അഡ്വക്കേറ്റ് ജയശങ്കറിന് ഭ്രാന്താണെന്ന് സംശയം; ഇനി മറുപടിയില്ലെന്ന് എം സ്വരാജ്

ഇടതുപക്ഷം അധികാരത്തില്‍ എത്തുമ്പോഴൊക്കെ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കുന്ന ആളാണ് ജയശങ്കറെന്നും സ്വരാജ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വരാജ് പറഞ്ഞു.

അഡ്വക്കേറ്റ് ജയശങ്കറിന് ഭ്രാന്താണെന്ന് സംശയം; ഇനി മറുപടിയില്ലെന്ന് എം സ്വരാജ്

തന്നെ വിമര്‍ശിച്ചാല്‍ അഡ്വക്കേറ്റ് ജയശങ്കറിന് ഇനി മറുപടിയില്ലെന്ന് എം സ്വരാജ് എംഎല്‍എ. ജയശങ്കറിന് ഭ്രാന്താണെന്നാണ് തന്റെ സംശയം. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്‍ക്കുന്ന ആളാണ് ജയശങ്കറെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എം സ്വരാജ് പറഞ്ഞു.

ലോ അക്കാദമി വിഷയത്തില്‍ ജയശങ്കറിന് നല്‍കിയത് അവസാനത്തെ മറുപടിയാണ്. ഇനി ജയശങ്കര്‍ എങ്ങനെയൊക്കെ അധിക്ഷേപിച്ചാലും പ്രതികരിക്കില്ലെന്നും സ്വരാജ് വ്യക്തമാക്കി. പൊതു സംവാദങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ മിതത്വം പാലിക്കാറുണ്ട്. എന്നാല്‍ ജയശങ്കര്‍ ഒരാനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും സ്വരാജ് പറഞ്ഞു.


ലോ അക്കാദമി വിഷയത്തില്‍ സ്വരാജിന്റെ നാവു തപ്പിയെടുക്കാന്‍ പാതാളഭരണിവരണ്ടിയുണ്ടോ എന്ന് ജയശങ്കര്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. പിന്‍വാതിലിലൂടെ ലോ അക്കാദമിയില്‍ പ്രവേശനം നേടിയ 'നല്ല' മാര്‍ക്കോടെ പാസായ ആളാണ് സ്വരാജെന്നും നേരിട്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ഫെയ്സ് ബുക്ക്പോസ്റ്റെങ്കിലും ഇടാമായിരുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു.

തൊട്ടുപിന്നാലെ ജയശങ്കറിന് മറുപടിയുമായി സ്വരാജ് രംഗത്തെത്തിയിരുന്നു. തന്റെ പ്രതികരണം വരാത്തതില്‍ മനോവേദന അനുഭവിക്കുന്ന ഒരു പരമമാന്യന്‍ പതിവ് കലാ പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ വന്ന സമയത്ത് ബാഷ്പീകരിക്കുമെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിയ ഈ മനുഷ്യ ദുരന്തം കുറച്ചു നാളായി മാളത്തിലായിരുന്നു. മുമ്പ് എം.ബി.രാജേഷ്, പി കെ.ബിജു , ഇന്നസെന്റ് തുടങ്ങിയവരൊക്കെ തിരഞ്ഞെടുപ്പില്‍ തോറ്റു തുന്നം പാടുമെന്ന് പ്രവചിച്ച മഹാമനീഷിയാണ് ഇദ്ദേഹമെന്നും സ്വരാജ് പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ വന്ന് കെ.കരുണാകരന് സ്തുതി പാടാനും തൃശൂരില്‍ ചെന്ന് നരേന്ദ്ര മോഡിക്ക് ജയ് വിളിക്കാനും ഒരു സങ്കോചവുമില്ലാത്ത ഈ അസാമാന്യ ചര്‍മക്കരുത്ത് പഠനവിഷയമാക്കേണ്ടതാണ്. ചികിത്സിക്കേണ്ടവരെ ചികിത്സിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തയ്യാറായില്ലെങ്കില്‍ ഇനിയും പലതും നമ്മള്‍ കാണേണ്ടി വരുമെന്നായിരുന്നു സ്വരാജിന്റെ മറുപടി.