ഡല്‍ഹിയില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം കഴിഞ്ഞു

രണ്ടാമത് വിവാഹം കഴിച്ച ഇയാള്‍ ആദ്യ ഭാര്യയെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയത്

ഡല്‍ഹിയില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം കഴിഞ്ഞു

ഭാര്യയെ കൊലപ്പെടുത്തി യുവാവ് മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം കഴിഞ്ഞു. ഡല്‍ഹിയിലാണ് സംഭവം. പ്ലംബര്‍ ജോലി ചെയ്യുന്ന സുബോധ് കുമാറെന്ന 40കാരനാണ് ഭാര്യ മനിഷയെ കൊലപ്പെടുത്തി മൂന്ന് ദിവസം വീട്ടിലൊളിപ്പിച്ചത്. രണ്ടാമത് വിവാഹം കഴിച്ച ഇയാള്‍ ആദ്യ ഭാര്യയെ ഒഴിവാക്കാനാണ് കൊലപാതകം ചെയ്തത്. മൃതദേഹം ചീഞ്ഞഴുകി ദുര്‍ഗന്ധം പുറത്തേക്കു വന്നതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകം കണ്ടെത്തിയത്.


ഭാര്യയോടും 12ഉം 9ഉം വയസുള്ള പെണ്‍മക്കളോടുമൊപ്പം ചാന്ദര്‍ വിഹാറില്‍ താമസിക്കുകയായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മക്കളെ ബന്ധുക്കളുടെ അടുത്തേക്ക് അയച്ചശേഷമാണ് മനിഷയെ കൊലപ്പെടുത്തിയത്. ഭാര്യയുമായി സ്ഥിരമായി വഴക്കുകൂടിയിരുന്ന സുബോധ് അവരെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് അയല്‍വാസി ആര്‍തി പോലീസിനോട് പറഞ്ഞു.

രണ്ടുമാസം മുമ്പ് രണ്ടാമതും വിവാഹിതനായതോടെ ആദ്യ ഭാര്യയെ ഒഴിവാക്കാനാണ് മനിഷയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മറ്റാരുമറിയാതെ വിവാഹം കഴിച്ച മുനിയ എന്ന യുവതിയെ ഇയാള്‍ തന്റെ വീടിന് സമീപം മറ്റൊരു വീട് വാടകയ്‌ക്കെടുത്ത് താമസിപ്പിച്ചുവരികയായിരുന്നു.

എന്നാല്‍ ഈ വിവാഹത്തെക്കുറിച്ച് മനിഷയ്ക്ക് വിവരം ലഭിച്ചതോടെ ഇവര്‍ വിവാഹ മോചനം ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ കൊല്ലുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മനീഷയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതിനാലാണ് മക്കളെ റാഞ്ചിയിലുള്ള ബന്ധുക്കളുടെ വീട്ടിലേക്കയച്ചതെന്ന് സുബോധ് പറഞ്ഞു.

പ്ലംബിംഗിന് ഉപയോഗിക്കുന്ന പൈപ്പ് കൊണ്ട് തലക്കടിച്ചാണ് ഇയാള്‍ ഭാര്യയെ കൊന്നത്. തുടര്‍ന്ന് ഭക്ഷണം കഴിച്ച ഇയാള്‍ ഭാര്യയുടെ മൃതദേഹത്തിന് സമീപം കിടന്നുറങ്ങി. കൊലപാതകത്തില്‍ രണ്ടാം ഭാര്യ മുനിയയ്ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും.