സര്‍ക്കാര്‍ പുറമ്പോക്കില്‍ നിര്‍മിച്ച ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി

സര്‍ക്കാര്‍ പുറമ്പോക്കിലാണ് കവാടം സ്ഥിതി ചെയ്യുന്നതെന്നും 24 മണിക്കൂറിനകം അത് പൊളിച്ചുനീക്കണമെന്നും ചൂണ്ടികാട്ടി ഇന്നലെ റവന്യു വകുപ്പ് മാനേജ്‌മെന്റിനു നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റിന്റെ നടപടി. സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്കു നീങ്ങുമെന്നുറപ്പായതോടെയാണ് ഇക്കാര്യം അനുസരിക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്.

സര്‍ക്കാര്‍ പുറമ്പോക്കില്‍ നിര്‍മിച്ച ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി

അനധികൃതമായി നിര്‍മിച്ചതായി കണ്ടെത്തിയ തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി. പേരൂര്‍ക്കട ജങ്ഷനില്‍ നിന്നും അക്കാദമിയിലേക്കു പ്രവേശിക്കുന്ന പ്രധാന കവാടമാണ് ഇന്നു രാവിലെ പത്തോടെ മാനേജ്മെന്റ് തന്നെ പൊളിച്ചുമാറ്റിയത്.

സര്‍ക്കാര്‍ പുറമ്പോക്കിലാണ് കവാടം സ്ഥിതി ചെയ്യുന്നതെന്നും 24 മണിക്കൂറിനകം അത് പൊളിച്ചുനീക്കണമെന്നും ചൂണ്ടികാട്ടി ഇന്നലെ റവന്യു വകുപ്പ് മാനേജ്‌മെന്റിനു നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാനേജ്‌മെന്റിന്റെ നടപടി. സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്കു നീങ്ങുമെന്നുറപ്പായതോടെയാണ് ഇക്കാര്യം അനുസരിക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്.

സര്‍ക്കാര്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്ത ഭൂമിയില്‍ അനധികൃത കെട്ടിടങ്ങള്‍ പണിതിട്ടുള്ളതായി റവന്യു വകുപ്പ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യാംപസിനകത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, സഹകരണ ബാങ്ക് എന്നിവയെക്കുറിച്ച് വിശദീകരണം നല്‍കാനും റവന്യൂ വകുപ്പ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ആറേക്കറോളം ഭൂമി കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടാണ് റവന്യു സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹോട്ടലും ബാങ്കും ഒഴിപ്പിക്കണമെന്നും കെട്ടിടം കളക്ടര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, കവാടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റേയും സര്‍ക്കാരിന്റെയും ഈ വിഷയത്തിലുള്ള സമീപനം അഭിനന്ദാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് പ്രതികരിച്ചു.

1968ല്‍ രണ്ടാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായര്‍ ലോ അക്കാദമിക്കു പാട്ടത്തിനു നല്‍കിയ ഭൂമി പിന്നീട് 1985ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് പതിച്ചുനല്‍കിയത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വിട്ടുനല്‍കിയ 11.49 ഏക്കര്‍ ഭൂമിയില്‍ ഡയറക്ടര്‍ നാരായണന്‍ നായരും മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും ഹോട്ടല്‍, ഫ്‌ളാറ്റ് തുടങ്ങിയവ നിര്‍മിച്ച് വ്യാപാര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പരാതി. സെക്രട്ടറിയേറ്റിനു സമീപം ഫ്‌ളാറ്റ് നിര്‍മിച്ചിരിക്കുന്ന സ്ഥലം 1972 ല്‍ ലോ അക്കാദമി ട്രസ്റ്റിന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയാണ്.

Read More >>