ്യാപിക്കുന്ന  മനീഷികളോട് നമുക്കും അന്തസായി പറയാം...

"വിരട്ടരുത്... !"

Read More >>