മെഹെർഷല അലി: വംശീയതയും ഇരകളും ഓസ്കാറും

അടുത്തിടെ ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ എഫ്ബിഐ നിരീക്ഷണത്തിൽ ആയിരുന്നെന്ന കാര്യം അലി വെളിപ്പെടുത്തുന്നുണ്ട്. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷമായിരുന്നു അത്.

മെഹെർഷല അലി: വംശീയതയും ഇരകളും ഓസ്കാറും

ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ വച്ച് മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് അമേരിക്കയിലേയ്ക്ക് പ്രവേശനം വിലക്കിയ ട്രംപിന്റെ തീരുമാനത്തിനോടുള്ള പ്രതിഷേധം ഇരമ്പിയത് ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ കത്തിലൂടെയായിരുന്നു. എന്നാൽ അതേ ഓസ്കാർ ചടങ്ങിൽ മറ്റൊരാൾ ചരിത്രം സൃഷ്ടിക്കുന്നുണ്ടായിരുന്നു. മികച്ച സഹനടനുള്ള പുരസ്കാരം വാങ്ങിയ മെഹെർഷല അലി ആണത്. അഭിനയത്തിനുള്ള ഓസ്കാർ വാങ്ങുന്ന ആദ്യത്തെ മുസ്ലീം നടൻ ആണ് അലി. മൂൺലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അലി പുരസ്കാരം നേടിയത്.


1974 ൽ കാലിഫോർണിയയിൽ ജനിച്ച അലി വളർന്നത് കൃസ്ത്യൻ വിശ്വാസ രീതിയിലായിരുന്നു. പിന്നീട് ഇസ്ലാം മതത്തിലേയ്ക്ക് മാറിയ അലി അഹമ്മദിയ മുസ്ലീം സമൂഹത്തിൽ ചേർന്നു. നെറ്റ്ഫ്ലിക്സ് സീരീസ് ആയ ഹൗസ് ഓഫ് കാർഡ്സിലൂടെയാണ് അലി ശ്രദ്ധിക്കപ്പെടുന്നത്. ലൂക്ക് കേജ്, ദ ഹംഗർ ഗെയിംസ് എന്നീ സീരീസുകളിലും അദ്ദേഹം അഭിനയിച്ചു. അതിനുശേഷം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഡേവിഡ് ഫിഞ്ചറിന്റെ ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിൻ ബട്ടൻ പോലുള്ള ചിത്രങ്ങളിലും അഭിനയിച്ചു. ടെലിവിഷൻ സീരീസുകളിലും സിനിമകളിലുമായി അലി തന്റെ സാന്നിധ്യം എല്ലായിപ്പോഴും ഉറപ്പിച്ചു.

അടുത്തിടെ ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ എഫ്ബിഐ നിരീക്ഷണത്തിൽ ആയിരുന്നെന്ന കാര്യം അലി വെളിപ്പെടുത്തുന്നുണ്ട്. 2001 സെപ്തംബര്‍ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷമായിരുന്നു അത്.

ഒരു കറുത്ത വര്‍ഗക്കാരനായി ഏതാനും പതിറ്റാണ്ടുകൾ അമേരിക്കയിൽ ജീവിച്ച ശേഷം ഇസ്ലാം മതത്തിലേയ്ക്ക് മാറുമ്പോൾ, ഒരു മുസ്ലീം എന്ന നിലയിൽ അനുഭവിക്കുന്ന വിവേചനം വലിയ ആഘാതമൊന്നും ഉണ്ടാക്കില്ലെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

“എന്നെ പിടിച്ചുനിർത്തി തോക്ക് എവിടെയെന്ന് ചോദിച്ചിട്ടുണ്ട്, ഞാനൊരു ദല്ലാൾ ആണോയെന്ന് ചോദിച്ചിട്ടുണ്ട്, എന്റെ കാർ എടുത്തുകൊണ്ട് പോയിട്ടുണ്ട്. തങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ വിവേചനം ആണെന്ന് മുസ്ലീംങ്ങൾക്ക് തോന്നുമായിരിക്കും. പക്ഷേ, ഇതൊന്നും ഞങ്ങൾക്ക് പുതിയതല്ല,” അലി പറഞ്ഞു. ന്യൂ യോർക്കിലെ മോശം അനുഭവങ്ങൾ കാരണം അലിയുടെ ഭാര്യ ഹിജാബ് ഉപേക്ഷിച്ച കാര്യവും അലി ഓർത്തു.

ഒട്ടേറേ മുസ്ലീങ്ങൾ ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്. പാകിസ്താനിലെ ഡോക്യുമെന്ററി സംവിധായകൻ ആയ ഷർമീൻ ഒബൈദ്-ചിനോയ്, ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദി എന്നിവരെപ്പോലെ. പക്ഷേ, അഭിനയത്തിനുള്ള ഓസ്കാർ ആദ്യമായി വാങ്ങുന്ന മുസ്ലീം അലി തന്നെ.

അലിയുടെ ഈ വിജയം മുസ്ലീം എന്ന നിലയ്ക്ക് മാത്രമല്ല, വംശീയവിവേചനം അനുഭവിക്കുന്ന അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ എന്ന നിലയ്ക്കും പറയപ്പെടേണ്ടതാണ്. യാത്രാവിലക്കുകളും വെടിവച്ചു കൊല്ലലും നയമാക്കി എടുക്കുന്ന ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും.