കൈപ്പത്തി ഉത്തമന്റെ ചിഹ്നമാണ്: ഇതു വായിച്ചാൽ ആർട്ടിസ്റ്റ് ബേബി ക്രിസ്പിനോടു പറഞ്ഞത് പറയാൻ തോന്നും…

പതിനേഴു വര്‍ഷങ്ങൾക്കു മുന്‍പ് നടന്ന അപകടം ശരീരം തളര്‍ത്തിയിട്ടും പിന്മാറാന്‍ ഉത്തമന്‍ തയ്യാറായിരുന്നില്ല. കിടന്ന കിടപ്പില്‍ മാല കെട്ടി ഉത്തമന്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയി. രണ്ടാമത്തെ മകന്‍ വാഹനാപകടത്തില്‍ മരിച്ചതാണ് ഹൃദയം തകര്‍ത്ത മറ്റൊരു സംഭവം. മകന്റെ കൈപ്പത്തി ദാനം ചെയ്യാന്‍ ഉത്തമനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യയിലെ ആദ്യത്തെ കൈപ്പത്തി മാറ്റിവയ്ക്കലിനു വഴി തെളിയിച്ചതും ഉത്തമന്റെ തീരുമാനമായിരുന്നു.

കൈപ്പത്തി ഉത്തമന്റെ ചിഹ്നമാണ്: ഇതു വായിച്ചാൽ ആർട്ടിസ്റ്റ് ബേബി ക്രിസ്പിനോടു പറഞ്ഞത് പറയാൻ തോന്നും…

കിടന്ന കിടപ്പില്‍ തലയൊരല്‍പ്പം പൊക്കി, പാതി തളര്‍ന്ന കൈകള്‍ കൊണ്ടു നൂലില്‍ മാല കോര്‍ത്തു ഉത്തമന്‍ ജീവിതം കെട്ടുകയാണ്. പതിനേഴു വര്‍ഷമായി അപകടത്തില്‍ ശരീരം തളര്‍ന്നിട്ടും പ്രതിസന്ധികളെ മനോബലം കൊണ്ട് കീഴടക്കുകയാണ് ഉത്തമന്‍. ചിറയ്ക്കകത്തെ വീട്ടിലെ ഇടുങ്ങിയ മുറിയിലെ കട്ടിലില്‍ ജീവിതം തളച്ചിടാന്‍ താന്‍ ഒരുക്കമല്ലെന്ന് ഒരു ചെറു ചിരിയോടെ ഉത്തമന്‍ പറയുന്നു.

ഉത്തമന്‍ ഒരു ദിവസം നൂറിലേറെ മാലകള്‍ കോര്‍ക്കും. ഒരു മാല കോര്‍ത്താല്‍ രണ്ടര രൂപയാണ് കിട്ടുക. ഭാര്യ ബേബിക്കും  മൂന്ന് ആണ്‍മക്കള്‍ക്കുമൊപ്പം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് രണ്ടാമത്തെ മകന്‍ ബിനോയ് ബൈക്കപടകത്തില്‍ കൊല്ലപ്പെടുന്നത്. എല്ലാം ദൈവഹിതമാണെന്നായിരുന്നു ഉത്തമന്റെ മറുപടി.


മകന്റെ കൈപ്പത്തി ദാനം ചെയ്യാന്‍ തീരുമാനമെടുക്കാന്‍ ഉത്തമനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യയിലെ ആദ്യത്തെ കൈപ്പത്തി മാറ്റിവയ്ക്കലിനു വഴി തെളിയിച്ചതും ഉത്തമന്റെ തീരുമാനമായിരുന്നു.

2013 മേയില്‍ മലബാര്‍ എക്സ്പ്രസില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് തൊടുപുഴ കാളിയാര്‍ തൊമ്മന്‍കുത്ത് വണ്ണാമ്പ്ര സ്വദേശി മനു രാജഗോപാലിനു തന്റെ ഇരു കൈപ്പത്തികളും നഷ്ടമായത്. വെളിനാട്ടുകാരെന്നു സംശയിക്കുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം ട്രെയിനില്‍ നിന്നു മനുവിനെ തള്ളിയിടുകയായിരുന്നു. ഗ്ലാസ് പെയിന്ററായ ബിനോയുടെ കരങ്ങളുമായി മനു ജീവിത ചിത്രം വരയ്ക്കുന്നു. "എനിക്ക് എന്റെ മകനെ തൊടാം," മനുവിലൂടെ ഉത്തമന്‍ പുഞ്ചിരിയോടെ പറയുന്നു.

നാല്‍പ്പതാം വയസ്സില്‍ വീടിനടുത്തു നില്‍ക്കുന്ന ചെറുമരത്തിന്റെ ചില്ലകളിറക്കുന്നതിനിടെ കാലു തെന്നി വീഴുകയായിരുന്നു ഉത്തമന്‍. നെഞ്ചിനു താഴോട്ടുള്ള ഭാഗം തളര്‍ന്നു പോയി. തലയും കാലുകളും മെല്ലയൊന്ന് അനക്കാന്‍ മാത്രമേ സാധിക്കൂ.
"ചേട്ടൻ വീഴുമ്പോള്‍ ഞങ്ങളുടെ മൂത്ത മകനു പതിനഞ്ചും ഇളയതിന് ആറുമാണ് പ്രായം. എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകാമെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. വിഷം കുടിച്ചു നമുക്ക് നാലു പേര്‍ക്കും മരിക്കാമെന്നു ഞാന്‍ ചേട്ടനോടു പറഞ്ഞതാണ്. ബേബി അങ്ങനെ ചിന്തിക്കരുത് നിനക്കു മൂന്ന് ആണ്‍മക്കളാണ്. നമുക്ക് ഒരുമിച്ചു ജീവിക്കാമെന്നായിരുന്നു ചേട്ടന്റെ മറുപടി," ഭാര്യ ബേബി പറയുന്നു.

ചിറയ്ക്കകത്തെ കൊച്ചു മുറിയിലെ കട്ടിലില്‍ അതിജീവനത്തെ മനോഹരമായി അടയാളപ്പെടുത്തുകയാണ് ഉത്തമന്‍.

കിടന്നു പോയെങ്കിലും ഞങ്ങളുടെ എല്ലാം അച്ഛനാണ്


വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന അമ്പഴത്തിന്റെ ചില്ലകള്‍ ഇറക്കാന്‍ കയറിയതാണ് ഉത്തമന്‍. അമ്പഴമാണ് ഉത്തമാ, തെന്നാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വ്വം അവഗണിച്ചു. വീടിനടുത്തു തന്നെയുള്ള പൂന്തോട്ടത്തിലെ പരിപാലകനായിരുന്നു ഉത്തമന്‍. പൂന്തോട്ടത്തില്‍ ജോലി നോക്കുമ്പോഴും മനോഹരമായ ചിത്രപ്പണികളും ശില്‍പ്പങ്ങളും തീര്‍ക്കാന്‍ ഉത്തമന്‍ സമയം കണ്ടെത്തിയിരുന്നു. കൊമ്പുകള്‍ ഇറക്കുന്നതിനിടെ ഒരു വേള പിടി വിട്ടു താഴെ വീണു പോയി.

[caption id="attachment_78787" align="alignnone" width="1170"] ഉത്തമനും ഭാര്യ ബേബിയും[/caption]

ഒരു കുടുംബത്തിന്റെ എല്ലാമാണ് ഒറ്റ ദിവസം കിടന്നു പോയത്. അതോടെ ചിറകു മുളയ്ക്കാത്ത മൂന്നു പിഞ്ചു കുഞ്ഞുങ്ങളുമായി ബേബി ഒറ്റയ്ക്കായി. കടവും വിലയും വാങ്ങി ഭര്‍ത്താവിനെ ചികിത്സിച്ചു.

പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു ഉത്തമന്. രാവിലെ ഉത്തമനു വേണ്ടതെല്ലാം ഒരുക്കി വച്ച് സമീപ പ്രദേശങ്ങളില്‍ വീട്ടുജോലി ചെയ്ത് ബേബി കുടുംബം പോറ്റി. മൂത്തമകന്‍ പത്താംക്ലാസില്‍ പഠനം നിര്‍ത്തി പണിക്കിറങ്ങി. പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും ജീവിക്കാന്‍ വേറേ വഴികള്‍ ഇല്ലായിരുന്നു. രണ്ടാമത്തെ മകന്‍ ബിനോയിയും പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷം ഗ്ലാസ് പെയിന്ററായി. ഇളയമകനെങ്കിലും ഉന്നത വിദ്യാഭ്യാസം കൊടുക്കണമെന്നത് ബിജോയിയുടെയും ബിനോയിയുടെയും ആഗ്രഹമായിരുന്നു. കൂലിപ്പണിയെടുത്തും ചിത്രപ്പണി ചെയ്തും ആ ലക്ഷ്യം അവര്‍ നേടിയെടുക്കുകയും ചെയ്തു.

അപകടത്തില്‍ മരിക്കും വരെ അച്ഛനെ നിത്യവും കുളിപ്പിക്കുന്നത് ബിനോയി ആയിരുന്നുവെന്ന് അമ്മ ബേബി പറയുന്നു. മക്കള്‍ എല്ലാ കൊല്ലവും ശബരിമലയ്ക്കു പോകുന്ന ദിവസങ്ങളില്‍ മാത്രമാണ് ഉത്തമനെ കുളിപ്പിക്കാന്‍ ബേബി ബുദ്ധിമുട്ടുന്നത് അല്ലാത്ത ദിവസങ്ങളില്‍ ബേബിയോടൊപ്പം മക്കളും ഉണ്ടാകും.
ഞങ്ങള്‍ ഈ കട്ടിലിനു ചുറ്റുമിരുന്നാണ് ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നതുമെല്ലാം. കിടന്നു പോയെങ്കിലും ഞങ്ങളുടെ അച്ഛന്‍ ഞങ്ങള്‍ക്ക് എല്ലാമാണ്. ഞങ്ങള്‍ പണിയെടുക്കുന്ന പണം അച്ഛനെയാണ് ഏല്‍പ്പിക്കുന്നത്. എല്ലാ കാര്യങ്ങളിലെയും അന്തിമ തീരുമാനം അച്ഛന്റേതാണ്.

[caption id="attachment_78788" align="alignleft" width="242"] അപകടത്തില്‍ മരണമടഞ്ഞ ബിനോയ്[/caption]

പരീക്ഷിക്കാത്ത ചികിത്സകളില്ല. വര്‍ഷങ്ങളോളം അലോപ്പതിയും രണ്ടര വര്‍ഷം ആയുര്‍വേദവും ഒന്നര കൊല്ലത്തോളം ഹോമിയോ ചികിത്സയും ചെയ്തു. പലപ്പോഴും ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെയായി. പട്ടിണി കിടന്നിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ പരസഹായത്തോടെ എഴുന്നേറ്റിരിക്കാന്‍ കഴിയുമായിരുന്നു. ഒന്നു വീല്‍ചെയറില്‍ ഇരുന്നു കിട്ടിയാല്‍ മതിയായിരുന്നുവെന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്. ഒന്നു ഇരുന്നു കിട്ടിയാല്‍ വേരുകളും മരങ്ങളും കൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാമായിരുന്നു. അത് കൊണ്ടു പോയി കൊടുത്തും ഞങ്ങള്‍ക്കും ജീവിക്കാമായിരുന്നു. എന്നാല്‍ മൂത്രത്തില്‍ പഴുപ്പ് വന്നതോടെ ആ പ്രതീക്ഷയും നശിച്ചു. മൂത്രസഞ്ചി മുറിച്ചു നീക്കിയതോടെ പൂര്‍ണ്ണമായും കിടപ്പിലായി.

മാല കെട്ടി ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷം


ചിരിച്ചു കൊണ്ട് ജീവിതത്തെ നേരിടുകയാണ് അമ്പേത്തഴുകാരനായ ഉത്തമന്‍. ഉത്തമനോടു സംസാരിച്ചാല്‍ വല്ലാത്ത ഊര്‍ജ്ജമാണ്. ഒരേ കിടപ്പില്‍ ഇങ്ങനെ ജീവിതം തള്ളി നീക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ഉത്തമന്‍ പറയുന്നു.

എഴു വര്‍ഷം മുന്‍പാണ് മാല കെട്ടി തുടങ്ങിയത് അന്ന് ഒരു മാലയ്ക്ക് 90 പൈസയാണ് ഉത്തമന് കിട്ടുക. ഇപ്പോള്‍ കൊന്തമാലകളാണ് കെട്ടുന്നത്.

സമീപത്തെ മൊത്തവ്യാപാരിയില്‍ നിന്ന് മുത്തുകള്‍ ശേഖരിച്ചാണ് മാല നിര്‍മ്മാണം. ഇതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഉത്തമന്‍ തന്നെയാണ് ചെയ്യുക. തുടക്കത്തില്‍ വളരെ കുറച്ചു മാലകളെ കെട്ടിരുന്നുള്ളു. ഇപ്പോള്‍ നൂറിലേറേ മാലകള്‍ ദിനം പ്രതി ഉത്തമന്‍ കോര്‍ത്തെടുക്കുന്നു.

ഉത്തമന്റെ ജീവിതം ഇപ്പോള്‍ സാധാരണ നിലയിലാണ്. ഭാര്യബേബിയും മക്കളും തന്നെ പൊന്നുപോലെയാണ് നോക്കുന്നതെന്ന് ഉത്തമന്‍ പറയുന്നു. മൂത്രസഞ്ചി മുറിച്ചു മാറ്റിയ ഡോക്ടര്‍ മോളി ഒരിക്കല്‍ ബേബിയെ കണ്ടപ്പോള്‍ ചോദിച്ചത് ഉത്തമന്‍ ജീവിച്ചിരുപ്പുണ്ടോയെന്നാണ്.താന്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നു വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണെന്ന് ഉത്തമന്‍ ചെറു ചിരിയോടെ പറയുന്നു. കിടപ്പായിട്ടും കൊത്തുപണികള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉളിയും മറ്റ് ആയുധങ്ങളും കൊണ്ട് ദേഹം മുറിയുമെന്നായപ്പോള്‍ ഭാര്യ ബേബി നിരുത്സാഹപ്പെടുത്തി. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോജക്ടും മറ്റും വരയ്ക്കാനും ഉത്തമന്‍ സഹായിക്കുമായിരുന്നു. കണ്ണിനു കാഴ്ച കുറഞ്ഞതോടെ മാല കൊരുക്കല്‍ മാത്രമാക്കി ചുരുക്കുകയായിരുന്നു.

എല്ലാമറിഞ്ഞിട്ടും ഭഗവാന്‍ എന്റെ കുഞ്ഞിനെയും തട്ടിയെടുത്തു


ഇങ്ങനെയൊരാള്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സ്ഥലം എംഎല്‍എ പോലും ഉത്തമനെ കുറിച്ച് അറിഞ്ഞത് മകന്‍ ബിനോയി വാഹനാപകടത്തില്‍ കൊല്ലപ്പെടുമ്പോഴായിരുന്നു. ഭാര്യ ബേബി പറയുന്നു.
ഇരുപത്തഞ്ചു വയസ്സ് തികഞ്ഞ സമയത്താണ് എന്റെ മകനെ മരണം കൊണ്ടു പോയത്. എന്നോട് എന്തിനാണ് ഇത്ര ക്രൂരത ഭഗവാന്‍ കാണിക്കുന്നുവെന്ന് ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്. മൂന്ന് കുഞ്ഞുമക്കളെ കഷ്ടപ്പെട്ടാണ് ഞാന്‍ വളര്‍ത്തിയെടുത്ത്. പൊന്നുമോനായിരുന്നു അവന്‍. വണ്ടി പോലും ഓടിക്കാന്‍ അറിയില്ലായിരുന്ന അവന്‍ കൂട്ടുകാരന്റെ ബൈക്കിന്റെ പുറകിലിരുന്നു പോയപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. അവന്‍ മുഴുമിപ്പിക്കാതെ പോയ ചിത്രം ഇപ്പോഴും ഇവിടെയുണ്ട്. 2015 ജനുവരി 12 നായിരുന്നു അവന്റെ മരണം. തൊട്ടപ്പുറത്തെ വീട്ടില്‍ ഒരു വിരുന്നുണ്ടായിരുന്നു എനിക്കു അവിയല്‍ വിളമ്പി തന്നതിനു ശേഷമാണ് എന്റെ മകന്‍ പോയത്. അമ്മയ്ക്കു അവിയല്‍ വേണോയെന്ന് അവന്‍ ചോദിച്ചതാണ് അവസാനത്തെ വിളമ്പലായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അത് വാങ്ങി കഴിച്ചേനേ മോനെ... ബേബി വിങ്ങിപ്പൊട്ടുന്നു.

2015 ജനുവരി 11 ന് എന്നത്തേതും  പോലെ അച്ഛന്‍ കിടക്കുന്ന മുറിയില്‍ എത്തി അച്ഛനോടു വര്‍ത്തമാനം പറഞ്ഞു സമീപത്തുള്ള വീട്ടില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുത്തു. അവസാനം ഭക്ഷണം കഴിക്കാനിരുന്ന സ്ത്രീകള്‍ക്കു ഭക്ഷണം വിളമ്പി കൊടുത്തു. സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിന് പങ്കെടുക്കാന്‍ കൂട്ടുകാരനൊപ്പം ബൈക്കില്‍ പോയതായിരുന്നു എന്റെ മകന്‍. യാത്ര പറഞ്ഞിറങ്ങിയ മകന് അപകടം പിണഞ്ഞുവെന്ന വാര്‍ത്തയാണ് ഉത്തമനും ഭാര്യയും കേട്ടത്.ബൈക്ക് നിയന്ത്രണം വിട്ടു പുറകില്‍ ഇരുന്ന ബിനോയ് തെറിച്ച് റോഡില്‍ വീണു. തലയ്ക്ക് ഗുരുതമരായി പരിക്കേറ്റ് ബിനോയിയെ ആദ്യം തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് ഗുരുതരമായതിനെത്തുടര്‍ന്ന് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ എത്തിയപ്പോഴെക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ബിനോയിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവുന്നത്ര ശ്രമങ്ങള്‍ നടത്തിയിയെങ്കിലും ആ ജീവന്‍ കൈവിട്ടു പോകുന്നതായി അവര്‍ തിരിച്ചറിഞ്ഞു. ജനുവരി 12 ന് ബിനോയിയുടെ മരണം ഉറപ്പിച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ച സഹോദരന്റെ കൈകള്‍ വേര്‍പ്പെടുത്തി മറ്റൊരാള്‍ക്കു നല്‍കുന്നതിനെ കുറിച്ച് ആദ്യം ബിജോയിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഉത്തമനോട് ഇതേ കുറിച്ച് പറഞ്ഞപ്പോള്‍ മരണത്തിലേയ്ക്കു വഴുതി വീഴുന്ന മകനെ മറ്റൊരാളിലൂടെ കാണുന്നത് ആശ്വാസമാണെന്നാണ് മറുപടി. തുടര്‍ന്ന് ബിജോയ് അനുജന്റെ കൈപ്പത്തി ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു.

ഡോ.അയ്യരുടെ നേതൃത്തില്‍ 50 അംഗ മെഡിക്കല്‍ സംഘം ശസ്ത്രക്രിയ ആരംഭിച്ചു. പതിനാറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായപ്പോള്‍ ഇന്ത്യയിലെ ആദ്യ ഇരുകൈമാറ്റല്‍ ശസ്ത്രകിയയായി അതുമാറി.

വിറയ്ക്കുന്ന വിരലുകളാല്‍ മനു എഴുതി: "നന്ദി ബിനോയി"


2013 മാര്‍ച്ച് മൂന്നിന് എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്നും മലബാര്‍ എക്സ്പ്രസില്‍ കൊല്ലൂര്‍ മുകാംബികയിലേയ്ക്ക് പോകുകയായിരുന്നു തൊടുപുഴ സ്വദേശി മനു രാജഗോപാല്‍. രാത്രി രണ്ടു മണിയോടെ ബാത്ത്‌റൂമില്‍ പോയ ശേഷം മുഖം കഴുകനായി വാഷ്ബേയ്സിന്റെ അടുത്ത് എത്തിയപ്പോള്‍ വെളിനാട്ടുകാരായ മൂന്നു നാല് യുവാക്കള്‍ തൊട്ടടുത്തു നിന്ന ദമ്പതികളെ ശല്യപ്പെടുത്തുകയായിരുന്നു. ഇതു കണ്ടതോടെ മനു ഇടപെട്ടു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് മനു മൊബൈല്‍ എടുത്തതോടെ മനുവിനെ കയ്യേറ്റം ചെയ്തിനു ശേഷം ട്രെയിനു പുറത്തേക്കു വലിച്ചെറിഞ്ഞു.

പിന്നീട് ഓര്‍മ്മ തെളിഞ്ഞപ്പോള്‍ ആശുപത്രി കിടക്കയിലായിരുന്നു. രണ്ടു കൈകളും കൈമുട്ടിന് താഴെ വെച്ച് നഷ്ടമായിരിക്കുന്നു.

ഇരുപത്തെട്ടുകാരനായ മനു മാസങ്ങള്‍ നീണ്ടുനിന്ന ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. പ്രാഥമികാവശ്യത്തിനുപോലും പരസഹായം തേടേണ്ട അവസ്ഥ. ജീവിതം അവസാനിപ്പിച്ചാലോ എന്നു പലപ്പോഴും ചിന്തിച്ചു. എന്നാല്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹായവും മുന്നോട്ട് ജീവിക്കാന്‍ പ്രേരണയായി. തുടര്‍ന്നാണ് വെപ്പുകൈ പിടിപ്പിക്കാന്‍ തീരുമാനിച്ചത്.

[caption id="attachment_78805" align="alignleft" width="299"] ബിനോയിയുടെ ഗ്ലാസ് പെയിന്റിംഗ്[/caption]

ഉത്തമന്റെ ഒറ്റ വാക്കായിരുന്നു മനുവിന് പുതുജീവന്‍ നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം നീണ്ടു നിന്ന് ചികിത്സയിലൂടെ കൈകള്‍ക്കു ഇപ്പോള്‍ ചലനശേഷിയുണ്ട്. ഇപ്പോള്‍ മനുവിന് രണ്ട് കൈകളും കൊണ്ട് ജോലി ചെയ്യാന്‍ കഴിയും. വിറയ്ക്കുന്ന കൈകളോടെ മനു ആദ്യമായി എഴുതിയത് നന്ദി ബിനോയ് എന്നായിരുന്നു. ഒരാളുടെ നഷ്ടമാണല്ലോ തനിക്ക് നേട്ടമായതെന്ന വേദന തനിക്കുണ്ടെന്ന് മനു പറയുന്നു.

ശസ്ത്രക്രിയയ്ക്ക് കടമ്പകള്‍ ഏറെയായിരുന്നു. കൈകള്‍ക്ക് ഒരേ വലുപ്പവും ഒരേ നിറവും വേണം രക്തഗ്രൂപ്പും ഒന്നാകണം. പക്ഷേ ആ കുടുംബത്തിന്റെ വാക്കുകള്‍ അതിനേക്കാള്‍ മേലെയായിരുന്നു.

ഞങ്ങളുടെ മകന്റെ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. എന്നാല്‍ രണ്ടു കൈകള്‍ നഷ്ടമായ ഒരാളുടെ കണ്ണീരൊപ്പാന്‍ എന്റെ മകനു മരണശേഷവും കഴിയുമെങ്കില്‍ എന്തിനു വേണ്ടെന്നു പറയണമെന്നായിരുന്നു ഉത്തമന്റെ ചോദ്യം.

വരാപ്പുഴയിലെ ഗ്ലാസ് ഹൗസിലെ ഡിസൈനര്‍ ആയിരുന്നു ബിനോയി. ബിനോയി വരച്ച നിരവധി ചിത്രങ്ങള്‍ കടയിലും വീട്ടിലുമായുണ്ട്. 17 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന അച്ഛനെ കുളിപ്പിക്കുന്നത് ഉള്‍പ്പെടെ ചെയ്തിരുന്നത് ബിനോയി ആണെന്ന് വീട്ടുകാര്‍ പറയുന്നു.

മരിച്ച് മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൈകള്‍ ബിനോയില്‍ നിന്ന് എടുത്തു. അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ: സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം 16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈപ്പത്തി തുന്നിച്ചേര്‍ത്തത്.

മനുവിനെ കെട്ടിപ്പിടിച്ചു ബേബി പറഞ്ഞു: "ഇതെന്റെ ബിനോയി"


ശസ്ത്രക്രിയ കഴിഞ്ഞ് ഒന്‍പത് മാസം കഴിഞ്ഞപ്പോഴാണ് ബിനോയിയുടെ കുടുംബം മനുവിനെ കാണുന്നത്. മനുവിനെ ആശുപത്രിയില്‍ എത്തിയാണ് ബേബിയും ബിജോയും കണ്ടത്. മനുവിന്റെ കൈയ്ക്കു നേരേയാണ് ബേബിയുടെ കണ്ണുകള്‍ ആദ്യം നീണ്ടത്. പിന്നെ ബേബി മനുവിനെ കെട്ടിപ്പിടിച്ചു എന്നിട്ട് ബിജോയിയോട് പറഞ്ഞു: "ഇത് നമ്മുടെ ബിനോയിയാണ്."

മനു മകന്‍ തന്നെയാണെന്ന് ഉത്തമനും പറയുന്നു. നാളെ മനുവിന്റെ വിവാഹമാണ്. അമൃത ആശുപത്രിയിലെ നഴ്‌സായ ശ്രീജയാണ് വധു. റാന്നി തോട്ടമണ്‍കാവ് ദേവിക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. എല്ലാ ദൈവം മംഗളമാക്കട്ടെ. സന്തോഷത്തോടെ ഉത്തമന്‍ പറയുന്നു.


ജീവിതത്തോടുള്ള അഭിനിവേശം തെല്ലും കുറഞ്ഞിട്ടില്ലെന്ന് ഉത്തമന്‍


അമ്പത്തേഴു വയസ്സു കഴിഞ്ഞു, ഉത്തമന്. മാല കൊരുത്തും മറ്റുള്ളവരോടും ഹൃദയം തുറന്നു ചിരിച്ചും ഉത്തമന്‍ ജീവിതം ആഘോഷമാക്കുന്നു. നൊമ്പരങ്ങളെ സന്തോഷമാക്കാന്‍ ദൈവം മനുഷ്യന് കഴിവു തന്നിട്ടുണ്ടെന്ന് ഉത്തമന്‍ പറയുന്നു.
17 വര്‍ഷം അതി കഠിനമായിരുന്നു. കുടുംബം എന്റെ കൂടെയുണ്ടായിരുന്നു. പ്രതിസന്ധികളിലും വിഷമങ്ങളിലും എന്റെ മനസ്സിനു ചെറിയ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുടുംബം എന്നെ പൊതിഞ്ഞു നിര്‍ത്തി. ഞാന്‍ അവര്‍ക്കു എല്ലാമാണെന്നു അവരുടെ പ്രവൃത്തികളിലൂടെ എനിക്കു കാണിച്ചു തന്നു. ഞാന്‍ സന്തോഷത്തോടെയായിരിക്കുന്നത് എന്റെ കുടുംബത്തിന് വലിയ ഊര്‍ജ്ജം നല്‍കുന്നുവെന്ന് എനിക്കറിയാം അതു കൊണ്ട് തന്നെ കടുത്ത പ്രതിസന്ധികളിലും വേദനകളിലും ഞങ്ങള്‍ നിലനില്‍ക്കുന്നു. സന്തോഷത്തോടെ കൂടെ മുന്നോട്ടു പോകുകയും ചെയ്യുന്നു.

ഉത്തമന്‍ പറഞ്ഞു നിര്‍ത്തി.

ചിത്രങ്ങള്‍: പ്രതീഷ് രമ മോഹന്‍